എഡിറ്റീസ്
Malayalam

കാവാലം; നാടകവേദിയുടെ തനത് മുഖം

27th Jun 2016
Add to
Shares
3
Comments
Share This
Add to
Shares
3
Comments
Share

മലയാളിയുടെ നാടക സങ്കല്‍പ്പത്തെ അടിമുടി മാറ്റിയെഴുതി നാടകവേദിക്ക് പുതിയ രൂപവും ഭാവവും നല്‍കിയ നാടകാചാര്യനായിരുന്നു കാവാലം നാരായണപ്പണിക്കര്‍. മലയാള തനതു നാടക പ്രസ്ഥാനത്തിനു രൂപഭംഗിയും ഉണര്‍വും പകര്‍ന്നു നല്‍കിയ ധിഷണാശാലിയേയാണ് കാവാലത്തിന്റെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടപ്പെട്ടത്. തന്റേതായ നാടക സങ്കേതങ്ങളിലൂടെ മലയാള നാടകങ്ങളെ ജനകീയവല്‍ക്കരിച്ച പ്രതിഭ കൂടിയായിരുന്നു കാവാലം. അന്യഭാഷാ കൃതികളെ നാടക രൂപത്തില്‍ മലയാളിക്ക് പരിചയപ്പെടുത്തിയതും കാവാലം നാരായണപ്പണിക്കരാണ്. താളാത്മതകമായ ചുവടു വെപ്പുകളോടെ രംഗ ചലനങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ കാവാലം അരങ്ങില്‍ വിപ്ലവം സൃഷ്ടിച്ച കലാകാരന്‍ കൂടിയായിരുന്നു.

image


ആഢ്യമായ സംസ്‌കൃത നാടകങ്ങളുടെ കരുത്തിനൊപ്പം നമ്മുടെ തനത് കലാരൂപങ്ങളെ നാടക സങ്കേതത്തിലേക്ക് ആനയിച്ച കലാകാരന്‍. തെയ്യവും പടയണിയും തീര്‍ത്ത കലയുടെ ശീലുകളെ നാടകത്തിന്റെ ചൊല്‍ക്കാഴ്ചക്കളില്‍ വിളക്കിച്ചേര്‍ത്ത പ്രതിഭ. കാവലത്തിന്റെ അവനവന്‍ കടമ്പയെന്ന നാടകം മാത്രം മതി അദ്ദേഹത്തിന്റെ പ്രതിഭയെ വിലയിരുത്താന്‍. നാട്യശാസ്ത്രവും നാടന്‍ശീലുകളും സമ്മേളിച്ച ആ നാടകം മലയാളി ആസ്വാദകര്‍ക്കു നല്‍കിയ ഭാവതലം വളരെ വലുതായിരുന്നു. നാടകവും പ്രേക്ഷകരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പറിച്ചു മാറ്റിയ നാടകത്തില്‍ ചെണ്ടയും ഉടുത്തും തുടിയും ഉണര്‍ത്തിയ നാദപ്രപചഞ്ചത്തിലൂടെ അഭിനേതാക്കളും കാണികളും ഒന്നായി മാറി. കാവാലം ആവിഷ്‌ക്കരിച്ച നാടക സങ്കേതം കേരളത്തിലാകെ വലിയ ചലനം സൃഷ്ടിച്ചു. സ്റ്റേജുകളിലെ കര്‍ട്ടണുകള്‍ക്ക് പിന്നില്‍ നിന്നും തുറസ്സായിടങ്ങളിലേക്ക് നാടകങ്ങളെത്തിച്ച കാവാലം നാടകമെഴുതും മുമ്പെ തന്റെ നാടക പ്രമേയം കവിതാ രൂപത്തിലെഴുതുമായിരുന്നു. ആ കവിതയിലെ ബിംബങ്ങളുപോയോഗിച്ചാണ് പിന്നീട് നാടകം വികസിപ്പിക്കുക. തനത് ശൈലിയെ കാവാലം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. അവനവന്‍ കടമ്പ, ദൈവത്താര്‍, തെയ്യത്തെയ്യം കൈകുറ്റപ്പാട്ട് സാക്ഷി തുടങ്ങി 28 ഓളം നാടകങ്ങളാണ് അദ്ദേഹം എഴുതിയത്.

ചലച്ചിത്ര സംവിധായകനായ അരവിന്ദന്‍, നാടകകൃത്ത് സി എന്‍ ശ്രീകണ്ഠന്‍ നായര്‍, കവി അയ്യപ്പപണിക്കര്‍, നടന്‍മാരായ ഗോപി, നെടുമുടി വേണു, മുരളി അങ്ങനെ കാവാലത്തിന്റെ കലാസപര്യക്കൊപ്പം നിന്നത് മലയാളത്തിലെ വലിയ പ്രതിഭകള്‍. ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന സാക്ഷിയും, തെയ്യത്തെയ്യവും ദൈവത്താറുമൊക്കെ കേരളത്തില്‍ മാത്രമല്ല മറ്റ് നാടുകളിലെ കലാപ്രേമികള്‍ക്കിടയിലും ചര്‍ച്ചയായി. അന്യഭാഷാ സാഹിത്യത്തെ മലയാളനാടക വേദിയിലേക്ക് പകര്‍ത്തി എഴുതുന്നതിലും അസാമാന്യ മികവു കാട്ടി കാവാലം. ഭാസന്റേതുള്‍പ്പെടെ അനേകം സംസ്‌കൃത നാടകങ്ങളും ഷേക്‌സ്പിയര്‍ നാടകങ്ങളും കാവാലം അരങ്ങിലെത്തിച്ചു. ഒരുമധ്യവേനല്‍, രാക്കനവ്, കൊടുങ്കാറ്റ് തുടങ്ങിയ നാടകങ്ങളിലൂടെ ഷേക്‌സ്പിയര്‍ കഥാപാത്രങ്ങള്‍ തനിമ ചോരാതെ കേരളക്കരിയിലെത്തി. വ്യാസ ഭാരതം, വിക്രമോവശീയം, ശാകുന്തളം തുടങ്ങി സംസ്‌കൃതത്തില്‍ നിന്നുള്ള മൊഴിമാറ്റങ്ങളും ഏറെ ശ്രദ്ധേയമായി. 2001ല്‍ മോഹന്‍ലാല്‍ കര്‍ണനായി ആടിത്തിമിര്‍ത്ത കര്‍ണഭാരം ഏറെ ജനശ്രദ്ധ നേടി. ഒടുവില്‍ മഞ്ജുവാര്യരും നാടകാഭിനയം തേടി കാവാലത്തിന് അരികിലെത്തി. ഇന്ത്യയില്‍ മാത്രമല്ല വിദേശങ്ങളിലും കാവാലത്തിന്റെ നാടകപെരുമകള്‍ എത്തിച്ചേര്‍ന്നിരുന്നു. ഒരു പക്ഷേ കാവാലത്തിന്റെ കളരിയില്‍ എത്താത്തവരായി ആരുമുണ്ടാകില്ല ഇപ്പോള്‍ മലയാള നാടകവേദിയില്‍.

1961ല്‍ കേരള സംഗീത നാടകഅക്കാദമിയില്‍ സെക്രട്ടറി ആയി നിയമിതനായതു മുതല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല തൃശ്ശൂരായി. പിന്നെ യൂറോപ്യന്‍ നാടുകളില്‍ വരെ കേരളക്കരയുടെ കലാപാരമ്പര്യത്തിന്റെ യശശ്ശുയര്‍ത്തുന്ന പേരായി കാവാലം മാറി. വള്ളപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും കേട്ടുവളര്‍ന്ന നാരായണപ്പണിക്കര്‍ ആ ശീലുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയ കവി കൂടിയായിരുന്നു.

അറുപതിലേറെ സിനിമകള്‍ക്കായി അദ്ദേഹം ഗാനങ്ങളും രചിച്ചിട്ടുണ്ട്. അരവിന്ദന്റെ കുമ്മാട്ടിയിലേതുള്‍പ്പെടെ അവയില്‍ പലതും ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവ. ഒരിക്കലും മലയാളിക്ക് മറക്കാനാകാത്ത കുറേ ലളിതഗാനങ്ങളും ആ തൂലികയില്‍ നിന്ന് പിറവിയെടുത്തു. കവിത്വത്തിനൊപ്പം സംഗീതവും ആ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു. രതിനിര്‍വേദം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി. വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, പടയോട്ടം, ചില്ല്, സൂര്യന്‍, വിടപറയും മുമ്പേ, ആമ്പല്‍പ്പൂവ്, വേനല്‍, സ്വത്ത്, പവിഴമുത്ത്, പെരുവഴിയമ്പലം, തമ്പുരാട്ടി, തുടങ്ങിയ ഇതില്‍ പ്രമുഖം. 1978 ലും 1982ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.

1928 ഏപ്രില്‍ 28ന് കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തിലെ പ്രശസ്തമായ ചാലയില്‍ കുടുംബത്തിലാണ് നാരായണപ്പണിക്കര്‍ ജനിച്ചത്. ഗോദവര്‍മ്മയുമായും കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു മാതാപിതാക്കള്‍. നാട്ടിലെയും പുളിങ്കുന്നത്തെയും വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, കോട്ടയം സി എംഎസ് കോളേജ് , ആലപ്പുഴ എസ്. ഡി കോളേജ് ആലപ്പുഴ എസ് ഡി കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് പഠനം.

കാവാലം എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനാണ്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ കാവാലം സംഗീത നാടക അക്കാദമി ഫെലോഷിപ്പും സ്വന്തമാക്കി. 2007ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ശാരദാമണിയാണ് കാവാലത്തിന്റെ ഭാര്യ. കാവാലം ശ്രീകുമാര്‍ മകനാണ്. അവസാന നാളുകള്‍ വരെയും നാടകങ്ങളും കവിതയുമൊക്കെയായി സാംസ്‌കാരിക ലോകത്ത് ആ പ്രതിഭ സജീവമായിരുന്നു. നാടക രചയിതാവ്, സംവിധായകന്‍, കവി, ഗാനരചയിതാവ്, പ്രഭാഷകന്‍. അങ്ങനെ കേരളക്കര ജന്മം നല്‍കിയ അപൂര്‍വം ബഹുമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു കാവാലം നാരായണപ്പണിക്കര്‍. 

Add to
Shares
3
Comments
Share This
Add to
Shares
3
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക