എഡിറ്റീസ്
Malayalam

ലൈഫ് മിഷനിലൂടെ മാര്‍ച്ചിനകം 70,000 വീടുകള്‍

19th Aug 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

വിവിധപദ്ധതികളില്‍ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത 70,000 ഓളം വീടുകള്‍ അടുത്ത മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര്‍ഹരായവര്‍ പട്ടികയ്ക്ക് പുറത്തുപോകാതിരിക്കാനും അനര്‍ഹര്‍ കടന്നുകൂടാതിരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഭവന നിര്‍മാണ മിഷനായ 'ലൈഫി'ന്റെ തുടര്‍പ്രവര്‍ത്തനവും ഗുണഭോക്തൃപട്ടിക അന്തിമമാക്കുന്നതും സംബന്ധിച്ച് തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. 

image


നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത വീടുകളുടെ കാര്യത്തില്‍ ഇനി സ്ഥലമോ, ഗുണഭോക്താവിനെയോ കണ്ടെത്തേണ്ട ആവശ്യമില്ല. പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായം ഉണ്ടായാല്‍ മതി. 2016 മാര്‍ച്ച് 31 ന് മുമ്പ് വിവിധ ഭവനപദ്ധതികളില്‍ സഹായം ലഭിച്ച് വീടുപണി നിലച്ചുപോയവര്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കി 2018 മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തിയാക്കാനാവും. അതിന് പൊതുവായ മാനദണ്ഡം വെച്ച് നീങ്ങാനാകണം. ഇപ്പോഴത്തെ നിലവെച്ച് അത്യാവശ്യ സൗകര്യങ്ങളായ അടുക്കള, കിടപ്പുമുറി, പൊതുഹാള്‍, ശുചിമുറി എന്നിവയുള്‍പ്പെടുത്തി 400 ചതുരശ്രഅടി എന്നനിലയില്‍ പൂര്‍ത്തിയാക്കാനാവണം. ഇപ്പോഴത്തെ യൂനിറ്റ് കോസ്റ്റ്, ഏതു പദ്ധതിയില്‍ തുടങ്ങിയതാണെങ്കിലും ഇന്നത്തെ നിലയിലുള്ള നിര്‍മാണചെലവ് പ്രകാരം കണക്കാക്കും. നാലുലക്ഷം രൂപയാണ് ഇപ്പോള്‍ കണക്കാക്കുന്നത്. മൊത്തം ചെലവായി നാലുലക്ഷം രൂപ കണക്കാക്കുകയും പൂര്‍ത്തിയാക്കിയതിന്റെ ബാക്കിയുള്ള ഭാഗത്തിനുള്ള തുകയാണ് അവര്‍ക്ക് അര്‍ഹതയുള്ളത്. ബാക്കി പണം നല്‍കുന്നതിന് പുതിയ നിരക്കിലാണ് കണക്കാക്കേണ്ടത്. അങ്ങനെ പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ നിലവില്‍ ചെയ്തുവച്ച നിര്‍മാണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ക്ക് സാങ്കേതികവൈദഗ്ധ്യമുള്ളവരുടെ സഹായത്തോടെ നേടാനാകും. ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചാല്‍ നിര്‍മാണകാര്യത്തില്‍ നല്ല പുരോഗതി ഈ സാമ്പത്തിക വര്‍ഷം തന്നെ നേടാനാകും. വിവിധ വകുപ്പുകള്‍ വീടുനിര്‍മാണത്തിന് ചെലവാക്കുന്ന തുക ഒന്നായി സമാഹരിച്ച് നിര്‍മിച്ചുനല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനാല്‍, തദ്ദേശസ്ഥാപനങ്ങള്‍ക്കും അതിന്‍േറതായ പങ്ക് വഹിക്കാനുണ്ട്. തദ്ദേശസഥാപനങ്ങളുടെ കൂടി പങ്ക് ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകളില്‍ അനര്‍ഹര്‍ കടന്നുകൂടാതിരിക്കാനുള്ള പ്രത്യേക ജാഗ്രത എല്ലാവരിലുമുണ്ടാകണം. പാവപ്പെട്ട അര്‍ഹരെ വിട്ടുപോയാല്‍ അതത് പ്രദേശത്തെ തദ്ദേശസ്ഥാപനപ്രതിനിധികള്‍ അപ്പീല്‍ കൊടുക്കുന്നതിലുള്‍പ്പെടെ അവരെ സഹായിക്കണം. കുറ്റമറ്റരീതിയിലുള്ള പട്ടികയാകണം തയാറാക്കേണ്ടത്. ഗുണഭോക്തൃപട്ടിക അന്തിമഘട്ടമാകുന്നതോടെ ഉള്‍പ്പെട്ട എല്ലാവര്‍ക്കുണ്‍ വീട് ലഭിക്കുന്ന സാഹചര്യമുണ്ട്. ഏറ്റവും കൂടുതല്‍ ക്ലേശം അനുഭവിക്കുന്നവര്‍ക്കാണ് ആദ്യ പരിഗണന. കെട്ടിടസമുച്ചയമാണ് നിര്‍മിക്കുന്നതെങ്കില്‍ നിശ്ചിത സ്ഥലത്തുതന്നെ ഒരു കുടുംബത്തിന് 400 ചതുരശ്രഅടി സ്ഥലത്ത് താമസസൗകര്യമൊരുക്കാന്‍ ആവശ്യമായ തുക നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സമിതിയുണ്ട്. ഇതിനുപുറമേ, സിമന്റും അത്യാവശ്യ സാമഗ്രികളും വിലകുറച്ച് ലഭ്യമാക്കാനുള്ള ഇടപെടലിലും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പരമ്പരാഗത വീട് നിര്‍മാണശൈലിക്ക് പുറമേ, ആധുനികമായ പ്രീ-ഫാബ്രിക്കേഷന്‍ നിര്‍മാണ സാധ്യതയും പരിശോധിക്കും. വീടും ഭൂമിയും ഇല്ലാത്തവരുടെ കാര്യത്തില്‍ ക്ലേശഘടകങ്ങള്‍ കണക്കാക്കിയാക്കും അര്‍ഹത നിശ്ചയിക്കുക. അത്തരക്കാര്‍ക്ക് അന്തസുറ്റജീവിതം നല്‍കാന്‍ നടപടിയുണ്ടാകും. സുരക്ഷിതമായ വാസസ്ഥലത്തിനൊപ്പം അവര്‍ക്ക് ഉപജീവനത്തിന് ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കേണ്ടതുണ്ട്. തൊഴില്‍ നൈപുണ്യ വികസന സൗകര്യവും, പാവപ്പെട്ട കുട്ടികള്‍ക്ക് പഠന നിലവാരം ഉയര്‍ത്താനുള്ള താങ്ങും നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. കുട്ടികള്‍ക്ക് അങ്കണവാടി, പൊതു ആരോഗ്യ, പാലിയേറ്റീവ് സൗകര്യങ്ങള്‍, വൃദ്ധര്‍ക്കുള്ള സൗകര്യങ്ങള്‍, യോഗങ്ങള്‍ക്ക് ഹാള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കണം ഇത്തരം കെട്ടിട സമുച്ചയങ്ങള്‍. ഒരുമിച്ച് താമസിക്കുമ്പോഴുള്ള ബ്ുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നല്ല സാമൂഹ്യാന്തരീക്ഷം ഒരുക്കാനും ശ്രദ്ധിക്കണം. പലയിടങ്ങളിലും സമുച്ചയങ്ങള്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്താനുമുണ്ട്. കുറഞ്ഞ സ്ഥലത്ത് സൗകര്യങ്ങളുള്ള കൂടുതല്‍ വീടുകളാണ് ഉദ്ദേശിക്കുന്നത്. നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി ലഭ്യമായിട്ടുള്ളത് ഉപയോഗപ്പെടുത്താം. ആവശ്യമെങ്കില്‍ ഭൂമി വാങ്ങേണ്ടതായും വരും. സര്‍ക്കാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിനൊപ്പം സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണവും തേടാവുന്നതാണ്. സാമൂഹികപ്രതിബദ്ധതയുള്ള പദ്ധതിയുടെ നിര്‍മാണത്തിന് തൊഴിലാളികള്‍ക്കും നല്ല പങ്ക് വഹിക്കാനാവും. ഇക്കാര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ വ്യക്തിപരമായ ശ്രദ്ധയും നേതൃത്വവും ഇച്ഛാശക്തിയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ലൈഫ് മിഷന്‍ വഴി ഭവനനിര്‍മാണത്തിനുള്ള പണം സര്‍ക്കാര്‍ വഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. തുക വര്‍ഷംതോറും ഓരോ തദ്ദേശസ്ഥാപനവും അവരുടെ പദ്ധതി വിഹിതത്തിന്റെ 25 ശതമാനത്തില്‍ കവിയാത്ത സഖ്യയായി തിരിച്ചടയ്ക്കാനും സൗകര്യമൊരുക്കും. സര്‍ക്കാര്‍ വഴി നല്‍കുന്ന പണത്തിന്റെ പലിശ സര്‍ക്കാരാകും അടയ്ക്കുക. 14 ജില്ലകളിലും 14 സ്ഥലങ്ങള്‍ ഭവനസമുച്ചയങ്ങള്‍ക്കായി കണ്ടെത്തിയിട്ടുണ്ട്. അതിനാവശ്യമായ പണം സര്‍ക്കാര്‍ നേരിട്ട് കണ്ടെത്തും. കരട് പട്ടികയില്‍ അപാകതകളുണ്ടെങ്കില്‍ അപ്പീലിന് അവസരങ്ങളുണ്ട്. പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും അപ്പീല്‍ നല്‍കാം. അതിനാല്‍ അര്‍ഹരാരും മാറ്റിനിര്‍ത്തപ്പെടില്ല. ആത്യന്തികമായി ഗ്രാമസഭകളുടെ ലിസ്റ്റ് തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിക്കുന്നതോടെയാണ് അന്തിമ പട്ടികയാകുന്നത്. അതിനാല്‍ അക്കാര്യത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കോ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കോ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് വി.കെ. മധു, കേരള പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ. തുളസി ടീച്ചര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേമ്പര്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, മേയേഴ്‌സ് ചേമ്പര്‍ ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ്, 'കില' ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, ആസൂത്രണ ബോര്‍ഡ് അംഗം കെ.എന്‍. ഹരിലാല്‍ എന്നിവര്‍ സംബന്ധിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ സ്വാഗതവും ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അദീല അബ്ദുള്ള നന്ദിയും പറഞ്ഞു. തുടര്‍ന്ന്, 'ഗുണഭോക്തൃ പട്ടിക അന്തിമമാക്കല്‍', ലൈഫ് മിഷന്‍ നിര്‍വഹണ രീതികള്‍ എന്നീ വിഷയങ്ങള്‍ സെഷനുകളും സംശയനിവാരണവും നടന്നു. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

    Latest Stories

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക