എഡിറ്റീസ്
Malayalam

സംഗീത ലോകത്തിന് യുവത്വത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തി സൂരജ് സന്തോഷ്

22nd Mar 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സംഗീതം ലഹരിയായി മാറുന്ന പുതുതലമുറയുടെ മനസറിഞ്ഞ പാട്ടുകാരനാണ് സൂരജ് സന്തോഷ്. സ്പന്ദിക്കുന്ന യുവത്വത്തിന് മുന്നില്‍ ' മസാല കോഫി' എന്ന മ്യൂസിക് ബാന്‍ഡിലൂടെ സംഗീതത്തിന്റെ പുത്തന്‍ താളുകള്‍ രചിച്ച ഗായകന്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ മലയാളികള്‍ക്ക് അന്യമായിരുന്ന മ്യൂസിക് ബാന്‍ഡുകളെ മാറ്റത്തിന്റെ പാതയിലൂടെ കൈ പിടിച്ചുയര്‍ത്തി സംഗീതത്തിന്റെ മുന്‍ നിരയില്‍ എത്തിച്ചവരില്‍ പ്രമുഖനാണ് ഈ യുവപ്രതിഭ. സംഗീതത്തിന്റെ യാതൊരു സത്തയും ചോര്‍ന്നു പോകാതെ സ്വരലയങ്ങള്‍ കൂട്ടിയിണക്കി ത്രസിപ്പിക്കുന്ന ഈണങ്ങളെ സ്വന്തം ശബ്ദത്തില്‍ ആരാധകര്‍ക്ക് മുന്നിലെത്തിക്കുന്ന ഈ സര്‍ഗ്ഗ പ്രതിഭ തിരുവനന്തപുരം സ്വദേശിയാണ്. കര്‍ണ്ണാടക സംഗീതത്തിന്റെ വഴികളിലൂടെ തുടക്കം കുറിച്ച സൂരജ് ഇന്ന് വേറിട്ട സംഗീത ലോകത്തിന്റെ നവ പ്രതിനിധികളിലൊരാളാണ്. 

image


അധ്യാപികയായ അമ്മയുടെ പ്രചോദനത്തില്‍ സംഗീത ലോകത്തിന്റെ ആദ്യപടവുകള്‍ കയറിത്തുടങ്ങിയ സൂരജ് ഇന്ന് മലയാളത്തിനു പുറമേ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പ്രതിഭ തെളിയിച്ചു കഴിഞ്ഞു.സംഗീതത്തിന്റെ നവഭാവങ്ങള്‍ കോര്‍ത്തിണക്കുന്ന പ്രസിദ്ധമായ മ്യൂസിക് ബാന്‍ഡിലെ അംഗം കൂടിയായ സൂരജിന്റെ സംഗീത യാത്ര മലയാള ഭാഷയിലൊതുങ്ങുന്നതല്ല. അമ്മ തെളിച്ച വഴിയിലൂടെ നടന്നു തുടങ്ങിയ സൂരജ് കാതങ്ങള്‍ പിന്നിട്ട് സംഗീതത്തിന്റെ വര്‍ണശഭളമായ ലോകത്താണ് ഇന്നെത്തി നില്‍ക്കുന്നത്. സംഗീതത്തിന്റെ വിവിധ ഭാവങ്ങള്‍ പകര്‍ന്നു നല്‍കിയ ഗുരു പുല്ലാങ്കുഴല്‍ വിദഗ്ദ്ധന്‍, കുടമാളൂര്‍ ജനാര്‍ദ്ദനന്റെ ശിക്ഷണത്തില്‍ തന്റേതായൊരു ശൈലി സൂരജ് സ്വന്തമാക്കി. മനുഷ്യ മനസില്‍ വികാരം ജനിപ്പിക്കുന്ന ഭാവങ്ങളെ ശബ്ദത്തിലാവാഹിച്ച് പാടുന്ന സൂരജിന്റെ നൂതന ശൈലി യുവത്വത്തിന് ഏറെ പ്രിയങ്കരമാണ്. കുടമാളൂര്‍ ജനാര്‍ദ്ദനന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് സൂരജ് സന്തോഷ് എന്ന യുവഗായകന്റെ വളര്‍ച്ചയ്ക്കാധാരം. 

