എഡിറ്റീസ്
Malayalam

കാസ്‌ട്രോയെ അനുസ്മരിച്ച് സര്‍ക്കാരും കേരളവും

TEAM YS MALAYALAM
30th Nov 2016
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

ഫിദല്‍ കാസ്‌ട്രോ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത് പുതിയ വികസന മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും വിധേയമാകാതെ എങ്ങനെ ആത്മാഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാസ്‌ട്രോയും ക്യൂബയും ലോകത്തിന് നല്‍കിയത്. സെനറ്റ് ഹാളില്‍ നടന്ന ഫിദല്‍ കാസ്‌ട്രോ അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

image


കീഴടങ്ങാതെ എങ്ങനെ പൊരുതി അതിജീവിക്കാം എന്നു കാസ്‌ട്രോ കാട്ടിത്തന്നു. സാമ്രാജ്യത്തെ വിറപ്പിക്കാന്‍പോന്ന ഒരു ആയുധവും കൈയിലില്ലാത്ത ചെറിയ രാഷ്ട്രമായിരുന്നു ക്യൂബ. എന്നിരുന്നാലും ക്യൂബയുടെ അതിജീവനം ലോകവിസ്മയങ്ങളില്‍ ഒന്നാണ്. ക്യൂബയ്ക്കും കാസ്‌ട്രോയ്ക്കും ഇതിനായത് ശാസ്ത്രീയതയുള്ള രാഷ്ട്രീയദര്‍ശനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും കൊണ്ടാണ്. ജനതയെ പൂര്‍ണമായി വിശ്വാസത്തിലെടുക്കുന്ന നേതൃത്വമായിരുന്നു അവിടെയുണ്ടായിരുന്നത്.

ആഗോളവത്കരണത്തിന് വിധേയമായി സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് വിലപ്പെട്ട പാഠമാണ് ഫിദലിന്റെ ക്യൂബ നല്‍കുന്നത്.

ഉദാരവത്കരണത്തിനും ആഗോളവത്കരണത്തിനും സ്വകാര്യവത്കരണത്തിനും ബദലില്ല എന്ന മുതലാളിത്ത മുദ്രാവാക്യത്തിന് ബദലിന്‍േറതായ പ്രായോഗികരൂപം മുന്നോട്ടുവെക്കാന്‍ അദ്ദേഹത്തിനായി. ലോക ബാങ്കിനും മുതലാളിത്ത മാധ്യമങ്ങള്‍ക്കും ബദല്‍ മുന്നോട്ടുവെക്കാനും സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രസഖ്യം സൃഷ്ടിക്കാനും നേതൃത്വം വഹിച്ചു.

അവിശ്രമ പരിശ്രമങ്ങളുടെയും പോരാട്ടങ്ങളുടെയും അനന്തശൃംഖലയായിരുന്നു ഫിദലിന്റെ ജീവിതം. മനുഷ്യരാകെ സമഭാവനയോടെ കഴിയുന്ന ഒരു കാലം ലോകമാകെ ഉണ്ടായിക്കാണാന്‍ സിദ്ധാന്തത്തെ പ്രയോഗവുമായി കൂട്ടിയിണക്കി മുന്നോട്ടുപോയ വിപ്ലവകാരിയാണദ്ദേഹം.

ക്യൂബയെ സാര്‍വത്രികവിദ്യാഭ്യാസത്തിന്റെയും, ആരോഗ്യ പരിരക്ഷയുടേയും, ഭക്ഷ്യസുരക്ഷയുടേയും, വര്‍ണസമത്വത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യക്ഷേമത്തിന്റെയും വികസനാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഫിദലിന് കഴിഞ്ഞു. ഇത്തരത്തില്‍ പുതിയ വികസന മാതൃക ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചു. ഇന്ത്യയുമായും കാസ്‌ട്രോയുടെ ക്യൂബക്കെന്നും സാഹോദര്യബന്ധമുണ്ടായിരുന്നു. സ്വന്തം ജീവിതം വീരേതിഹാസമായി മാറ്റിയ നായകനാണ് കാസ്‌ട്രോ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഒന്നുമില്ലായ്മയില്‍നിന്ന് ഒരു കൊച്ചുരാജ്യത്തെ ശക്തമായ മനുഷ്യവിഭവകേന്ദ്രമാക്കാന്‍ കാസ്‌ട്രോയ്ക്കായതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വെല്ലുവിളിയുടെയും പ്രതിസന്ധിയുടേയും കാലത്ത് ഏതുവിധത്തില്‍ നയിക്കാന്‍ കഴിഞ്ഞു എന്നതിനെ ആശ്രയിച്ചാണ് ഒരു നേതാവിനെ ലോകം വിലയിരുത്തുന്നത്. പ്രത്യയശാസ്ത്രം പ്രയോഗത്തിലൂടെ കാണിച്ചുതന്ന നേതാവാണ് കാസ്‌ട്രോയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ജലവിഭവമന്ത്രി മാത്യു ടി. തോമസ്, എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, ഒ. രാജഗോപാല്‍ എന്നിവരും ചടങ്ങില്‍ ഫിദല്‍ കാസ്‌ട്രോയെ അനുസ്മരിച്ച് സംസാരിച്ചു. പൊതുഭരണവകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്വാഗതവും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് നന്ദിയും പറഞ്ഞു.

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags