എഡിറ്റീസ്
Malayalam

സീമകളില്ലാത്ത വനയാത്രകളുമായി സീമ സുരേഷ്

KARTHIKA G R
15th Apr 2016
Add to
Shares
1
Comments
Share This
Add to
Shares
1
Comments
Share

എലിയെക്കണ്ടാല്‍ നെട്ടോട്ടമോടുന്നവര്‍ക്കിടയില്‍ ഇതാ പുലിക്കുട്ടിയായി ഒരു വനിത. അതിരുകളില്ലാത്ത കാട്ടിനുള്ളില്‍ പ്രകൃതിയുടെ തുടിപ്പുകള്‍ തേടുന്ന സീമ ഇതിനകം കാട്ടിലുള്ള മിക്ക മൃഗങ്ങളുടെയും ചിത്രം പകര്‍ത്തി കഴിഞ്ഞു. മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ വികാരങ്ങള്‍ ഒപ്പിയെടുത്ത് പ്രകൃതിയിലൂടെ യാത്ര ചെയ്യുകയാണ് സീമ സുരേഷ് നീലാംബരി മോഹന്‍ എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍. സ്ത്രീകള്‍ എത്തിപ്പെടാത്ത മേഖലകള്‍ ഇല്ലെന്ന് പറയുമ്പോഴും കേരളത്തില്‍ നിന്ന് അധിക സ്ത്രീകള്‍ കടന്നു വരാത്ത വൈഡ് ലൈഫ് ഫോട്ടോഗ്രാഫിയാണ് സീമ സുരേഷ് തന്റെ മേഖലയായി തിരഞ്ഞെടുത്തത്. ഈ മേഖലയില്‍ ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും സീമയ്ക്ക്‌ കഴിഞ്ഞു.

image


തൃശൂരിലെ ചൂണ്ടലില്‍ മോഹന്റേയും സിന്ധുവിന്റേയും മൂത്തമകളാണ് സീമ. സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചതുകൊണ്ടാകാം പ്രകൃതിയോടുള്ള മനസു നിറഞ്ഞ സ്‌നേഹം. അച്ഛന്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയപ്പോള്‍ നല്‍കിയ സമ്മാനമായിരുന്നു ആദ്യത്തെ യാഷിക ഫിലിം ക്യാമറ. സ്‌കൂള്‍ കാലഘട്ടത്തില്‍ ലഭിച്ച ഈ സമ്മാനത്തില്‍ നിന്നാണ് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍ സീമ പഠിക്കുന്നത്. അന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും ചിത്രങ്ങളായിരുന്നു പകര്‍ത്തിയിരുന്നത്. ജേര്‍ണലിസ്റ്റ് ആവുക എന്നതായിരുന്നു സീമയുടെ ഏറ്റവും വലിയ സ്വപ്നം. ഗുരുവായൂര്‍ എന്‍ എസ് എസ് കോളേജില്‍ നിന്ന് ബിരുദവും ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസവും പൂര്‍ത്തിയാക്കിയ ശേഷം എ സി വി യില്‍ ജോലിക്കു പ്രവേശിച്ചു. അവിടെ വച്ചാണ് സുരേഷിനെ കാണുന്നതും പരിചയപ്പെടുന്നതും. സുരേഷുമായി പ്രണയത്തിലാവുകയും, പ്രണയം വളര്‍ന്ന് വിവാഹത്തിലെത്തുകയും ചെയ്തു. മുന്നോട്ടുള്ള യാത്രകളില്‍ സീമക്ക് ഏറ്റവും വലിയ പ്രചോദനവും താങ്ങും തണലുമായി സുരേഷ് ഒപ്പമുണ്ട്. 10 വര്‍ഷം ജേര്‍ണലിസം രംഗത്ത് നിറസാന്നിദ്ധ്യമാകാന്‍ സീമയ്ക്ക് കഴിഞ്ഞു. എന്നാല്‍ പിന്നീട് ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും അതൊരു പാഷനായി മാറുകയും ചെയ്തു. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് മനസ്സിലാക്കുകയും ചെയ്തു. വിദേശത്ത് ജോലി കിട്ടിയപ്പോള്‍ സുരേഷ് ആദ്യ സമ്മാനമായി സീമക്ക് നല്‍കിയത് നിക്കോണ്‍ ഡി വണ്‍ 300 എന്ന ക്യാമറയായിരുന്നു. ആ ക്യാമറയായിരുന്നു സീമ സുരേഷിന്റെ ജീവിതത്തില്‍ ഫോട്ടോഗ്രാഫി രംഗത്തുള്ള പ്രചോദനമായത്. എന്നാല്‍ ആ സമ്മാനം നല്‍കുമ്പോള്‍ സുരേഷ് ഒരിക്കലും കരുതിയില്ല തന്റെ ഭാര്യ ലോകമറിയുന്ന വൈഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആകുമെന്ന്. കഴിഞ്ഞ 5 വര്‍ഷകാലമായി വൈള്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ നിറസാന്നിദ്ധ്യമാണ് സീമ സുരേഷ്. പ്രകൃതിയോടുള്ള അളവറ്റ സ്‌നേഹമാകാം ഒരു പക്ഷേ സീമയെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത്. ഭര്‍ത്താവ് സമ്മാനിച്ച നിക്കോണ്‍ ഡി വണ്‍ 300 ല്‍ തുടങ്ങി ഇപ്പോള്‍ കെനോണ്‍ 5 ഡി മാര്‍ക്ക് 3 യില്‍ എത്തി നില്‍ക്കുന്നു. വീട്ടില്‍ ഉള്ളതിനെക്കാള്‍ സമയം സീമ കാട്ടിലായിരിക്കും. സുഹൃത്തുക്കളും ഭര്‍ത്താവും തനിക്കു കിട്ടിയ ഭാഗ്യമായി അവര്‍ കരുതുന്നു.

image


തന്റെ ആദ്യ കാനന യാത്ര ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളിലൊന്നായിരുന്നു. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ എന്‍.എ.നസീറിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ചിമ്മിനി ഡാമിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. പച്ച നിറത്തിലുള്ള ഒരു അണലി പാമ്പിനെ ആയിരുന്നു സീമ ആദ്യം ക്യാമറയിലാക്കിയത്. ചാറ്റല്‍ മഴ ഉണ്ടായിരുന്നെങ്കില്‍ കൂടി കാടിന്റെ ഭംഗി നന്നായി ആസ്വദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വലിയ മൃഗങ്ങളെയൊന്നും തന്റെ ക്യാമറയ്ക്കുള്ളില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാന്‍ കഴിഞ്ഞു. ആന കമ്പം നന്നേ ചെറുപ്പത്തില്‍ തന്നെ സീമയ്ക്ക് ഉണ്ടായിരുന്നു. വന്യജീവികളെ കൂടുതല്‍ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും ഇതു തന്നെയായിരുന്നു. ഉത്സവ പറമ്പുകളില്‍ ആനയെ കാണാനും തൊടാനും മാത്രമായി പോയിട്ടുള്ള ദിവസങ്ങള്‍ ഉണ്ട്. എന്നാല്‍ ഇന്ന് പൂരപറമ്പുകളില്‍ ആനയെ കാണുമ്പോള്‍ സങ്കടവും സഹതാപവും ആണ് തോന്നുന്നത്. കാട്ടില്‍ തലയെടുപ്പോടെ സൈ്വര്യവിഹാരം നടത്തേണ്ട ജീവിയെ നാട്ടില്‍കൊണ്ട് വന്ന് മെരുക്കി മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത വിഷമം ആണ് തോന്നുന്നത്. ചൂട് ഒട്ടും സഹിക്കാന്‍ കഴിയാത്ത ജീവിയാണ് ആന. കഴിഞ്ഞ 5 വര്‍ഷങ്ങളായി സീമ പൂരപ്പറമ്പില്‍ പോയിട്ടുണ്ട്. ഉത്സവ പറമ്പുകളില്‍ ശരിക്കും ആനയെ പീഡിപ്പിക്കലാണ് നടക്കുന്നതെന്ന് അവര്‍ ഓര്‍ക്കുന്നു.

image


കാട്ടിലേക്കുള്ള യാത്ര തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് സീമ പറയുന്നു. പൊതുവേ യാത്ര ഇഷ്ടപ്പെട്ടിരുന്ന സ്ത്രീ കൂടിയാണ്. സീമ. പ്രകൃതിയുടെ കാഴ്ചകള്‍ ഒപ്പിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന സംതൃപ്തി വളരെ വലുതാണ്. ചില സമയങ്ങളില്‍ ക്യാമറയില്‍ പകര്‍ത്താതെ മൃഗങ്ങളെ കണ്ട് ആസ്വദിച്ച് നിന്ന മുഹൂര്‍ത്തങ്ങളുണ്ട്.

image


പുസ്തകങ്ങള്‍ ഏറെ ഇഷ്ടമാണ് ഈ കലാകാരിക്ക്. മാധവികുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന നോവല്‍ മനസ്സിനെ ഏറെ ആകര്‍ഷിച്ചു. അതുകൊണ്ട് തന്നെ തന്റെ പേരില്‍ അത് കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സീമ സുരേഷ് നീലാംബരി മോഹന്‍ എന്ന പേര് വന്നു ചേര്‍ന്നത്. ഒരു ഫോട്ടോഗ്രാഫര്‍ മാത്രമല്ല സീമ നല്ലൊരു വായനക്കാരികൂടിയാണ്. സ്വന്തമായി ഒരു പുസ്തകം എഴുതുക എന്നതാണ് സീമയുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത്.

image


ഇത്രയും നാളത്തെ യാത്രയിലെ കാടിനുള്ളിലെ പ്രകൃതിരമണീയവും പുതുമയുള്ളതുമായ പല ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വന്യമൃഗങ്ങളോടൊക്കെ സംവദിച്ച് കാടിനുള്ളില്‍ ഒരു ചിത്രശലഭത്തെ പോലെ പാറി നടക്കുകയാണ് സീമ.

image


ഇന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും വലിയ വേദിയാണ് സോഷ്യല്‍ മീഡിയയെന്ന് സീമ കരുതുന്നു. സീമ കടന്നു വരുന്ന സാഹചര്യത്തില്‍ ഫേയ്‌സ് ബുക്കിന്റെ ആധിപത്യം ഇത്രത്തോളം ശക്തമായിരുന്നില്ല., എന്നാല്‍ ഇന്ന് ഇതിനെക്കാള്‍ വലിയൊരു മാധ്യമമില്ല. ഫോട്ടോഗ്രാഫി മേഖലയില്‍ എന്നും അപ്‌ഡേറ്റായിരിക്കണം എന്ന വിവരം മനസ്സിലാക്കിയത് ഭര്‍ത്താവില്‍ നിന്നുമാണ്. അഭിപ്രായങ്ങള്‍ തുറന്നു പറയുവാനുള്ള ഒരു വേദി കൂടിയാണ് സോഷ്യമീഡിയ. തന്നെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും ഈ മാധ്യമത്തിലൂടെ അവര്‍ക്ക് കഴിയുന്നു.

image


തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഒരു വ്യക്തിത്വമാണ് സീമ. ഒരു മൃഗസ്‌നേഹി എന്ന നിലയില്‍ എന്നും അവയുടെ സംരക്ഷണത്തിനു വേണ്ടി അവര്‍ ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. പരിസ്ഥിതിയെ വികസനത്തിന്റെ പേരില്‍ ചൂഷണം ചെയ്യുന്നതിനെതിരെ തന്റെ നിലപാടുകള്‍ ഉറച്ചു പറയാന്‍ സീമ ഒരിക്കലും മടി കാട്ടിയിട്ടില്ല.

image


എക്കാലവും ഓര്‍ക്കുന്ന ഒരു യാത്രയായിരുന്നു അതിരപ്പള്ളി വെള്ളച്ചാട്ടത്തിലുള്ളത്. ഒരു ചൂടുകാലത്ത് രണ്ട് അസിസ്റ്റന്റിനൊപ്പവും ഗൈഡിനൊപ്പവുമാണ് യാത്ര തിരിച്ചത്. പാറക്കെട്ടുകളിലൂടെ യാത്ര വളരെ രസകരമായിരുന്നു ഒപ്പം സാഹസികവുമായിരുന്നു. എക്കാലവും മനസ്സില്‍ ഓര്‍മിക്കുന്നതാണ് കാട്ടിലൂടെയുള്ള യാത്ര. കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ചില അച്ചടക്കങ്ങള്‍ പാലിച്ചാല്‍ പല ആപത്തുകളും ഒഴിവാക്കാന്‍ കഴിയുമെന്ന് സീമ പറയുന്നു.ബഹളം വച്ച് മൃഗങ്ങളെ പേടിപ്പാക്കിതിരിക്കുക മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാട്ടിലവേക്ക് വലിച്ചെറിയാതിരിക്കുക എന്ന സാമാന്യം മര്യാദകള്‍ കാട്ടിലേക്ക് പോകുമ്പോള്‍ പാലിക്കേണ്ടവയാണ്. അവയൊക്കെ പാലിക്കുന്നതുകൊണ്ടാകാം ഇന്നു വരെ സീമയ്ക്ക് ഒരു ദുരനുഭവവും ഉണ്ടാകാത്തത്.

image


കൂട്ടായ്മകള്‍ എന്നും വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ആ കൂട്ടായ്മയുടെ ഭാഗമായി യുവതലമുറയ്ക്ക് പ്രചോദനം എന്ന നിലയില്‍ തൃശൂരില്‍ ആരംഭിച്ച ഫോട്ടോമ്യൂസ് എന്ന സംരംഭത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സജീവമാണ് സീമ. ഫോട്ടോഗ്രാഫി ഒരു പാഷനായി എടുത്തിരിക്കുന്നവര്‍ക്ക് ഏറെ ഗുണപ്രദമായ ഈ സ്ഥാപനം വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട ക്ലാസ്സുകളും വര്‍ക്ക് ഷോപ്പുകളും നടത്തിപ്പോരുന്നു. ഫോട്ടോഗ്രാഫിയില്‍ എന്നു അപ്‌ഡേറ്റായിരിക്കാന്‍ ഇത് സഹായിക്കുന്നു. ഇതില്‍ താല്‍പര്യമുള്ളവര്‍ക്ക് അംഗം ആകാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

image


സീമ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ കാടുകള്‍ തോറുമുള്ള യാത്രകള്‍ എന്നും അവരെ സന്തോഷിപ്പിച്ചിട്ടേയുള്ളൂ. ഇന്ത്യയിലുള്ള ഒട്ടുമിക്ക കാടുകളും സീമ സന്ദര്‍ശിച്ചു കഴിഞ്ഞു. അടുത്ത യാത്ര വിഷുദിനത്തില്‍ സുഹൃത്തുകളോപ്പം തടോവ നാഷണല്‍ പാര്‍ക്കിലേക്കാണ്. അപൂര്‍വവും വ്യത്യസ്തവുമായ ചിത്രങ്ങള്‍ എടുക്കണമെന്നാണ് സീമയുടെ ആഗ്രഹം. വന്യമൃഗങ്ങളുടെ വികാരങ്ങള്‍ ഒപ്പിയെടുത്ത് പോസ്റ്റ് ഇടുമ്പോള്‍ അത് എന്നും കാണികളെ വിസ്മയിച്ചിട്ടേയുള്ളൂ.

image


താല്പര്യങ്ങളെ അടക്കിവച്ച് ഒതുങ്ങി കൂടുന്ന സ്ത്രകള്‍ക്കൊക്കെ വലിയ പ്രതീക്ഷ നല്‍കുന്നതാണ് സീമയുടെ ജീവിതം. തന്റെ ഏറ്റവും പ്രിയപ്പെട്ട പ്രവര്‍ത്തനമേഖലതന്നെ അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിഞ്ഞു. ഒരു ലക്ഷ്യവും അതിനോടൊരു താല്‍പര്യവും ഉണ്ടെങ്കില്‍ ഏത് തരണം ചെയ്യാന്‍ കഴിയുമെന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഇവര്‍. പൊതുവേ സ്ത്രീകള്‍ പിന്നോക്കം നില്‍ക്കുന്ന ഈ മേഖലയില്‍ ഒരു വന്‍ വിജയമാണ് സീമ. തെഹല്‍ക്കയുടെ അന്വഷണത്തില്‍ കേരളത്തിലെ ആദ്യ വനിത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സീമയാണെന്നാണ് കണ്ടെത്തല്‍. സീമയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് കുറേ നാളുകള്‍ക്ക് ശേഷം ഭര്‍ത്താവ് സുരേഷിനോടൊപ്പം കാനന ഭംഗി ആസ്വദിച്ചു നിരന്തരമായ ഒരു യാത്ര എന്നതാണ്.

image


ഒരു സ്ത്രീക്ക് കാടും നാടും ഒരുപോലെയാണെന്ന് തെളിയിച്ചിരിക്കുകയാണ് സീമ സുരേഷ് എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എലിയെയും പൂച്ചയേയും കണ്ട് പേടിച്ചുപോകുന്നവര്‍ ഓര്‍ക്കുക പുലിയുടെയും സിംഹത്തിന്റെയും ഇടയില്‍ ഫോട്ടോ എടുത്ത് ചരിത്രം സൃഷ്ടിച്ച ഒരു സ്ത്രീ നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്ന്. നമ്മുടെ ലക്ഷ്യങ്ങള്‍ ഇഷ്ടത്തോടെ നേടിയെടുക്കാന്‍ സാധിച്ചാല്‍ ഏത് മേഖലയും കൈ എത്തി പിടിക്കാമെന്ന് സീമ സുരേഷ് തെളിയിച്ചിരിക്കുന്നു.


Add to
Shares
1
Comments
Share This
Add to
Shares
1
Comments
Share
Report an issue
Authors

Related Tags