ദേശിങ്കനാടിന് റാണിയായി ഷൈനാമോള്‍

ദേശിങ്കനാടിന് റാണിയായി ഷൈനാമോള്‍

Monday February 29, 2016,

3 min Read


കൊല്ലമിന്ന് പഴയ കൊല്ലമല്ല, ചുരുങ്ങിയ കാലം കൊണ്ട് കൊല്ലത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുത്തത് ഒരു കൊച്ചുമിടുക്കിയാണ്. അത് മറ്റാരുമല്ല കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ ഐ എ എസ്. ജനകീയരായി മാറിയ യുവ ഐ എ എസുകാരില്‍ തിളങ്ങുന്ന വിജയമാണ് ഷൈനക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കാരുണ്യ സ്പര്‍ശം കൊണ്ടും ഏവരുടെയും കൈയടി നേടുകയാണ് ഇവര്‍.

സിയാച്ചിനില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സുധീഷിന്റെ കുഞ്ഞുമകളെ എടുത്തിരിക്കുന്ന കലക്ടറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. കരുണാര്‍ദ്ദമായ മനസോടു കൂടി കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരിക്കുന്ന ചിത്രം ആരെയും സ്പര്‍ശിക്കുന്നതാണ്. ഉദ്യോഗസ്ഥ ജാഡകളില്ലാതെ ഒരു അമ്മയുടെ മനസോടു കൂടിയാണ് ഷൈനമോള്‍ സുധീഷിന്റെ നാല് മാസം പ്രായമുള്ള മകള്‍ മീനാക്ഷിയെ എടുത്തിരിക്കുന്നത്. സാധാരണ കലക്ടര്‍മാരും രാഷ്ട്രീയക്കാരും ഇത്തരം വീടുകള്‍ സന്ദര്‍ശിക്കുമ്പോഴുള്ള ശരീരഭാഷയല്ല ഷൈനമോള്‍ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഈ ഫോട്ടോ വൈറലായതും.

ആതുര സേവന രംഗത്ത് സജീവമാണ് ഇവര്‍. സന്നദ്ധ സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്ത് രംഗത്തുവരാറുണ്ട്. 2007ലെ ഹിമാചല്‍ കേഡറിലെ ഉദ്യോഗസ്ഥയാണ് ഷൈനമോള്‍. മഹാരാഷ്ട്രയില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് അവര്‍ കേരളത്തിലേക്ക് എത്തിയത്.

image


എന്റെ കൊല്ലം പദ്ധതിയാണ് ഷൈനാമോളെ കൂടുതല്‍ ജനകീയയാക്കിയത്. റോഡ് സുരക്ഷിതമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സംയോജിത പദ്ധതിയാണ് നടപ്പാക്കുന്നത്. ജില്ലയില്‍ റോഡപകടങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഓരോ സ്ഥലത്തെയും അപകടങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കി ഉചിതമായ പരിഹാര നടപടി സ്വീകരിക്കുന്നതാണ് പദ്ധതി.

ഇതിനു പുറമെയാണ് ചെന്നൈയിലെ ദുരിതബാധിതര്‍ക്ക് സഹായമത്തെിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച സ്‌നേഹപൂര്‍വം കൊല്ലം പരിപാടി. പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ഈ പരിപാടിക്ക് ലഭിച്ചത്.

കൊല്ലത്തു ജില്ലാ ഭരണനേതൃത്വത്തില്‍ രണ്ടു വനിതകളായത് കൂട്ടായ്മയിലൂടെ വിജയം കൊയ്യാന്‍ കാരണമായി. അസി. കലക്ട ഡോ. എസ് ചിത്രയാണ് രണ്ടാമത്തെ വനിത. രണ്ടുപേരും തമ്മില്‍ ഒരു അയല്‍ബന്ധം കൂടിയുണ്ട്. കലക്ടര്‍ ആലുവ സ്വദേശി. അസി കലക്ടറുടെ സ്വദേശം ആലപ്പുഴയിലെ നങ്ങ്യാര്‍കുളങ്ങര. ഇരുവരും ചേരുമ്പോള്‍ ജില്ലക്ക് പുതിയൊരു 'ഡിസൈന്‍' തന്നെ നല്‍കാനായി.

image


ജില്ലയുടെ ഭരണനേതൃത്വം ഏറ്റെടുക്കുന്നതിനു മുന്‍പേ ഷൈനമോള്‍ക്കു ജില്ലയുമായി ബന്ധമുണ്ട്. ചന്ദനത്തോപ്പിലെ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപപ്പെടുത്തുന്നതില്‍ ഷൈനയുടെ കരങ്ങളുണ്ടായിരുന്നു. വ്യവസായ വകുപ്പില്‍ തൊഴില്‍ പരിശീലന വിഭാഗം ഡയറക്ടര്‍ ആയിരിക്കുമ്പോഴാണു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അധികൃതരെ കണ്ടു കേരളത്തില്‍ അത്തരമൊരെണ്ണം തുടങ്ങാന്‍ ശ്രമം നടത്തിയത്. അവിടെ ക്ലാസുകള്‍ തുടങ്ങിയപ്പോഴേക്കും ഒരു നിയോഗം പോലെ, അതിനു പിന്നിലെ കരങ്ങള്‍ കൊല്ലത്തിന്റെ നെറുകയിലെത്തി.

ബസും ഓട്ടോയുമൊക്കെ പിടിച്ച് അതിരാവിലെതന്നെ വില്ലേജ് ഓഫിസ് മുതല്‍ കലക്ടറേറ്റ് വരെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടവസാനം ഉദ്യോഗസ്ഥന്റെ മുന്നിലത്തെുമ്പോള്‍ 'പോയിട്ട് നാളെ വാ' ശരിയാക്കിത്തരാം എന്ന ആ പറച്ചിലുണ്ടല്ലോ അത് കൊല്ലം ജില്ലയില്‍ മാത്രമില്ല. ചുവപ്പുനാടയില്‍ കുരുങ്ങി ഇനി നിങ്ങളുടെ ഒരു സഹായവും പദ്ധതിയും പൊടി പിടിച്ചുകിടക്കില്ല. പാതി വഴിയില്‍ മുടങ്ങിയ പദ്ധതികളും, ഫയലില്‍ കുരുങ്ങിയതും, മെല്ലെപ്പോക്കുമെല്ലാം ഇനി കൊല്ലത്തിന് മുത്തശ്ശിക്കഥ മാത്രമാകും. ഒരൊപ്പ് കാത്ത് വര്‍ഷങ്ങളോളം ഫയലില്‍ കിടക്കുന്ന ജില്ലയിലെ പദ്ധതികളൊക്കെയും പൊടി തട്ടി പുറത്തുവരുകയാണ്. അതിനായി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'എന്റെ കൊല്ലം' പദ്ധതിക്ക് നേതൃത്വം നല്‍കുന്നതും കലക്ടറുടെ കൈകളാണ്.

image


ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആറ് താലൂക്കുകളിലും പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നതാണ് പ്രധാന പദ്ധതി. 'ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ' എന്ന തലക്കെട്ടിലാണ് പദ്ധതി നടപ്പാക്കുന്നത്. താലൂക്കുകള്‍ക്ക് കീഴിലെ വില്ലേജുകളിലെ റവന്യൂ, പഞ്ചായത്ത്, ഗ്രാമവികസനം തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്.

പരാതികളെല്ലാം ഇനി ഓണ്‍ലൈനായി കലക്ടര്‍ക്ക് സമര്‍പ്പിക്കാനും പുതിയ പദ്ധതിയായി. ജില്ലയിലെ മുഴുവന്‍ നദികളും തോടുകളും ശുചീകരിക്കാന്‍ പ്രത്യേക പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും ശുചീകരിച്ച് അവയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും പുതിയ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ ജില്ലയായി മാറ്റാനാണ് പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നത്.

ജില്ലയിലെ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അനധികൃത വില്‍പന വ്യാപകമാണ്. തമിഴ്‌നാട്ടില്‍നിന്ന് ജില്ലയിലേക്ക് ലഹരി കടത്തുന്ന സംഘങ്ങള്‍ ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ ഇവയെക്കുറിച്ച് ബോധവത്കരണം നടത്താന്‍ യുവാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക യുവജന സമിതികള്‍ രൂപവത്കരിക്കുന്നുണ്ട്.

ജില്ലയിലെ ആറ് താലൂക്കുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്‌കൂളുകളിലെ 120 പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും അവര്‍ സാമൂഹികവിരുദ്ധരില്‍നിന്ന് നേരിടുന്ന അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള കഴിവുണ്ടാക്കുകയാണ് ലക്ഷ്യം.

ചേരികളിലെയും ആദിവാസിമേഖലകളിലെയും ആണ്‍കുട്ടികളെ സ്‌പോര്‍ട്‌സ് രംഗത്തത്തെിക്കാന്‍ വേണ്ടി സായിയുമായി സഹകരിച്ച് ജില്ലയില്‍ കായികപരിശീലനം നടത്തുന്നു.

ഫേസ്ബുക്കിലൂടെ കലക്ടറുമായി പൊതുജനത്തിന് ഇടപെടാന്‍ ഫേസ്ബുക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നാട്ടില്‍വേണ്ട പദ്ധതികളെക്കുറിച്ചും, പരാതികളുമൊക്കെ ഇപ്പോള്‍ ഫേസ്ബുക് വഴിയാണ്. ജില്ലാ ഭരണകൂടത്തിന്റെ പദ്ധതികളുടെ വിവരങ്ങളും ഉശെേൃശര േഇീഹഹലരീേൃ ഗീഹഹമാ എന്ന ഫേസ്ബുക് പേജില്‍ ലഭ്യമാണ്.

ഒരു സിവില്‍ സര്‍വീസ് കുടുംബമാണു ഷൈനാമോളുടേത്. എറണാകുളം ആലങ്ങാട് പഞ്ചായത്തില്‍ കോട്ടപ്പുറം കുന്നുംപുറത്തു വീട്ടില്‍ ഓരോ വര്‍ഷത്തെ ഇടവേളയ്ക്കിടെ മൂന്നു തവണയാണു സിവില്‍ സര്‍വീസ് റാങ്ക് വലതുകാല്‍ വച്ചു കയറിയത്. ഇന്ത്യയുടെ മഹാനഗരമായ മുംബൈയുടെ കലക്ടര്‍ എ ഷൈല എന്ന മലയാളി മറ്റാരുമല്ല; ഷൈനാമോളുടെ സഹോദരിയാണ്. ക്രൈംബ്രാഞ്ച് എസ ്പി .എ അക്ബര്‍ സഹോദരനും. 2003ല്‍ ആയിരുന്നു ഷൈലയ്ക്കു ഐ എസ് എസ് ലഭിച്ചത്. 2005ല്‍ അക്ബറിന് ഐ പി എസ്. 2007ല്‍ ഷൈനാമോള്‍ക്ക് ഐ എ എസ്. റിട്ട. ഹൈസ്‌കൂള്‍ അധ്യാപകന്‍ എസ് അബുവിന്റെയും വീട്ടമ്മയായ പി കെ സുലേഖയുടെയും മൂന്നു മക്കളും അങ്ങനെ സിവില്‍ സര്‍വീസിന്റെ നെറുകയില്‍ തൊട്ടു. ഹൈക്കോടതി അഭിഭാഷകന്‍ ഷാനസ് മേത്തര്‍ ആണ് ഷൈനാമോളുടെ ഭര്‍ത്താവ്. 

    Share on
    close