അവാര്‍ഡില്‍ തിളങ്ങി അഞ്ജലി

അവാര്‍ഡില്‍ തിളങ്ങി അഞ്ജലി

Tuesday March 08, 2016,

2 min Read

പലരും നേരത്തെ തന്നെ ഉറപ്പു പറഞ്ഞ അവാര്‍ഡായിരുന്നു ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ്. എന്നാല്‍ തനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞവരെല്ലാം നേരംപോക്ക് പറയുന്നതായി മാത്രമാണ് അവാര്‍ഡ് കരസ്ഥമാക്കിയ നടി അഞ്ജലിക്ക് തോന്നിയിരുന്നത്. 45 സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച് 2010 മുതല്‍ സിനിമാ ലോകത്ത് സാന്നിധ്യമറിയിച്ച അഞ്ജലിക്കിത് അപ്രതീക്ഷിത പുരസ്‌കാരമായിരുന്നു.

image


സുഹൃത്ത് ഫോണില്‍ വിളിച്ച് അവാര്‍ഡുണ്ടെന്ന് പറഞ്ഞപ്പോള്‍ കളിയാക്കുന്നതായാണ് അഞ്ജലിക്ക് തോന്നിയത്. സംഭവം ശരിയാണെന്നറിഞ്ഞപ്പോള്‍ ശരിക്കും ഷോക്കായി. കെ പി എസ് സി ലളിത, ലെന, അനുശ്രീ ഇവരോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമായി കരുതുന്നു. ബെന്നിന്റെ സംവിധായകന്‍ വിപിന്‍ അറ്റ്‌ലിയും സഹപ്രവര്‍ത്തകരും നിനക്ക് തന്നെയായിരിക്കും അവാര്‍ഡ് എന്ന് ഇടയ്ക്കിടെ വിളിച്ചു പറയുമ്പോള്‍ ചുമ്മാ കളിയാക്കാതെ കേട്ടോ എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുമായിരുന്നു അഞ്ജലി.

image


ഒരുപാട് ആശിച്ച് കിട്ടിയ വേഷമാണ് ബെന്നിലെ ആശ എന്ന കഥാപാത്രം. ഇത്രയും നാളായിട്ടും കാമ്പുള്ള ഒരു കഥാപാത്രം കിട്ടുന്നില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോളാണ് ബെന്നിലേക്ക് ആശയുടെ കഥാപാത്രം ചെയ്യാന്‍ സംവിധായകന്‍ വിപിന്‍ അറ്റ്‌ലി വിളിക്കുന്നത്. തനിക്ക് ഇത് ചെയ്യാന്‍ പറ്റും, നല്ല കഥാപാത്രമാണ് എന്നെല്ലാം പറഞ്ഞപ്പോള്‍ ആത്മവിശ്വാസമായി. ചിത്രത്തില്‍ ഭര്‍ത്താവായി വേഷമിട്ടത് സുരാജ് വെഞ്ഞാറമൂട്. ബെന്‍ എന്ന മകന്റെ കഥാപാത്രം ചെയ്തത് ഗൗരവാണ് മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയത്.

image


ബെന്നിലെ ആശ എന്ന കഥാപാത്രം അഞ്ജലിയെ തേടിയെത്തിയത് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കുമ്പോള്‍. സംവിധായകന്‍ അറ്റ്‌ലി വിളിച്ചു ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായി നിനക്ക് എന്റെ ആശയാകാമോയെന്നു ചോദിക്കുകയായിരുന്നു. തിരക്കഥ വായിക്കാനും തയാറെടുക്കാനും ആകെ മുന്നിലുള്ളത് ഒറ്റ രാത്രി മാത്രം. കുട്ടികളുടെ ചിത്രമാണ് ബെന്‍. ഒരു യഥാര്‍ഥ സംഭവകഥ. ബെന്‍ എന്ന കുട്ടി യഥാര്‍ഥത്തില്‍ ഇന്നും ജീവിച്ചിരിക്കുന്നു. ബെന്നിന്റെ അമ്മയായി മുഴുനീള വേഷമായിരുന്നു അഞ്ജലിക്ക്.ബെന്നിലെ ആശ എന്ന കഥാപാത്രം കര്‍ക്കശക്കാരിയായിരുന്നു. മകനെ ഒരു കൈകൊണ്ടു തല്ലുകയും, മറുകൈ കൊണ്ട് ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന കഥാപാത്രം. ബെന്‍' കണ്ടിട്ടു നിന്നെ അപ്പോള്‍ എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ അടിച്ചേനെയെന്നു സുഹൃത്തുക്കളില്‍ പലരും ആശയോട് പറഞ്ഞിരുന്നു. താനുമൊരു അമ്മയായതിനാല്‍ ബെന്നിന്റെ അമ്മയാവാന്‍ ബുദ്ധിമുട്ടിയില്ലെന്നും അഞ്ജലി പറയുന്നു.

image


മോഡലിങ്ങിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ചു. ടിവി അവതാരകയായും അറിയപ്പെട്ടു തുടങ്ങിയതോടെയാണ് തമിഴ് സിനിമയില്‍ നായികയാവാനുള്ള അവസരം ലഭിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ നായികയായ ശേഷമാണ് മലയാളത്തിലെത്തുന്നത്. സീനിയേഴ്‌സ്, വെനീസിലെ വ്യാപാരി, സീന്‍ ഒന്ന് നമ്മുടെ വീട്, എ ബി സി ഡി, അഞ്ച് സുന്ദരികള്‍, ഏഞ്ചല്‍സ്, വൈറ്റ് ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങള്‍ അഞ്ജലിയെ തേടിയെത്തി.

image


അച്ഛന്‍ ഗിരിധരന്‍ നായര്‍ അമ്മ ഉഷ. സംവിധായകനും, തിരക്കഥാകൃത്തുമായ ഭര്‍ത്താവ് അനീഷ് ഉപാസനയുടേതാണ് അഭിനയത്തിലെ പ്രധാന പ്രോത്സാഹനം. ഒരു മകളുണ്ട്.അവാര്‍ഡ് ലഭിച്ചതോടെ തമിഴകത്ത് മൂന്നു സിനിമകളില്‍ നായികയായി തിളങ്ങുകയും മലയാളത്തില്‍ സീനിയേഴ്‌സ് മുതല്‍ അടി കപ്യാരെ കൂട്ടമണി വരെ എത്തി നില്ക്കുന്ന അഞ്ജലിയുടെ സിനിമ കരിയറില്‍ ഉത്തരവാദിത്തം കൂടുകയാണ്.ഈ ചെറിയ പ്രായത്തില്‍ തന്നെ നിരവധി അമ്മ വേഷങ്ങളില്‍ അഞ്ജലി അഭിനയിച്ചു കഴിഞ്ഞു. കമ്മട്ടിപ്പാടത്തില്‍ ദുല്‍ക്കറിന്റെ കുട്ടിക്കാലത്തെയും യവ്വനത്തിലേയും അമ്മ വേഷം ചെയ്യുന്നത് അഞ്ജലി തന്നെയാണ്. ബിഗ്ബഡ്ജറ്റ് ചിത്രമായ പുലി മുരുകനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അമ്മ വേഷവും ഈ ഇരുപത്തിയേഴുകാരി തന്നെ ചെയ്യുന്നു.