image


ചെറുപ്പത്തില്‍ തന്നെ ലോകത്തിന്റെ വിവിധ കോണുകളില്‍ സ്വന്തം ശബ്ദത്തിലൂടെ തരംഗം സൃഷ്ടിച്ച ഈ കലാകാരന്‍ ഇന്‍ഡോഓസ്ട്രിയന്‍ ബാന്‍ഡായ 'അശ്രാം ഓറിയന്റല്‍ റോക്കി'ലെ അംഗമായിരുന്നു. ഏഴംഗ മ്യൂസിക് ബാന്‍ഡിലെ മൂന്ന് മലയാളികളില്‍ ഒരാളായ സൂരജ് 2011ലെ യൂറോപ്യന്‍ ട്രിപ്പിലൂടെ സംഗീതത്തിന്റെ വിവിധ രസങ്ങളെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ക്കു മുന്നിലെത്തിച്ചു. സംഗീതത്തോടുള്ള സൂരജിന്റെ പ്രണയം പാടുന്ന ഓരോ വരികളിലും നിറയുന്നത് കേള്‍വിക്കാര്‍ക്ക് അനുഭവിച്ചറിയാം. സര്‍ഗാത്മക കഴിവുകളുടെ ആകെ തുകയാണ് 'മസാല കോഫി' മ്യൂസിക് ബാന്‍ഡ്. സംഗീതത്തോടൊപ്പം സൗഹൃദവും ഒന്നിച്ചപ്പോള്‍ തൊട്ടതെല്ലാം പൊന്നെന്ന ചൊല്ലിനെ സാധൂകരിച്ചു കൊണ്ട് മസാല കോഫിയില്‍ പനഃര്‍ജനിച്ച എല്ലാ പാട്ടുകളും വമ്പന്‍ ഹിറ്റുകളായി മാറി. 

image


എല്ലാത്തരം ഗാനങ്ങളോടുമുള്ള മികച്ച സമീപനം കപ്പാ ടി വി യിലെ മ്യൂസിക് മോജോയെന്ന ജനപ്രിയ പ്രോഗ്രാമിന്റെ സ്ഥിരസാന്നിദ്ധ്യമായി മസാല കോഫിയെ മാറ്റി. നിശബ്ദതയില്‍ നിന്നും ശ്രവണ സുന്ദരമായ അനേകം ഈണങ്ങള്‍ സൃഷ്ടിച്ച ഈ മ്യൂസിക് ബാന്‍ഡ് ചുരുങ്ങിയ കാലയളവിനുള്ളില്‍ സംഗീതത്തിന്റെ മായാജാലം ആരാധകര്‍ക്കായി ഒരുക്കി. സൂരജിന്റെ ശബ്ദത്തിലും പശ്ചാത്തല സംഗീതത്തിന്റെ പ്രസരിപ്പിലും ആരാധകരെ പിടിച്ചിരുത്തിയ അനേകം പാട്ടുകള്‍ പിറവിയെടുത്തു. ഈണങ്ങളിലെ ആകര്‍ഷണത്വം ശൈലികളില്‍ നിന്നും ഈ ബാന്‍ഡിനെ വ്യത്യസ്തമാക്കുന്നു. യൂട്യൂബ് റെക്കോര്‍ഡുകളെ തകര്‍ത്ത് മസാല കോഫിയുടെ പുത്തനുണര്‍വേകുന്ന പാട്ടുകള്‍ സൂരജിന്റെ ശബ്ദത്തിലൂടെ ആയിരങ്ങളെ കീഴടക്കി മുന്നേറുന്നു. ഭാഷാഭേദമന്യേ സംഗീതമെന്ന ഉപാധിയിലൂടെ പ്രണയവും വിങ്ങലും ജനിപ്പിക്കുന്ന ഈണങ്ങളെ സൃഷ്ടിക്കാന്‍ സൂരജടങ്ങുന്ന ഈ സംഗീത കൂട്ടായ്മയ്ക്കായി. എക്കാലത്തെയും തമിഴ് റൊമാന്റിക് ഹിറ്റുകളായ ' മുന്‍പേ വാ എന്‍ അന്‍പേ വാ...', 'സ്‌നേഹിതനേ ...' തുടങ്ങിയ ഗാനങ്ങള്‍ സൂരജിന്റെ ശബ്ദത്തില്‍ മ്യൂസിക് മോജോയില്‍ എത്തിയപ്പോള്‍, റെക്കോര്‍ഡുകള്‍ക്കുമപ്പുറം ആ ശബ്ദത്തിന്റെ മാസ്മരികത ആരുടെ മനസ്സിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നതായിരന്നു. അതേ ശബ്ദത്തില്‍ പിറന്ന 'കാന്താ... ഞാനും വരാം...' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആകാംഷയോടെ കാത്തിരുന്നു കേട്ട യുവാക്കളുടെ നിര വളരെ വലുതാണ്. 

image


സ്‌കൂള്‍ മ്യൂസിക് ബാന്‍ഡിലെ അനുഭവങ്ങളും സുഹൃത്തുക്കളും രൂപപ്പെടുത്തിയ സംഗീതലോകം പിന്‍തുടര്‍ന്നു വന്ന സൂരജ് ഇപ്പോള്‍ ചെന്നൈയിലാണ് താമസം. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദധാരിയായ ഈ ചെറുപ്പക്കാരന്‍ ഇന്ന് തിരക്കേറിയ ചലച്ചിത്ര പിന്നണി ഗായകനാണ്. സംഗീതത്തിന്റെ വേരുകള്‍ കേരളത്തിലാണെങ്കിലും സിനിമ പിന്നണി ഗാനരംഗത്തേയ്ക്കുള്ള കന്നിയാത്ര തെലുങ്ക് ഭാഷയില്‍ നിന്നായിരുന്നു. ഇപ്പോള്‍ തെലുങ്ക് ഭാഷയില്‍ സജീവമായി കഴിഞ്ഞ സൂരജ് മലയാളം, തമിഴ്, ഹിന്ദി, കന്നട തുടങ്ങി വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് സ്വന്തം ശബ്ദത്തില്‍ ജീവന്‍ നല്‍കി. ജി.വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിച്ച സൂരജിന്റെ ആദ്യഗാനത്തിനു തന്നെ 'മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്' ലഭിച്ചു. 

