വാര്‍ഡ് കൗണ്‍സിലറിന് മൊബൈല്‍ ആപ്പ്; ഐ പി ബിനു സ്മാര്‍ട്ടാകുന്നു

വാര്‍ഡ് കൗണ്‍സിലറിന് മൊബൈല്‍ ആപ്പ്; ഐ പി ബിനു സ്മാര്‍ട്ടാകുന്നു

Sunday October 23, 2016,

1 min Read

കുന്നുകുഴി കൗണ്‍സിലര്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും കൂടുതല്‍ വേഗം സേവനം ഉറപ്പുവരുത്താനും മൊബൈല്‍ ആപ്ലിക്കേഷനുമായി ഒരു നഗരസഭാ കൗണ്‍സിലര്‍. തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാര്‍ഡ് പ്രതിനിധിയായ ഐ പി ബിനുവാണ് മൊബൈല്‍ ആപ്പുമായി എത്തുന്നത്. വിവരസാങ്കേതിക വിദ്യക്കും മുന്നേ നടക്കുന്ന ആധുനിക കാലഘട്ടത്തിനൊപ്പം അണിചേരാനാണ് ബിനു ഐ പിയുടെ പുതിയ ആപ്ലിക്കേഷന്‍ വിപ്ലവം.

image


തിരുവനന്തപുരം കോര്‍പ്പറേഷന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് മൊബൈല്‍ ആപ്ലിക്കേഷന്‍. ഇതുവഴി തത്സമയം ജനങ്ങള്‍ക്ക് പ്രതികരിക്കാം. ജനങ്ങളുമായി സംവദിക്കുന്നതിനും സുതാര്യ ഭരണം ഉറപ്പുവരുത്തുന്നതിനുമാണ് ബിനു ഐപിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തതെന്ന് ബിനുഐപി പറയുന്നു.കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന പ്രധാന വാര്‍ത്തകള്‍ അറിയുന്നതിനും ആപ്ലിക്കേഷന്‍ ലക്ഷ്യമിടുന്നു. കോര്‍പ്പറേഷനിലെ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള സഹായങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ പരിഹാരം ലഭ്യമാകുന്നത് വരെ ആവശ്യമായ സഹായങ്ങളും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

image


കാലങ്ങളോളം കാത്തിരുന്നു സേവനങ്ങള്‍ ലഭ്യമാകാത്തവര്‍ക്ക് ബിനു ഐപിക്ക് പരാതി നല്‍കാം. കോര്‍പ്പറേഷന്‍ പരിധിയില്‍ നിങ്ങള്‍ അഴിമതിക്ക് വിധേയരാവുകയോ അഴിമതി നേരില്‍ കാണുകയോ ചെയ്താലും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതിന് ഒരു മടിയും വേണ്ട എന്നും ബിനു ഐപി പറയുന്നു.ക്യാമറയിലോ മൊബൈലിലോ പകര്‍ത്തുന്ന ചിത്രങ്ങള്‍ ആപ്ലിക്കേഷനിലൂടെ നല്‍കാം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലാഭേച്ഛയില്ലാത്ത സുതാര്യ ഭരണം ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യമെന്നും സിപിഐഎം പ്രതിനിധി കൂടിയായ ബിനു ഐപി പറയുന്നു.

image


ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്കാറ്റ് ടെക്‌നോളജീസ് ആണ് ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്. ബൈറ്റ്കാറ്റ് ടെക്‌നോളജീസ് എംഡി രവി മോഹന്‍, ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ഏര്യ പ്രസിഡന്റ് രഞ്ജിത് എന്നിവരാണ് ബിനു ഐപിയെ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിന് സഹായിച്ചത്.

മൊബൈല്‍ വെബ്ബ് ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം 2016 ഒക്ടോബര്‍ 28ന് നടത്തും. പിഎംജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍വൈകിട്ട് 4.30നാണ് ആപ്ലിക്കേഷന്‍ ലോഞ്ചിംഗ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, കലാ, സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.