പകര്‍ച്ചപ്പനികള്‍ക്കെതിരെ ആവശ്യമായ മുന്‍കരുതലുകളെടുത്തു:ആരോഗ്യമന്ത്രി

പകര്‍ച്ചപ്പനികള്‍ക്കെതിരെ ആവശ്യമായ മുന്‍കരുതലുകളെടുത്തു:ആരോഗ്യമന്ത്രി

Saturday April 29, 2017,

1 min Read

എച്ച്1 എന്‍1, ഡെങ്കിപ്പനി, മലമ്പനി മുതലായ പകര്‍ച്ചപ്പനികള്‍ക്കെതിരെ ആരോഗ്യവകുപ്പ് ആവശ്യമായ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനായി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങള്‍, മരുന്നുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം കാരണം പകര്‍ച്ച പനികള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് മുന്‍കരുതലുകളെടുത്തതെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനികള്‍ക്കെതിരെയുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ ആരോഗ്യ വകുപ്പ് മേധാവികളുടെ അടിയന്തിര യോഗം കൂടി ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കി.

image


 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയക്ടറെ ചുമതലപ്പെടുത്തി. ഇതോടൊപ്പം ബോധവത്ക്കരണം ശക്തമാക്കും. ഇതനുസരിച്ച് അതത് ആശുപത്രികളില്‍ യോഗം കൂടി അവിടത്തെ മരുന്നുകളുടേയും മറ്റും ലഭ്യത ഉറപ്പുവരുത്തിവരുന്നു. ആശുപത്രികളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും അണുബാധ തടയുന്നതിനുള്ള നടപടികളെടുക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ബോധവത്കരണത്തിന്റെ ഭാഗമായി അതത് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്ലാസുകള്‍, ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും. ഇക്കാര്യത്തില്‍ പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. പരിസര ശുചിത്വവും വ്യക്തിശുചിത്വവും വളരെ പ്രധാനമാണ്. വെള്ളംകെട്ടി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കി കൊതുകില്‍ നിന്നും രക്ഷ നേടണം. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാകുന്നതാണ് ഇത്തരം പകര്‍ച്ചപ്പനികള്‍. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനി, ശരീരവേദന, തലവേദന, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ടുള്ള പനിയാണെങ്കില്‍ ഉറപ്പായും വിദഗ്ധ ചികിത്സ തേടണം. പനിവന്നാല്‍ മറ്റുള്ളവരിലേക്ക് പകരാതെ നോക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.