കലാകാരിയും എഴുത്തുകാരിയുമായ അസിസ്റ്റന്റ് കലക്ടര്‍
തികഞ്ഞ ഒരു കലാകാരി, അതിലുപരി ഡോക്ടര്‍, എഴുത്തുകാരി, ഐ എ എസ് സ്വപ്നവും പൂര്‍ത്തിയാക്കിയ സുന്ദരിക്കുട്ടി. ആരാണെന്നല്ലേ? കോട്ടയം ജില്ലയിലെ അസിസ്റ്റന്റ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍. ഇതുകൊണ്ടും ഗുണഗണങ്ങള്‍ തീരുന്നില്ല. ഏതു പ്രശ്‌നങ്ങളെയും പുഞ്ചിരിയോടെ നേരിടാന്‍ കഴിയുന്ന വ്യക്തിത്വമാണ് ദിവ്യക്ക്. ആത്മവിശ്വാസമാണ് മുന്നോട്ടുള്ള വഴികളിലെ ദിവ്യയുടെ ഊര്‍ജ്ജം. സകല കലകളും ദിവ്യയുടെ കൈയ്യിലുണ്ട്. സംഗീതം, നൃത്തം, മോണോ ആക്ട്, നാടകം എന്നിവയിലൊക്കെ സാന്നിധ്യം അറിയിച്ചു. ഇതിനിടയില്‍ പഠിത്തത്തില്‍ ഒരിക്കല്‍ പോലും ഉഴപ്പിയിട്ടില്ല. പത്താം ക്ലാസില്‍ മൂന്നാം റാങ്കോടു കൂടിയായിരുന്നു വിജയിച്ചത്. തിരുവനന്തപുരത്തുകാരിയായ ദിവ്യ ഇപ്പോള്‍ കോട്ടയത്തുകാരുടെ കാര്യങ്ങളുമായി തിരക്കിലാണ്.
രണ്ടാം ക്ലാസില്‍ പഠിച്ചിരുന്നപ്പോഴാണ് ദിവ്യയുടെ മനസിലേക്ക് ഐ എ എസ് സ്വപ്നം കടന്നു വരുനന്നത്. വളരെ ചെറുപ്പത്തിലേ തന്നെ യുവജനോത്സവത്തിലും കലാപരിപാടികളിലും പങ്കെടുത്തിരുന്നതുകൊണ്ട് ഒട്ടേറെ പ്രമുഖരെ അടുത്തു നിന്നു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മത്സരങ്ങളിലൊക്കെ വിജയിക്കുമ്പോള്‍ മിക്കവാറും സമ്മാനം നല്‍കുന്നത് ഐ എ എസ് ഉദ്യോഗസ്ഥരായിരിക്കും. അന്നു തൊട്ടേ മനസില്‍ സൂക്ഷിച്ചിരുന്ന സ്വപ്നമായിരുന്നു വലുതാകുമ്പോള്‍ കളക്ടറാകണമെന്ന്.മനുഷ്യനെ മനസിലാക്കാന്‍ ഡോക്ടറോളം യോജിച്ച മറ്റൊരു പ്രൊഫഷന്‍ വേറെയില്ലെന്നു തന്നെ തോന്നുന്നു. ശാരീരികമായി മാത്രമല്ല മാനസികമായും സമൂഹത്തെ കുറിച്ചും ആളുകളെ കുറിച്ചും വേദനെയ കുറിച്ചും അറിയാന്‍ കഴിയുന്ന ഒരു പ്രൊഫഷന്‍. ഈ ചിന്താഗതി ഡോക്ടറാകാന്‍ പ്രേരിപ്പിച്ചു.
എം ബി ബി എസിന് ചേര്‍ന്നപ്പോഴായിരുന്നു ദിവ്യ പെയിന്റിംഗും ഒഡീസിയും പഠിച്ചത്. തിരക്കുകള്‍ക്കിടയില്‍ ഇതിനൊന്നും സമയം കിട്ടുന്നില്ലയെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഐ എ എസില്‍ വന്നതോടെ വീണ്ടും ആക്ടിംഗിലേക്ക് തിരിയാന്‍ ഒരാഗ്രഹം ഉടലെടുത്തിട്ടുണ്ട്. സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ജോലിയുടെ ഭാഗമായുള്ള പരിശീലനത്തിലാണ്. ഇതില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ല. ജോലിയുടെ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് കലാരംഗത്ത് തുടരാനാണ് ദിവ്യയുടെ തീരുമാനം.
പുതിയ പുതിയ കാര്യങ്ങള്‍ അറിയാനും പഠിക്കാനും വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് എഴുത്തിലേക്കും തിരിഞ്ഞത്. പുസ്തകം എഴുതാന്‍ തുടങ്ങിയപ്പോഴാണ് സമയത്തിന്റെ വില ശരിക്കും അറിഞ്ഞത്. സമയം കിട്ടുമ്പോള്‍ ഐഡിയാസ് കിട്ടില്ല. ഐഡിയാസ് കിട്ടുമ്പോ സമയം കിട്ടാതെ വരും. സിവില്‍ സര്‍വീസില്‍ പരിശീലനം നടത്തിയിരുന്നപ്പോള്‍ തന്നെ സിവില്‍ സര്‍വീസിന് എങ്ങനെ തയ്യാറെടുക്കാമെന്നതിനെ കുറിച്ചുള്ള 'പാത്ത് ഫൈന്‍ഡര്‍' എഴുതി. ആകെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ദി ബെയ്ന്‍ ഓഫ് പാര്‍ട്ടി ഡ്രഗ്‌സ്, ദി ഇന്ത്യന്‍ വുമന്‍, അപ്ലൈഡ് ഡിപ്ലോമസി എന്നിവയാണ് മറ്റു മൂന്നെണ്ണം.
ഒരു സ്ത്രീ ആയി ജനിച്ചതില്‍ അഭിമാനമാണുള്ളതെന്ന് ദിവ്യ പറയുന്നു. ഒരു പുരുഷനേക്കാളും കളര്‍ഫുള്‍ എപ്പോഴും സ്ത്രീ തന്നെയാണ്. വസ്ത്രത്തില്‍ മാത്രമല്ല ചിന്തകളിലും പ്രവൃത്തികളിലും നിറം ചാര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയാറുണ്ട്.ചക്കുളത്തുകാവ് പൊങ്കാലയുടെ നാരീപൂജയുടെ പരസ്യത്തില്‍ വന്നതോടെ ദിവ്യയും വിവാദത്തിന്റെ പിടിയിലായി. ദിവ്യയുടെ ചിത്രം സഹിതം നാരീപൂജയുടെ പരസ്യം വന്നതോടെയാണ് ഇത് വിവാദമായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അസിസ്റ്റന്റ് കലക്ടര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. താനൊരു പരസ്യത്തിലും അഭിനയിച്ചിട്ടില്ലെന്നും പരിപാടിയുടെ ഉദ്ഘാടനം തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി ഈ ചടങ്ങിനെ കാണുന്നതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോയതെന്നും ദിവ്യ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് അയവ് വന്നത്.
യുവ ഉദ്യോഗസ്ഥര്‍ ജനകീയരാവാനുള്ള ഒരു കാരണം സാങ്കേതിക വിദ്യ വികസിച്ചതാണെന്നാണ് ദിവ്യയുടെ പക്ഷം. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം വന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാനുള്ള അവസരം കൂടി. ഉദ്യോഗസ്ഥരുടേയും പെരുമാറ്റത്തില്‍ മാറ്റം വന്നു. ജനങ്ങള്‍ ഇന്ന് അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്.തിരക്കിനിടക്ക് വിവാഹം കഴിക്കാന്‍ സമയം കിട്ടിയില്ല, ഇത്രയുമൊക്കെ കാര്യങ്ങള്‍ നടന്നതുപോലെ സമയമാകുമ്പോള്‍ അതും നടക്കുമെന്നാണ് വിവാഹത്തെക്കുറിച്ച് ചോദിച്ചാല്‍ ദിവ്യ പറയുക.
ഡോക്ടര്‍, കലക്ടര്‍ രണ്ടും മേഖലയും ഒരുപോലെ ഇഷ്ടപ്പെടുന്ന ദിവ്യ രണ്ടിനേയും സാമൂഹ്യസേവനമായി കാണുന്നു. ഡോക്ടറാണെങ്കില്‍ ജനങ്ങള്‍ അസുഖവുമായി വരുമ്പോള്‍ മരുന്നു നല്‍കി അതിന് പരിഹാരം കാണുന്നു. എന്നാല്‍ കലക്ടര്‍ മരുന്നിലൂടെ അല്ലെങ്കിലും കുറച്ച് തീരുമാനങ്ങളിലൂടെ അവരുടെ ശാരീരികവും മാനസീകവുമായ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നു. രണ്ടും തരുന്ന സംതൃപ്തി വളരെ വലുതാണ്. എല്ലാ നേട്ടങ്ങളുടേയും പിന്നില്‍ കുടുംബ നല്‍കുന്ന പിന്തുണയും ഒട്ടും കുറവല്ല എന്ന് ദിവ്യ പറയുന്നു. വീട്ടില്‍ അച്ഛനും അമ്മയുമാണിപ്പോഴുള്ളത്. ചേച്ചി വിവാഹിതയാണ്. ഭര്‍ത്താവിനും മകനുമൊപ്പം ബാംഗ്ലൂരില്‍ താമസിക്കുന്നു.