എഡിറ്റീസ്
Malayalam

കൃഷിയെ പ്രോത്സാഹിപ്പിച്ച് 'കൃഷിഭൂമി' ഫേസ്ബുക്ക് കൂട്ടായ്മ

sreelal s
3rd Jan 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
image


വിഷരഹിത പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കാന്‍ ഉള്ള അറിവും വിത്തുകളും പരസ്പരം കൈമാറി നല്ല കൃഷിക്കാരായി മാറാന്‍ ഓരോ അംഗത്തെയും പ്രാപ്തമാക്കുക എന്നതാണ് കൃഷിഭൂമിയുടെ ലക്ഷ്യം. മാത്രമല്ല കൃഷി വ്യാപനത്തിനായി അംഗങ്ങള്‍ ആവശ്യപ്പെടുന്ന കാര്‍ഷിക സഹായങ്ങള്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുക എന്ന കാര്യവും കൂട്ടായ്മ ലക്ഷ്യമിടുന്നു. കാര്‍ഷിക സംബന്ധിയായ പോസ്റ്റുകള്‍ അറിവുകള്‍ സ്വന്തം കാര്‍ഷിക അനുഭവങ്ങള്‍ എന്നിവ ഓരോ അംഗങ്ങളും ഈ കൂട്ടായ്മയിലൂടെ പങ്കുവെയ്ക്കുന്നു. മാത്രമല്ല ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരും പരിചയമില്ലാത്തവരുമായുമുള്ള വിത്തുകളുടെയും ചെടികളുടേയും കൈമാറ്റവും ഈ കൂട്ടായ്മയിലൂടെ സാധ്യമാകുന്നു. അതുകൊണ്ടുതന്നെ ഇതിലെ ഓരോ അംഗങ്ങളുടേയും പോസ്റ്റുകളും അഭിപ്രായങ്ങളും മറ്റുള്ളവരെ കൃഷിക്കാരാക്കാന്‍ പ്രാപ്തരാക്കുന്നു എന്നത് ശ്രദ്ധേയമാണ്.

image


നൂറുമേനി വിളവിന്റെ വ്യത്യസ്തതയാണ് ഇതിലെ ഓരോ പോസ്റ്റിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കര്‍ഷകന്‍ ഇട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു. 'എന്റെ വാഴക്കുല കിരണിന്റെ ചേന, അന്‍ഷാദിന്റെ കപ്പ' കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചയാണ് ഈ പോസ്റ്റിന് ആധാരം. ഇവ ഓരോന്നും വിലക്കുറവിന്റേയും വിപണനതിന്റെയും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ആവശ്യക്കാരായ എല്ലാവരും വിപണിയെ സമീപിക്കുന്നത് എത്ര വില കുറച്ചു ലഭിക്കും എന്ന ആവേശത്തോടെ ആണ്. രാവന്തിയോളം അധ്വാനിച്ച് വിളവെടുത്തുകൊണ്ട് ചെല്ലുന്ന കര്‍ഷകന് കിട്ടുന്ന തുകയുടെ ഇരട്ടി ലാഭമാണ് ഒന്നോ രണ്ടോ ദിവസം കൊണ്ട് കച്ചവടക്കാരന്‍ ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് വില തകര്‍ച്ചയെ നേരിടാനായി ചില കൃഷിഭൂമി അംഗങ്ങള്‍ നേരിട്ട് വഴിയോര വിപണനം കൊട്ടാരക്കരയിലും ആലപ്പുഴയിലും സംഘടിപ്പിച്ചത്.

image


കൃഷിഭൂമി വാളണ്ടിയര്‍മാരുടെ പങ്കാളിത്തത്തില്‍ അന്നത്തെ ഉത്പന്നങ്ങള്‍ വിറ്റ് പോയെങ്കിലും ഇത്തരത്തില്‍ എല്ലായിടത്തും വാളണ്ടിയര്‍മാരെ നിര്‍ത്തിയുള്ള വിപണനം എപ്പോഴും സാധ്യമല്ല. വീട്ടില്‍ പരിമിതമായ തോതില്‍ പച്ചകറി കൃഷി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പ്രശ്‌നം അല്ലായിരിക്കാം. എന്നാല്‍ കൃഷി തൊഴില്‍ അല്ലെങ്കില്‍, ഭാഗികമായ വരുമാന സ്രോതസ് ആയുള്ളവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വില ഇടിച്ചില്‍ വലിയൊരു പ്രശ്‌നം ആണ്. ഇതിനെക്കുറിച്ചാണ് കൃഷിഭൂമി ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. ആ ചര്‍ച്ചകളുടെ പൂര്‍ണ്ണരൂപം ഇങ്ങനെ:

'ഒന്ന്: കര്‍ഷകന് ന്യായവില ലഭ്യമാക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണ്. ഉപഭോക്താവിന്റെ മേലെയാണ് ഭക്ഷ്യ വസ്തുക്കള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ എന്നനിലഉണ്ടാവണം. ഈ നിലയില്‍ ഒരു പ്രചരണവും ബോധവല്‍കരണവും നമ്മള്‍ നടത്തേണ്ടതല്ലേ? സര്‍ക്കാരും മറ്റുള്ളവരും സംഘടിപ്പിക്കുന്ന ചന്തയില്‍ വില നിശ്ചയിക്കുന്നത് ഇപ്പോഴും കച്ചവടക്കാരും മറ്റു വാങ്ങുന്നവരും ആണ്. നമ്മള്‍ ഒരു കടയില്‍ ചെന്ന് ഒരു സോപ്പ് വാങ്ങുന്നു. അതിനു നിര്‍മ്മാതാവും കച്ചവടക്കാരനും കൂടി നിശ്ചയിച്ച വില തര്‍ക്കമില്ലാതെ നല്‍കും. ആ വിലയാകട്ടെ അസംസ്‌കൃത വസ്തുക്കളുടെ വില ഇടിഞ്ഞാലും ഇടിവില്ലാതെ തുടരും. എന്നാല്‍ കര്‍ഷകന്‍ എന്ന ഭക്ഷ്യോല്‍ പാദകന് വില നിശ്ചയിക്കാന്‍ അധികാരം ഇല്ല. വില കൂടുതല്‍ നല്കാതെ വില്‍ക്കില്ലാ എന്ന് തീരുമാനിച്ചാല്‍ വില്പന നടക്കില്ല. കച്ചവടക്കാരന്‍ പറയും എനിക്ക് വേണ്ട. പല ഉല്പന്നങ്ങളും വളരെ വേഗം ചീത്ത ആയി പോകും.

രണ്ട്: എങ്ങനെ ഈ ഉത്പന്നങ്ങള്‍ കേടുകൂടാതെ ന്യായ വില ലഭിക്കും വരെ, അല്ലെങ്കില്‍ ന്യായ വില നല്‍കുന്ന ഉപഭോക്താവ് എത്തും വരെ സൂക്ഷിക്കാം

ഇവിടെ പല നിര്‍ദ്ദേശങ്ങള്‍ ഇതിനു മുന്‍പും വന്നിട്ടുണ്ട്. കപ്പ പല രീതിയില്‍ മൂല്യ വര്‍ധന നടത്തി ഉപയോഗിക്കാം. ഏത്തക്ക, നേന്ത്രന്‍ പല വിധ ഉത്പന്നങ്ങള്‍ ആക്കി മൂല്യ വര്‍ധന നടത്തി നേട്ടം കൊയ്യാം. എന്ന മാതിരി നിര്‍ദ്ദേശങ്ങള്‍ നല്ലതു തന്നെ. ഉദാഹരണത്തിന് ചിപ്‌സ്. നേന്ത്രന്‍ വില കുറഞ്ഞാലും ഇല്ലെങ്കിലും ചിപ്‌സ് വില ഉയര്‍ന്നു തന്നെ. പക്ഷെ മൂന്നോ നാലോ വാഴകുലയുള്ള ഒരു സമ്മിശ്ര കര്‍ഷകന്‍ വാഴകുലകൊണ്ട് ചിപ്‌സ് ഉണ്ടാക്കുന്നതില്‍ പരിശിലനം നേടി അതും കൂടി ഏറ്റെടുക്കുക, കപ്പകൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കുക ചക്ക സംസ്‌കരിക്കുക ഒക്കെ എത്ര പ്രായോഗികം ആകും? തന്നെയുമല്ല അവിടെയും വിപണനത്തിന്റെ പ്രശ്‌നം ഉണ്ടാവും.

അപ്പോള്‍ എന്ത് ചെയ്യും. എന്റെ അഭിപ്രായത്തില്‍ തീര്‍ച്ചയായും നമ്മുടെ മറുനാടന്‍ മലയാളികള്‍ ആയ ചില അംഗങ്ങള്‍ക്ക് ഇവരെ സഹായിക്കാന്‍ കഴിയും. ഉദാഹരണത്തിന് തമിഴ്‌നാടിലെ ഒരു റിലയന്‍സ് മാര്‍ട്ടില്‍ കഴിഞ്ഞ ആഴ്ച ഇഞ്ചി വില 160 രൂപയും ചേനയുടെ വില 60 രൂപയും ആയിരുന്നു.

നമ്മുടെ ഒരംഗം ജൈവ കൃഷി രീതി പിന്തുടര്‍ന്നു വിളയിച്ച ചേന ഇരുപത്തി അഞ്ചു രൂപയ്ക്കു തരാം എന്ന് പറയുന്നു. തപാല്‍ പാര്‍സല്‍ ചാര്‍ജ് കൂടി ആയാലും സൂപ്പര്‍ മാര്‍കെറ്റിലെ വിലക്ക് നമ്മളില്‍ ചിലര്‍ക്കെങ്കിലും ചേന ഇവിടുള്ള കര്‍ഷകരില്‍ നിന്ന് വാങ്ങിക്കൂടെ? നമ്മള്‍ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍, നമ്മള്‍ക്ക് കൂട്ടായി ചെയ്യാവുന്ന കാര്യങ്ങള്‍, നമ്മള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍, നമ്മളില്‍ ചിലര്‍ക്കെങ്കിലും തുടങ്ങാവുന്ന പ്രൊസസിംഗ് സംരംഭങ്ങള്‍ ഒക്കെ ചര്‍ച്ചകളിലൂടെ പ്രായോഗികമാക്കി മുന്നേറുന്ന ഒരു ഘട്ടം തുടങ്ങാന്‍ കൃഷിഭൂമി ഗ്രൂപ്പിന് ആകുമോ?

ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കൃഷിഭൂമിയിലൂടെ നടക്കുന്നത്. കൃഷിയുമായി കൂടുതല്‍ അടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ ഗ്രൂപ്പ് വരെയധികം ഉപയോഗപ്രദമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags