പ്രക്ഷോഭത്തിന് ഊര്‍ജ്ജം നല്‍കിയ ചെറുപ്പം

പ്രക്ഷോഭത്തിന് ഊര്‍ജ്ജം നല്‍കിയ ചെറുപ്പം

Monday August 22, 2016,

3 min Read

ആധുനിക ഇന്ത്യയില്‍ ഏറ്റവുമധികം സ്വാധീനശക്തിയുള്ള ജനപ്രിയനേതാക്കളില്‍ മുന്‍പന്തിയിലാണ് അന്നാ ഹസാരെയുടെ സ്ഥാനം. വികസനോന്‍മുഖമായ നിരവധി പ്രശ്‌നങ്ങള്‍ക്കു വേണ്ടിയും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായും സാധാരണ ജനങ്ങള്‍ക്കായി നിരവധി പ്രക്ഷോഭങ്ങളാണ് അന്ന ഹസാരെ നയിച്ചിട്ടുള്ളത്. സാമൂഹ്യമായ വിവേചനം, ദാരിദ്യം, പിന്നാക്കാവസ്ഥ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ അന്നാ ഹസാരെ ഇപ്പോഴും സമരമുഖത്ത് സജീവമാണ്. തന്റെ ഗ്രാമമായ റാലെഗന്‍ സിദ്ധിയെ ആദര്‍ശ ഗ്രാമമാക്കി മാറ്റി അന്ന മുന്നോട്ടു വെച്ച പദ്ധതി ഇന്ന് ഒട്ടേറെ ഗ്രാമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗ്രാമങ്ങളെ ഐശ്വര്യപൂര്‍ണമാക്കാനുള്ള അന്നാ ഹസാരെയുടെ ആദര്‍ശ ഗ്രാമം പദ്ധതി രാജ്യവ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നു വരികയാണ്.

അഴിമതിക്കെതിരെ ലോക്പാല്‍ ബില്ലിനായി അന്നാ ഹസാരെ ഉയര്‍ത്തിക്കൊണ്ടു വന്ന പക്ഷോഭത്തില്‍ രാജ്യത്തെ സാധാരണ ജനം ഒരുമിക്കുന്ന കാഴ്ചയാണുള്ളത്. രാജ്യമാകെ അന്നയുടെ ചിന്ത ശരിവെക്കുന്ന തരത്തില്‍ ചെറുപ്പക്കാരും മുതിര്‍ന്നവരുമെന്ന വ്യത്യാസമില്ലാതെ അന്നയുടെ സമരങ്ങളില്‍ പങ്കാളികളാവുകയാണ്. കിഷന്‍ എന്ന ഗ്രാമീണന്‍ അന്നയായി വളര്‍ന്ന ഓര്‍മ്മകള്‍ യുവര്‍സ്‌റ്റോറിയുമായി പങ്കുവെക്കുകയാണ്. ഇന്ത്യന്‍ കരസേനയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവവും വ്യത്യസ്തമായ ഓര്‍മ്മകളും അദ്ദേഹം യുവര്‍സ്‌റ്റോറിയുമായി പങ്കുവെച്ചു.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലായിരുന്നു അന്ന ഹസാരെയുടെ ജനനം. ജന്‍മഗ്രാമമായ റോലേഗന്‍ സിദ്ധിയില്‍ പലപ്പോഴും പട്ടിണിയായിരുന്നു. കൃഷിയും വിളവെടുപ്പും താരതമ്യേന ഇല്ലാതിരുന്നതിനാല്‍ ഉപജീവനത്തിനായി അന്നയുടെ മാതാപിതാക്കള്‍ ഗ്രാമത്തിന് പുറത്തുള്ള ഭിംഗാറിലേക്ക് പോകുമായിരുന്നു. അന്നയുടെ മുത്തച്ഛന്‍ ബ്രിട്ടീഷ് സേനയിലായിരുന്നു. അന്നയുടെ പിതാവും സഹേദരങ്ങളുമെല്ലാം ഭിംഗാറിലായിരുന്നു താമസം. ആത്മീയ കാര്യങ്ങളില്‍ ഉറച്ചു വിശ്വസിച്ചിരുന്ന അന്നയുടെ മാതാപിതാക്കള്‍ ജീവിതമൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരായിരുന്നു.ബാബു റാവ്‌ലക്ഷ്മി ബായ് ദമ്പതികള്‍ തങ്ങളുടെ ആദ്യ കുഞ്ഞിന് കിഷന്‍ എന്നാണ് പേര് നല്‍കിയത്. എല്ലാവരാലും ഓമനിച്ചു വളര്‍ത്തിയ കിഷനാണ് പിന്നീട് അന്നാ ഹസാരെയായി വളര്‍ന്നത്. ലാളന ഏറെ കിട്ടിയെങ്കിലും മറ്റുള്ള കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് കിട്ടിയിരുന്ന സൗകര്യം അന്നക്ക് ലഭിച്ചിരുന്നില്ല. സാമ്പത്തിക പരിസ്ഥിതി മോശമായതിനാല്‍ കഷ്ടപ്പാട് അറിഞ്ഞു തന്നെയാണ് താന്‍ വളര്‍ന്നതെന്ന് അന്ന ഓര്‍ത്തെടുക്കുന്നു.

നാലാം ക്ലാസു വരെ ഭിംഗാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെയായിരുന്നു പഠനം. അതിനു ശേഷം അമ്മാവനൊപ്പം മുംബൈയിലേക്ക് പോകേണ്ട സാഹചര്യം വന്നു ചേര്‍ന്നു. അമ്മാവന്‍ കിഷനെ തനിക്കൊപ്പം മുംബൈയിലേക്ക് കൊണ്ടു പോകാനുള്ള സാഹചര്യം കുടുംബത്തില്‍ അവതരിപ്പിച്ചു. അമ്മാവന് ഒരു മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആ മകളുടെ വിവാഹം കഴിഞ്ഞാല്‍ താന്‍ ഒറ്റപ്പെട്ടു പോകുമെന്നും ഒന്നിലേറെ ആണ്‍കുട്ടികളുണ്ടായിരുന്ന ബാബു റാവുവിനോടും സഹോദരി ലക്ഷ്മിഭായിയോടും കിഷനെ തനിക്കൊപ്പം വിടണമെന്നുമുള്ള ആവശ്യം അമ്മാവന്‍ മുന്നോട്ടു വെച്ചു. കിഷന്റെ തുടര്‍ പഠനവും മറ്റു കാര്യങ്ങളും ഏറ്റു കൊളളാമെന്നുള്ള അമ്മാവന്റെ വാഗ്ദാനത്തില്‍ അവര്‍ കിഷനെ അമ്മാവനൊപ്പം മുംബൈയിലേക്ക് വിട്ടു.

ചെറുപ്പകാലത്ത് പഠനത്തേക്കാളുപരി കളിയിലായിരുന്നു അന്നയുടെ താത്പര്യം. സ്‌കൂള്‍ വ്ിട്ടു വന്നാല്‍ കളിക്കാനായി വീടിന് വെളിയിലേക്ക് ഓടുന്നത് സ്ഥിരം ശീലമായിരുന്നു. പ്രാവിനെ പറത്താനും പട്ടം പറത്താനുമായി വീട്ടില്‍ നിന്നു പോയാല്‍ മടങ്ങി വരുന്നത് വളരെ വൈകിയായിരിക്കും. കളിയില്‍ വ്യാപൃതനാകുമ്പോള്‍ അവന്‍ അതില്‍ ലയിക്കുമായിരുന്നു. പട്ടം ഉയരങ്ങളിലേക്ക് പറക്കുമ്പോള്‍ അതിനൊപ്പം കിഷന്‍ തന്റെ ചിന്തകളേയും പറക്കാന്‍ വിട്ടു. പ്രാവുകളെ കൈ കൊണ്ട് പിടിച്ച് അവയെ ആകാശത്തേക്ക് പറത്തി വിടുമ്പോള്‍ കിഷന്റെ മനസില്‍ ഉയര്‍ന്നു വന്ന സ്വതന്ത്ര ചിന്ത അവനെ കൂടുതല്‍ വ്യക്തിത്വമുള്ളവനാക്കി മാറ്റി. വീട്ടില്‍ അടങ്ങിയിരുന്ന് പഠിക്കുന്നത് കിഷന് ഇഷ്ടമില്ലായിരുന്നെങ്കിലും ക്ലാസില്‍ പലപ്പോഴും കിഷന്‍ തന്നെയായിരുന്നു ഒന്നാമത്. ക്ലാസില്‍ ടീച്ചര്‍ പഠിപ്പിക്കുന്ന സമയത്ത് ശ്രദ്ധാപൂര്‍വ്വം ഇരിക്കുന്ന കിഷന് ഒരു തവണ പാഠഭാഗങ്ങള്‍ കേട്ടാല്‍ ഹൃദിസ്ഥമാകുമായിരുന്നു.

എന്നാല്‍ ഒരു ദിവസം ക്ലാസില്‍ ഹോം വര്‍ക്ക് ചെയ്തു കൊണ്ടു വരാന്‍ പറഞ്ഞിരുന്ന ദിവസം അവന് ചെയ്യാനായില്ല. തലേദിവസം ഏറെ കളിച്ചു വന്ന ക്ഷീണത്തില്‍ ഹോം വര്‍ക്ക് ചെയ്യാതെ അവന്‍ കിടന്നുറങ്ങിപ്പോയി. പിറ്റേന്ന് ക്ലാസില്‍ എല്ലാവരുടേയും ഹോം വര്‍ക്കുകള്‍ നോക്കാനായി നോട്ടുകള്‍ പരിശോധിക്കവേ കിഷന്റേയും ഊഴമെത്തി. ഹോം വര്‍ക്ക് ചെയ്തുവെന്നും എന്നാല്‍ നോട്ട് ബുക്ക് വീട്ടില്‍ മറുന്നു വെച്ചുവെന്നും കിഷന്‍ കള്ളം പറഞ്ഞു. എന്നാല്‍ അധ്യാപകന്‍ കിഷനോട് വീട്ടില്‍ പോയി നോട്ട് ബുക്ക് എടുത്തു കൊണ്ടു വരാന്‍ പറഞ്ഞു. ആശങ്കയോടെ വീട്ടിലേക്ക് ഓടിയ കിഷന്‍ ഹോം വര്‍ക്ക് ചെയ്യാത്ത നോട്ട് ബുക്കുമായി എങ്ങനെ സ്്കൂളിലെത്തുമെന്ന് ആശങ്കപ്പെട്ടു. ഒടുവില്‍ താന്‍ ഇന്ന് മടങ്ങി സ്‌കൂളില്‍ പോകുന്നില്ലെന്നു. തന്നെ മറ്റൊരാവശ്യത്തിനായി പറഞ്ഞു വിട്ടതു കൊണ്ടാണ് സ്‌കൂളിലേക്ക് വരാന്‍ കഴിയാത്തതെന്നും കള്ളം പറയാന്‍ കിഷന്‍ അമ്മയോട് ചട്ടം കെട്ടി. എന്നാല്‍ കള്ളം പറയില്ലെന്ന നിലപാടില്‍ അമ്മ ഉറച്ചു നിന്നു. നീ കള്ളം പറയുന്നത് പോരാഞ്ഞിട്ട് എന്നെക്കൂടി കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നത് ശരിയല്ലെന്നും തന്നെ ഇതിന് കിട്ടില്ലെന്നും അമ്മ നിലപാട് വ്യക്തമാക്കി. എന്നാല്‍ ഇനി താന്‍ കള്ളം പറയില്ലെന്നും എന്നാല്‍ അമ്മ തനിക്ക് വേണ്ടി ഒരു പ്രാവശ്യം അങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇനി ഒരിക്കലും സ്‌കൂളില്‍ പോകില്ലെന്നായിരുന്നു കിഷന്റെ മറുപടി. ഇതില്‍ ആശങ്കപ്പെട്ട് കിഷന്റെ ആവശ്യത്തോട് അമ്മ വഴങ്ങി. അങ്ങനെ സ്‌കൂളിലെത്തി മകനു വേണ്ടി അമ്മ കള്ളം പറഞ്ഞു. എന്നാല്‍ ഈ സംഭവത്തിന് ശേഷം പിന്നീട് ഒരിക്കലും കിഷന്‍ തന്റെ ജീവിതത്തില്‍ കള്ളം പറഞ്ഞില്ല. തന്റെ സ്വഭാവ രൂപീകരണത്തില്‍ അമ്മയുടേയും അച്ഛന്റേയും മൂല്യബോധത്തിന് നിസ്തുലമായ പങ്കുണ്ടെന്നു തന്നെയാണ് അന്ന ഹസാരെ വിശ്വസിക്കുന്നത്.