ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് നിയമന ഉത്തരവ് കൈമാറി

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് നിയമന ഉത്തരവ് കൈമാറി

Sunday July 30, 2017,

2 min Read

 നാടിന് കായികനേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ക്കൊപ്പം നാടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് എല്ലാതലത്തിലുള്ള പ്രോത്‌സാഹനങ്ങളും നല്‍കും. ഒരു ദുഷ്പ്രവണതകളും കായികരംഗത്ത് ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. 35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്‌വേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന്റെ ഉത്തരവ് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

image


കായികരംഗത്ത് പ്രാഗത്ഭ്യമുള്ളവര്‍ തങ്ങള്‍ക്ക് പിന്നാലേ വരുന്ന ഇളംകുരുന്നുകളെ വിവേചനമില്ലാതെ ഒരേ കണ്ണോടെ കാണണം. വ്യക്തിതാത്പര്യങ്ങള്‍ ഈ രംഗത്ത് കടന്നുവന്നാല്‍ കുട്ടികളുടെ അപാരമായ സാധ്യതകള്‍ക്ക് തിരിച്ചടിയുണ്ടാകും. കുട്ടികളുടെ പ്രത്യാശകള്‍ പോലും ഇത്തരം താത്പര്യങ്ങളുണ്ടായാല്‍ തകരും. അത്തരം പ്രവണതകള്‍ കായികരംഗത്തിന്റെ ഭാവിയെ അന്ധകാരത്തിലാക്കും. നാമുണ്ടാക്കിയ നേട്ടങ്ങളെ തകര്‍ക്കാന്‍ ഇതിടയാക്കും.

നിലവില്‍ നിയമന ഉത്തരവ് നല്‍കിയവര്‍ക്കു പുറമേ, ടീം ഇനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ കണ്ടെത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ത്യാഗപൂര്‍ണമായ സമര്‍പ്പണമാണ് കായികമേഖലയില്‍ വേണ്ടത്. ഈ നേട്ടങ്ങള്‍ നാട് അംഗീകരിക്കുന്നതിന്റെ ഭാഗമാണ് ജോലി നല്‍കുന്നത്.

അഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന കായികതാരങ്ങളുടെ സര്‍ക്കാര്‍ നിയമനം പുനരാരംഭിച്ചിട്ടുണ്ട്. പി.എസ്.സി വഴിയുള്ള നിയമനങ്ങളില്‍ ഒരു ശതമാനം തസ്തിക കായികതാരങ്ങള്‍ക്ക് സംവരണം ചെയ്തതടക്കമുള്ള മാതൃകാപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്‌സ് ലക്ഷ്യമാക്കിയുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ പുത്തന്‍ കായികസംസ്‌കാരം ഉയര്‍ന്നുവരണം. വിദ്യാലയങ്ങള്‍ക്കൊപ്പമുള്ള കളിക്കളങ്ങള്‍ വലിയതോതില്‍ കായികതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഉതകണം.

കായികക്ഷമതാ മിഷന്‍ ആരംഭിക്കാനും സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ നവീകരണത്തിനും പദ്ധതികളുണ്ട്. പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തല്‍, കായികതാരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയ്ക്കുള്ള നടപടികള്‍ സ്വീകരിച്ച് മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ കായികരംഗത്തിന് പുത്തന്‍ മാനം നല്‍കിയവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജോലിയില്‍ ഇവര്‍ക്ക് നിയമനം നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായകായികയുവജനകാര്യമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. 2010 മുതല്‍ 2014 വരെയുള്ള സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് പ്രത്യേക സെല്‍ രൂപീകരിച്ച് 250 പേര്‍ക്ക് ജോലി നല്‍കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ജോലി ലഭ്യമായാലും പരിശീലനം തുടരാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേക പരിപാടികള്‍ തയാറാക്കുന്നുണ്ട്. ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമാക്കിയുള്ള 'ഓപറേഷന്‍ ഒളിമ്പിയ' എന്ന ദീര്‍ഘകാല പരിശീലന പദ്ധതിയും ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസില്‍ വ്യക്തിഗത മെഡല്‍ ജേതാക്കളും, ടീം ഇനത്തില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളും ഉള്‍പ്പെടെ 68 കായികതാരങ്ങള്‍ക്കാണ് 28 വകുപ്പുകളിലായി നിയമന ഉത്തരവ് നല്‍കിയത്. അക്വാട്ടിക് ഇനങ്ങളില്‍ 11, ഫെന്‍സിംഗ് ഒന്‍പത്, സൈക്ലിംഗ് ആറ്, അത്‌ലറ്റിക്‌സ് ആറ്, ജൂഡോ നാല്, ബോക്‌സിംഗ് രണ്ട്, കനോയിംഗ് നാല്, വോളിബോള്‍ മൂന്ന്, കയാക്കിംഗ് അഞ്ച്, റോവിംഗ് ആറ്, തായ്‌ക്കൊണ്ടോ ഏഴ്, വെയ്റ്റ് ലിഫ്റ്റിംഗ്, റെസ്‌ലിംഗ്, വുഷു, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍ ഇനങ്ങളില്‍ ഒന്നുവീതവും കായികതാരങ്ങള്‍ക്കാണ് നിയമനം നല്‍കിയത്.

ചടങ്ങില്‍ കായികയുവജനകാര്യവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കായികയുവജനകാര്യവകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ നന്ദി പറഞ്ഞു.