എഡിറ്റീസ്
Malayalam

ഹരിതകേരളം ജനകീയവികസന സംസ്‌കാരത്തിന്റെ പുത്തന്‍ അനുഭവം: മുഖ്യമന്ത്രി

TEAM YS MALAYALAM
2nd Mar 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ജനകീയ വികസന സംസ്‌കാരത്തിന്റെ പുത്തന്‍ അനുഭവമായി ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് പദ്ധതിക്ക് തുടക്കമിട്ട ദിവസം സംസ്ഥാനമൊട്ടുക്ക് പതിനയ്യായിരത്തോളം പ്രവര്‍ത്തനങ്ങളാണ് നടന്നത്. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സന്നദ്ധ സംഘടനകളും പൊതു ജനങ്ങളുമെല്ലാം ഇത് ഒരു ഉത്തരവാദിത്ത്വമായി ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

image


തുടക്കത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങളിലാണ് പദ്ധതി കേന്ദ്രീകരിച്ചത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പ്രവര്‍ത്തനവും ജലസ്രോതസ്സുകളുടെ നവീകരണവും നടന്നു. തെറ്റായ ജലവിനിയോഗമാണ് നാട്ടില്‍ പലേടത്തും നടക്കുന്നത്. ഹരിതകേരളം മിഷന്റെ രണ്ടു മാസത്തെ പ്രവര്‍ത്തനം കൊണ്ടുണ്ടായ സുപ്രധാന ഫലം ജല സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ്. പുതിയ കിണറുകളും കുളങ്ങളുമുണ്ടായി. ഉപയോഗ ശൂന്യമായിക്കിടന്ന കിണറുകളും കുളങ്ങളും നീര്‍ച്ചാലുകളും ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കി. ആയിരക്കണക്കിനാളുകളുടെ കൂട്ടായ്മ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ നമുക്കു സാധിച്ചു. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ ഇക്കാര്യങ്ങളില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റത്തവണത്തെ പ്രവര്‍ത്തനം കൊണ്ട് അവസാനിക്കേണ്ടതല്ല ഇതെല്ലാം എന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷന്‍. തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഹരിതകേരളം എന്ന ലക്ഷ്യം പൂര്‍ണതയിലെത്തിക്കാന്‍ കാര്‍ഷിക മേഖലയില്‍ മാറ്റമുണ്ടാകണം. തരിശായിക്കിടക്കുന്ന സ്ഥലങ്ങളെല്ലാം കൃഷിയോഗ്യമാക്കാന്‍ ശ്രമങ്ങള്‍ നടക്കണം. ഹരിതകേരളം ലക്ഷ്യത്തിലെത്തണമെങ്കില്‍ ലാഘവത്തോടെയുള്ള സമീപനം അവസാനിപ്പിക്കണം. ആസൂത്രിതവും ഏകോപിതവുമായ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ ഇനിയും നമുക്ക് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. ഏതെങ്കിലും ഒരാളുടെയോ, ഒരു വകുപ്പിന്റെയോ പ്രവര്‍ത്തനമായി ഇത് ചുരുങ്ങരുത്. ഏതു പ്രവൃത്തിയായാലും പൊതുവായി ഏറ്റെടുത്തു നടത്തുന്ന പ്രവണതയുണ്ടാവണം. അനാവശ്യ ശീലങ്ങള്‍ മാറ്റി വച്ച് കൂട്ടായ്മയ്ക്കും ഒരുമയ്ക്കും പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഇടപെടലുകളാണ് നടത്തേണ്ടത്. പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. 13-ാം പദ്ധതിയില്‍ ഹരിതകേരളം ലക്ഷ്യം കാണുന്ന തരത്തില്‍ പഞ്ചവത്സരപദ്ധതിക്ക് എങ്ങനെ രൂപം കൊടുക്കാമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആലോചിക്കേണ്ടത്. അധികാര വികേന്ദ്രീകരണത്തിന്റെ രണ്ടു ദശകം പൂര്‍ത്തിയാകുകയാണ്. ഈയവസരത്തില്‍ മേല്‍ത്തട്ടുമുതല്‍ താഴെത്തട്ടു വരെയുണ്ടാകേണ്ട ഏകോപനത്തിന്റെയും സംയോജനത്തിന്റെയും കാര്യത്തില്‍ ശരിയായ രൂപത്തിലുള്ള മുന്നേറ്റമുണ്ടാവണം. വരുന്ന പദ്ധതിയില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പത്തു ശതമാനം വിഹിതം ഹരിതകേരളപ്രവര്‍ത്തനത്തിനു പൊതുവായും മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കിയും നീക്കിവയ്ക്കണം. ഡിസംബര്‍ എട്ടിനു ശേഷം നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും കാറ്റഗറി തിരിച്ചു ക്രോഡീകരിക്കണം. ഓരോ പ്രവര്‍ത്തനവും ഫലപ്രദമായി പൂര്‍ത്തീകരിക്കാനാവണം. ഫലപ്രദമായി പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കാനാവശ്യമായ മോണിറ്ററിങ് സംവിധാനം തദ്ദേശ സ്വയംഭരണതലത്തിലുണ്ടാവണം. കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് ആവശ്യമായ കൃഷി സ്ഥലവും മറ്റു പിന്തുണയും ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലയും വിപണീ ബന്ധങ്ങളും ഒരുക്കാനും നമുക്ക് കഴിയണം. വേനല്‍ മുമ്പെങ്ങുമില്ലാത്ത വിധം കഠിനമാവുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ മരങ്ങളും ഫലവൃക്ഷങ്ങളും ധാരാളമായി നട്ടുവളര്‍ത്താനും നമുക്ക് പദ്ധതികളുണ്ടാവണം. മലിനജലം ഫലപ്രദമായി ഉപയോഗപ്പെടുത്താനും മികച്ച മാതൃകകളായിട്ടുള്ള ഹരിത കാമ്പസുകളെയും ഹരിത പഞ്ചായത്തുകളെയും കണ്ടെത്താനും അംഗീകരിക്കാനും നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags