പ്രത്യാശയുടെ നിറം പകരുന്ന ദളിത് പോരാട്ടം

പ്രത്യാശയുടെ നിറം പകരുന്ന ദളിത് പോരാട്ടം

Monday August 15, 2016,

2 min Read

ദളിതര്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തിലെ സാമൂഹ്യബോധം എങ്ങനെ രൂപപ്പെടുന്നുവെന്ന് ചര്‍ച്ച ചെയ്യുകയാണ് ആം ആദ്മി നേതാവായ അഷുതോഷ്. തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം തന്റെ ചിന്തകള്‍ യുവര്‍‌സ്റ്റോറി വായനക്കാര്‍ക്കു മുന്നില്‍ പങ്കുവെക്കുന്നു.

വാരണാസിക്കും അലഹബാദിനും മധ്യേയുളള മിര്‍സാപൂറിലായിരുന്നു ഞാന്‍ എന്റെ കുട്ടിക്കാലം ചിലവഴിച്ചത്. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന എന്റെ അച്ഛനൊപ്പം എല്ലാ ദിവസവും അദ്ദേഹത്തിന്റെ പ്യൂണും വീട്ടിലെത്തുമായിരുന്നു. എല്ലാ ദിവസവും അദ്ദേഹത്തിന് അമ്മ ചായയും ബിസ്‌കറ്റും നല്‍കുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് തന്നിരുന്നതില്‍ നിന്ന് വ്യത്യസ്തമായി സ്റ്റീല്‍ ഗ്ലാസിലായിരുന്നു ചായ അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഞങ്ങള്‍ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അടുക്കളയില്‍ അദ്ദേഹത്തിന് നല്‍കിയിരുന്ന ഗ്ലാസും പാത്രവും പ്രത്യേകമായാണ് സൂക്ഷിച്ചിരുന്നത്. ഞങ്ങളും സ്റ്റീല്‍ ഗ്ലാസില്‍ ചായ കുടിക്കുമായിരുന്നെങ്കിലും പ്യൂണ്‍ കുടിച്ചിരുന്ന ഗ്ലാസില്‍ അമ്മ ഞങ്ങള്‍ക്ക് ചായ തരുമായിരുന്നില്ല. അന്നൊന്നും ഞാന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഒരു ദിവസം ഞാന്‍ ഇതേക്കുറിച്ച് അമ്മയോട് ചോദിച്ചു. എന്താണ് ഇത്തരത്തില്‍ ഒരു വേര്‍തിരിവെന്ന്

ഉത്തര്‍പ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അമ്മയുടെ വീട്. എഴുത്തും വായനയും വശമില്ലാത്ത അമ്മ ആ ഗ്രാമ്യമായ നിഷ്‌കളങ്കതയോടെ ഉത്തരം നല്‍കി. മോനേ....അയാള്‍ പട്ടികജാതിക്കാരനല്ലേ..അതു കൊണ്ടാണ് അങ്ങനെയെന്ന് പറഞ്ഞു. അപ്പോഴും ഈ പട്ടികജാതിക്കാരന്‍ എന്ന മറുപടിയില്‍ നിന്നും എനിക്ക് ഒന്നും മനസിലായില്ല. എന്നാല്‍ വളര്‍ന്നു കഴിഞ്ഞ് കോളജിലൊക്കെ പോകാന്‍ തുടങ്ങിയപ്പോല്‍ പതിയെ കാര്യങ്ങള്‍ മനസിലായി. എനിക്ക് കോളജില്‍ എന്റെ സുഹൃത്തുക്കളായി ഒരു മുസ്ലീമും ഒരു പട്ടികജാതിക്കാരനുമുണ്ടായിരുന്നു. അവര്‍ എന്റെ വീട്ടില്‍ വരുമായിരുന്നു. കാലം മാറിയപ്പോള്‍ അമ്മയും മാറിയിരുന്നു. അവരെ എന്റെ മറ്റുള്ള സുഹൃത്തുക്കളെപ്പോലെ തന്നെ അമ്മ കണ്ടു. എന്താണ് ഇതില്‍ നിന്നും നാം മനസിലാക്കുന്നത്. ഒരു പക്ഷേ എല്ലാ വീടുകളിലും നാമറിയാതെ തന്നെ ഇത്തരം തൊട്ടുകൂടായ്മകള്‍ മനസിലെങ്കിലും നിലനിന്നിരുന്നു എന്നതാണ്. എന്നാല്‍ നമ്മുടെ മാറുന്ന കാഴ്ച്ചപ്പാടുകള്‍, നമ്മുടെ തുറന്ന സമീപനം എല്ലാം ഇത്തരം രൂഢമൂലമായ കീഴ് വഴക്കങ്ങളെ കാറ്റില്‍പറത്തും എന്നു തന്നെയാണ് എന്റെ ചിന്ത. എന്റെ അച്ഛനും

അമ്മയും ആത്മീയ ചിന്തകള്‍ ശക്തമായി വെച്ചു പുലര്‍ത്തുന്നവരായിരുന്നു. ഹിന്ദുക്കളായ അവര്‍ രാവിലെ എഴുന്നേറ്റ് ദൈവത്തെ പ്രാര്‍ഥിച്ച് അവരുടെ ദിനചര്യകള്‍ കൃത്യമായി ചെയ്ത്, ഉത്തരവാദിത്തങ്ങള്‍ പാലിച്ച് ജീവിച്ചവരായിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും തീവ്ര ചിന്താഗതിക്കാരായിരുന്നില്ല. അവരുടെ മക്കളേയും അങ്ങനെയല്ല വളര്‍ത്തിയത്.

എന്നാല്‍ കഴിഞ്ഞ മാസം ദളിതരെ കെട്ടിയിട്ട് ഗാവ് രക്ഷക് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന കാഴ്ച എന്നെ വല്ലാതെ അസ്വസ്ഥനാക്കി. തീര്‍ത്തും അന്ധമായ വിശ്വാസത്തില്‍ ദളിതരെ മനുഷ്യരായി പോലും കാണാതെ മര്‍ദ്ദിക്കുന്ന ആ കാഴ്ച തീര്‍ത്തും അസഹനീയം തന്നെയാണ്. പശുക്കളോടുള്ള അമിതമായ സ്‌നേഹമാണ് ഈ മര്‍ദ്ദനത്തിന് കാരണമെങ്കില്‍ റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു വേണ്ടത്. ബീഫ് കയറ്റുമതി ഏറ്റവും കൂടുതല്‍ നടക്കുന്ന മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നു വരുന്ന ഇത്തരം കാഴ്ചകള്‍ മോദി സര്‍ക്കാരിന് കളങ്കമായി മാത്രമേ ഭവിക്കുകയുള്ളൂ.

നൂറ്റാണ്ടുകള്‍ നീളുന്ന ജാതീയമായ തൊട്ടുകൂടായ്മകള്‍ സത്യത്തില്‍ പടിഞ്ഞാറന്‍ ദേശത്ത് നിലനിന്നിരുന്ന അടിമത്തത്തിന് സമാനമാണ്. കഴിഞ്ഞ ജന്‍മത്തില്‍ ചെയ്ത പാപത്തിന്റെ ഫലമാണ് അവര്‍ പട്ടികജാതിയില്‍ ജനിച്ചതെന്ന പ്രചരണങ്ങളാണ് നടന്നിരുന്നത്. തൊട്ടുകൂടായ്മ നമ്മുടെ ഭരണഘടനയില്‍ ഇല്ലായ്മ ചെയ്തിട്ടുണ്ടെങ്കിലും നിയമപരമായി എല്ലാവരും സമന്‍മാരായി വ്യാഖ്യാനിക്കുമെങ്കിലും സമൂഹത്തില്‍ ജാതീയമായ വേര്‍തിരിവുകള്‍ ഇന്നും രൂഢമൂലമായി തന്നെ നില നില്‍ക്കുന്നു. ആ അര്‍ഥത്തില്‍ നോക്കിയാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഇത്തരം മൂഢമായ വിശ്വാസത്തിന്റെ ഇരകളാണ് എന്റെ മാതാപിതാക്കളും. ഈ അവസ്ഥയില്‍ മാറ്റം വരണമെന്ന് ആഗ്രഹിക്കാത്ത ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ ഇന്നവര്‍ മറ്റ് എന്നത്തേക്കാളും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാണ്. സമൂഹത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കാനുള്ള പോരാട്ടത്തിന്റെ പാതയിലുമാണ് ഇന്നവര്‍. നല്ലൊരു നാളേക്കായുള്ള പോരാട്ടത്തില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കാം.