image


തെലുങ്ക് തമിഴ് ചലച്ചിത്ര ഗാനരംഗത്ത് സ്ഥിര സാന്നിദ്ധ്യമായി മാറിക്കൊണ്ടിരിക്കുന്ന സൂരജിന്റെ ശബ്ദത്തിന് മെലഡിയും ഫാസ്റ്റ് നമ്പറുകളും ഒരുപോലെ ഇണങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. മുഴുവന്‍ സമയവും സംഗീതത്തിനായും മ്യൂസിക് ബാന്‍ഡിനായും ചെലവഴിക്കുന്ന സൂരജ് കീഴടക്കുന്ന ഓരോ പടവുകളും കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും പ്രതിഫലനമാണ്. അവസരങ്ങള്‍ നഷ്ടപ്പെടുത്താതെയുള്ള സംഗീത യാത്രയാണ് സൂരജിനെ ജനഹൃദയങ്ങള്‍ അംഗീകരിച്ച ഗായകനായി വളര്‍ത്തിയത്. തുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തിരക്കേറിയ മ്യൂസിക് ബാന്‍ഡായി മസാല കോഫിയും മാറി കഴിഞ്ഞു. കലാകാരന്‍മാരുടെയെല്ലാം സ്‌കൂള്‍ ജീവിതവും കലാലയ ജീവിതവും വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണ്. 

image


സൂരജിനും നിറമേറിയ അത്തരമൊരു കാലത്തെ കുറിച്ച് പറയാനുണ്ട്. 2004-2005 കലയളവില്‍ സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ സൂരജ് സന്തോഷ് എന്ന പേര് നിറഞ്ഞു നിന്നിരുന്നു. 2009, 2010, 2011 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫെസ്റ്റുകളിലൂടെ സൂരജ് യുവഹൃദയങ്ങളില്‍ ചേക്കേറി. കലാലയ ജീവിതം സംഗീതത്താല്‍ സമൃദ്ധമായിരുന്നു.തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ കല്‍ത്തൂണുകളിലും ക്ലാസ് റൂമുകളിലും ഈ ശബ്ദം പലതവണ തട്ടി തടഞ്ഞു നിന്നിട്ടുണ്ട്. ജനമറിയുന്ന പാട്ടുകാരനായി മാറാനുള്ള ആദ്യ ചവിട്ടുപടിയും ആ കലാലയ ജീവിതത്തിനിടയിലാണ് ലഭിച്ചത്. സൂരജിന്റെ സംഗീതജീവിതം വര്‍ഷങ്ങള്‍ കഴിയുംതോറും കൂടുതല്‍ ആവേശമുള്‍ക്കൊണ്ട് മുന്നേറുകയാണ്. സംഗീതത്തിന്റെ ആഴത്തട്ടുകളിലേയ്ക്കിറങ്ങി പോകുമ്പോള്‍, കലാലയ ജീവിതം സമ്മാനിച്ച ഒരു പിടി നല്ല ഓര്‍മകള്‍ സൂരജിന് സ്വന്തം.

image


 ദിനംപ്രതി ആരാധകരുടെ അംഗീകാരം ലൈക്കുകളായി സൂരജിന്റെ ഫെയസ്ബുക്ക് പേജില്‍ നിറയുകയാണ്. ചെന്നൈയിലെ തിരക്കിട്ട ജീവിതത്തിനിടയിലും ചിരിക്കുന്ന മുഖവുമായി ആരാധകര്‍ക്കു മുന്നില്‍ സൂരജ് എത്താറുണ്ട്... മസാല കോഫിയോടൊപ്പം കാലം ഏറ്റെടുത്ത ഈ യുവഗായകന്‍ മലയാളിയുടെ അഭിമാനമാണ്. മസാല കോഫിയുടെ വരാനിരിക്കുന്ന ഹിറ്റുകളുടെ പണിപ്പുരയിലാണ് സൂരജും കൂട്ടുകാരും. 'കാന്തഫൈഡ്' തീര്‍ത്ത ഓളങ്ങള്‍ മായാതെ നില്‍ക്കുന്ന ഈ അവസരത്തില്‍ സംഗീതത്തെ പ്രണയിക്കുന്ന മലയാളികള്‍ സൂരജില്‍ ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുകയാണ്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക