എഡിറ്റീസ്
Malayalam

കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സെപ്സിയുടെ പരിഹാര നിര്‍ദ്ദേശം

Mukesh nair
27th Sep 2016
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

കശുവണ്ടി വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (സെപ്സി) കേന്ദ്രമന്ത്രിമാരുടെ പരിഗണനയിലേക്ക് പരിഹാര നടപടികളുടെ അഞ്ചിന പട്ടിക സമര്‍പ്പിച്ചു. സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുള്ള, പത്തുലക്ഷം ഗ്രാമീണ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന, ഈ വ്യവസായത്തിലെ കയറ്റുമതിമേഖല നേരിടുന്ന ആശങ്കാജനകമായ തളര്‍ച്ചയ്ക്ക് പരിഹാരം കാണാനാണ് സെപ്സി ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ പി. സുന്ദരന്‍ പറഞ്ഞു. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് ആവിഷ്‌ക്കരിക്കണമെന്നഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

image


കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും കേന്ദ്ര വാണിജ്യവ്യവസായ സഹമന്ത്രി നിര്‍മ്മല സീതാരാമനും കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്സി സമര്‍പ്പിച്ച അപേക്ഷയില്‍ വിദേശവ്യാപാര നയത്തിന്റെ ഏതൊക്കെ വകുപ്പുകളാണ് കയറ്റുമതി കുറയാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. കയറ്റുമതിക്ക് പ്രോത്സാഹനമായി നല്‍കിവരുന്ന ഇന്‍സെന്റീവ് (എംഇഐഎസ്) അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി വെട്ടികുറച്ചതും തോട്ടണ്ടിക്ക് ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വരുത്തിയതുമാണ് ഇവയില്‍ പ്രധാന കാരണങ്ങള്‍. 2015 ഏപ്രില്‍ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി 42,000 മെട്രിക് ടണ്ണില്‍നിന്ന് 2016ലെ ഇതേ കാലഘട്ടത്തില്‍ 25,000 മെട്രിക് ടണ്‍ ആയി, കുറവ് 40 ശതമാനം. കയറ്റുമതി വരുമാനം 2100 കോടി രൂപയില്‍നിന്ന് 15 ശതമാനം ഇടിഞ്ഞ് 1700 കോടി രൂപയായി.

കശുവണ്ടി വ്യവസായത്തില്‍ പുതുതായി കൊണ്ടുവന്ന ഇറക്കുമതി തീരുവ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആയതിനാല്‍പൂര്‍ണ്ണമായും പിന്‍വലിക്കണം. പുതിയ നിബന്ധനകള്‍ അനുസരിച്ച്, ഇറക്കുമതി ചെയ്ത തോട്ടണ്ടിയുടെ 25 ശതമാനം തൂക്കത്തിലും 15 ശതമാനത്തിലധികം വിലയിലും മൂല്യമുള്ള കശുവണ്ടിപ്പരിപ്പ് 18 മാസത്തിനകം കയറ്റുമതി ചെയ്താല്‍ മാത്രമേ ഇറക്കുമതി തീരുവ ബാധ്യത ഒഴിവാകുകയുള്ളു. 'സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് ഔട്ട്പുട്ട്' വ്യവസ്ഥയില്‍ നിലവിലുള്ള മൂല്യ വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ട് അളവ് സംബന്ധിച്ച നിബന്ധനകള്‍ 2016 മാര്‍ച്ച് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കാന്‍ സെപ്സി അഞ്ചിന പരിഹാര നടപടികളില്‍ അപേക്ഷിച്ചിട്ടുണ്ട്. 25 ശതമാനം കയറ്റുമതി എന്ന ലക്ഷ്യം നേടാന്‍ വളരെ പ്രയാസം നേരിടുന്നതിനാലാണിത്.

കയറ്റുമതി സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കയറ്റുമതി സൗഹൃദ അന്തരീക്ഷത്തില്‍ തോട്ടണ്ടി സംസ്‌കരിക്കുന്നതിനും കശുവണ്ടിപ്പരിപ്പ് കയറ്റുമതിക്ക് ഉതകുന്ന രീതിയില്‍ പരസ്പര കൈമാറ്റം ചെയ്യുന്നതിനും സെപ്സി അനുവാദത്തിന് അപേക്ഷിച്ചിട്ടുണ്ട്. 2016 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തിലാക്കിയ ഇറക്കുമതി നിബന്ധനകളില്‍ നിര്‍ദിഷ്ട ഫാക്ടറികളില്‍ മാത്രമേ ഇറക്കുമതി ചെയ്ത തോട്ടണ്ടി സംസ്‌കരിക്കാവൂ എന്നും ഒരു ഫാക്ടറിയില്‍നിന്ന് മറ്റൊന്നിലേക്ക് ചരക്ക് മാറ്റരുത് എന്നും നിബന്ധന വച്ചിരുന്നു.

കശുവണ്ടി സംസ്‌കരണത്തിന്റെ സ്വാഭാവിക സമ്പ്രദായങ്ങളനുസരിച്ച് ഈ നിബന്ധനകള്‍ പാലിക്കാന്‍ പ്രയാസമാണ്. തൊഴിലാളികളുടെ ലഭ്യത സംബന്ധിച്ച് അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ സംസ്‌കരണപ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും ഒറ്റ യൂണിറ്റില്‍തന്നെ ക്രമീകരിക്കുന്നത് പ്രയാസമാണ്. തോട്ടണ്ടി സംസ്‌കരണത്തിലൂടെ പതിനഞ്ചിലധികം ഗ്രേഡുകളിലായുള്ള പരിപ്പ് ലഭ്യമാകുന്നതിനാല്‍, കയറ്റുമതി ഓര്‍ഡറുകള്‍ അനുസരിച്ച് വിവിധ ഗ്രേഡ് പരിപ്പുകള്‍ പരസ്പര കൈമാറ്റം ചെയ്യുന്നത് എക്സ്പോര്‍ട്ടര്‍മാര്‍ക്കിടയിലെ പരമ്പരാഗത രീതിയാണെന്നും കേന്ദ്രമന്ത്രിമാര്‍ക്കുള്ള നിവേദനത്തില്‍ സെപ്സി പറയുന്നു.

നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്നുറപ്പാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയമായ 18 മാസത്തിനുള്ളില്‍ കയറ്റുമതി ബാധ്യത തീര്‍ത്തില്ലെങ്കില്‍ മാത്രമേ ഒരു എക്സ്പോര്‍ട്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാവൂ എന്നും സെപ്സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി ചെയ്തതോ തദ്ദേശീയമായതോ ആയ തോട്ടണ്ടി സംസ്‌കരിച്ച് കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്നവര്‍ക്ക്, ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് മേല്‍ ചുമത്തുന്ന ആകെ ഇറക്കുമതി തീരുവയുടെ നിരക്കിന് അനുസൃതമായി, ഡ്യൂട്ടി ഡ്രോബാക് ക്രെഡിറ്റും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷവും പല തുറമുഖങ്ങളില്‍നിന്നും മുന്‍കൂര്‍ അനുമതി ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും കാലതാമസത്തെപ്പറ്റിയും നിവേദനത്തില്‍ പരാമര്‍ശിക്കുന്നു.

കശുവണ്ടി വ്യവസായത്തിന്റെ പ്രത്യേക പരിതസ്ഥിതി പരിഗണിച്ച് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്സി പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. ബാങ്കുകളുടെ നോണ്‍ പെര്‍ഫോമിംഗ് അസെറ്റ് നിയമങ്ങളില്‍നിന്ന് കശുവണ്ടി വ്യവസായത്തിന് പ്രത്യേക ഇളവ് നല്‍കണം, ആസ്ഥി വായ്പ്പകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷം പലിശയില്ലാതെയും അവസാന രണ്ടുവര്‍ഷം 3 ശതമാനം പലിശയിലും മൊറട്ടോറിയം പ്രഖ്യാപിക്കുക, ഈട് നല്‍കിയിരിക്കുന്ന വസ്തുവകകളും ഓഹരിയും ഏറ്റെടുക്കാനോ മരവിപ്പിക്കാനോ ഉള്ള നീക്കങ്ങള്‍ തത്കാലം നിര്‍ത്തിവയ്ക്കുകയും വില്‍പ്പനാസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുക, ആസ്ഥിവായ്പ്പകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചയ്ക്കാവുന്ന ടേം ലോണുകളാക്കുക, തോട്ടണ്ടി സംഭരണത്തിനും ഫാക്ടറികളുടെ യന്ത്രവത്കരണത്തിനുമായി കുറഞ്ഞ പലിശാനിരക്കില്‍ പുതിയ വായ്പ്പകള്‍ അനുവദിക്കുക എന്നീ അഞ്ചിന നിര്‍ദേശങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിനായി നിവേദനത്തിലുണ്ട്.

ഇറക്കുമതി തീരുവയുടെ അധികഭാരം കൂടാതെ കയറ്റുമതിക്കുള്ള പ്രോത്സാഹനങ്ങള്‍ വെട്ടിക്കുറച്ചതും കയറ്റുമതിയില്‍ വലിയതോതിലുള്ള ഇടിവിന് കാരണമായെന്ന് സെപ്സി ചെയര്‍മാന്‍ പി. സുന്ദരന്‍ പറഞ്ഞു. കാര്‍ഷിക സംബന്ധമായതും, കയറ്റുമതി പ്രാമുഖ്യമുള്ളതും, സ്ത്രീ പ്രാതിനിധ്യം ഏറെയുള്ളതുമായ വ്യവസായങ്ങള്‍ക്ക് പ്രധാന പരിഗണന കൊടുക്കുന്നതാണ് നിലവിലെ വാണിജ്യനയം. എന്നാല്‍ ഈ മാനദണ്ഡങ്ങളിലെല്ലാം ഉള്‍പ്പെടുന്ന കശുവണ്ടി വ്യവസായത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും കയറ്റുമതിക്ക് പ്രോത്സാഹനമാകുന്ന കാര്യങ്ങള്‍ വെട്ടിച്ചുരുക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags