എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ വിവാദം; രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി

എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ വിവാദം; രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി

Friday March 31, 2017,

1 min Read

എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ വിവാദത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി. ചോദ്യങ്ങള്‍ തയ്യാറാക്കിയ പാനല്‍ തലവനേയും, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനേയും പരീക്ഷാ ചുമതലകളില്‍ നിന്ന് നീക്കി. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബോര്‍ഡ് തലവന്‍ കെ ജി വാസു, ചോദ്യപേപ്പര്‍ തയ്യാറാക്കിയ സുജിത്ത് കുമാര്‍ എന്നിര്‍ക്കെതിരെയാണ് നടപടി. ക്വസ്റ്റന്‍ പരീക്ഷയും മൂല്യനിര്‍ണ്ണയുവുമായി ബന്ധപ്പെട്ട എല്ലാ ജോലികളില്‍ നിന്നും ഇവരെ നീക്കിക്കൊണ്ട് ഇന്നലെ പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിറക്കി.

image


മെറിറ്റ് എന്ന സ്ഥാപനം തയ്യാറാക്കിയ ചോദ്യപേപ്പറും പൊതുപരീക്ഷയിലെ ചോദ്യപേപ്പറും തമ്മിലുള്ള സാമ്യം ബോധ്യമായ സാഹചര്യത്തിലാണ് നടപടി. വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യതയുണ്ട്.

പരീക്ഷാനടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റസമ്മതം നടത്തി. ഇക്കാര്യത്തില്‍ ദുരഭിമാനത്തിന്റെ കാര്യമില്ലെന്നും തെറ്റുപറ്റിയാല്‍ തിരുത്തുക എന്നതാണ് ശരിയിലേക്കുള്ള വഴിയെന്നും കോടിയേരി പറഞ്ഞു.

ഇതിനിടെ മെറിറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമ താനാണെന്നറിയിച്ച് തിരൂര്‍ സി പി പി എം എച്ച് എസ് എസിലെ അധ്യാപകന്‍ കെ എസ് വിനോദിന്റെ അച്ഛന്‍ കെ ആര്‍ ശ്രീധരന്‍ രംഗത്തത്തി. എസ് എസ് എല്‍ സി പൊതുപരീക്ഷയില്‍ ചോദ്യം തയ്യാറാക്കിയ അധ്യാപകരെ പരിചയമില്ലെന്നും, വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളില്‍ നിന്നും, പത്രപംക്തികളില്‍ നിന്നുമാണ് മെറിറ്റ് ചോദ്യം തയ്യാറാക്കിയതെന്നും കെ ആര്‍ ശ്രീധരന്‍ പറയുന്നു.

ചോദ്യപേപ്പര്‍ പ്രശ്‌നത്തില്‍ കെ എസ് യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചും, എം എസ് എഫ് കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. രണ്ടിടത്തും പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ അഷ്‌റഫ് എന്ന കെ എസ് യു പ്രവര്‍ത്തകന് പരിക്കേറ്റു.