എഡിറ്റീസ്
Malayalam

വീല്‍ചെയറിലെ വിജയത്തിന്റെ പേര് ഡോ. മാലതി കെ ഹോള

21st Oct 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


ചിലര്‍ അങ്ങനെയാണ്. വീഴ്ചകളില്‍ നിന്നും താഴ്ചകളില്‍ നിന്നും ഉയര്‍ന്നുവരുന്നവര്‍. ഉള്‍ക്കരുത്തിന്റെ ബലത്തില്‍ അവര്‍ കൊയ്യുന്ന നേട്ടങ്ങള്‍ ആരേയും അതിശയിപ്പിക്കുക തന്നെ ചെയ്യും. പോളിയോ ബാധയാല്‍ കഴുത്തിന് താഴേക്ക് തളര്‍ന്നു പോയ മാലതിയെന്ന കുഞ്ഞ്, ഇന്ന് പത്മശ്രീ ഡോ. മാലതി കെ ഹോളയാണ്. സ്ഥിരോത്സാഹത്തിന്റേയും പ്രയത്‌നത്തിന്റേയും പ്രതീകം. പത്മശ്രീ ഡോക്ടർ മാലതി കെ ഹോള ഒരു അത്ഭുതമാണ്. പിഞ്ചു കുഞ്ഞായിരുന്നപ്പോൾ പോളിയോ ബാധയെ തുടർന്ന് കഴുത്തിന് താഴേയ്ക്ക് തളർന്ന മാലതി മരിച്ചു പോകുമെന്ന് തന്നെയാണ് എല്ലാവരും കരുതിയത്. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തി ആ ശിശു ജീവിതത്തിലേക്ക് തിരികെ വന്നു. വീൽചെയറിലിരുന്ന് മാലതി അർജ്ജുന അവാർഡ് ഉൾപ്പടെ 400 മെഡലുകളാണ് വാരിക്കൂട്ടിയത്.

image


താനൊരു അംഗപരിമിതയാണെന്ന് മാലതി ചിന്തിക്കുന്നില്ല. തൻറെ ശരീരത്തിൻറെ ഒരു ഭാഗം മാത്രമാണ് തളർന്നത്, മനസല്ല എന്നാണ് മാലതി പറയുന്നത്. ഇന്ന് ബംഗളൂരുവിൽ ഗ്രാമപ്രദേശത്തെ വിഭിന്ന ശേഷിയുള്ള കുട്ടികൾക്കായുള്ള മാതൃ സംഘടന നടത്തുകയാണ് മാലതി.

സ്പോർട്ട്സ് എൻറെ മരുന്ന്

കൃഷ്ണമൂർത്തി, പദ്മാവതി ഹോള ദന്പതികളുടെ നാല് മക്കളിൽ ഇളയവളായ മാലതിക്ക് 1959ൽ ഒരു വയസ് പ്രായമുള്ളപ്പോഴാണ് പോളിയോ ബാധിച്ചത്. ബാംഗളൂരുവിൽ ചെറിയൊരു ഹോട്ടൽ നടത്തി വന്ന കൃഷ്ണമൂർത്തിക്ക് മകളുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അധികമായിരുന്നു. വളരെ കഷ്ടപ്പെട്ട് അവർ കുട്ടിയെ ചികിത്സിച്ചു. ആദ്യ രണ്ട് വർഷത്തെ ഇലക്ട്രിക് ഷോക്ക് ചികിത്സയ്ക്കൊടുവിൽ മാലതിയുടെ അരയ്ക്ക് മുകളിലേക്കുള്ള ചലനശേഷി തിരികെ കിട്ടി.

തുടർന്ന് കുട്ടിയെ ചെന്നൈയിലുള്ള ഈശ്വരി പ്രസാദ് ദത്താത്ത്രേയ ഓർത്തോപീഡിക് സെൻററിൽ പ്രവേശിപ്പിച്ചു. 15 വർഷത്തോളം അവിടെ നിന്നായിരുന്നു മാലതിയുടെ പഠനം. ഈ കാലയളവിൽ അവർ നിരവധി ശസ്ത്രക്രിയകൾക്കും വിധേയയായി. ശാരീരികമായും മാനസികമായും ശക്തിയാർജ്ജിക്കാനായി അവൾ കഠിനമായ കായികാദ്ധ്വാനങ്ങൾ പരിശീലിക്കാൻ ആരംഭിച്ചു. അത് വൈകാതെ അവളുടെ വികാരാവേശമായി മാറി. തൻറെ വേദന മറക്കാനുള്ള ഔഷധമായിരുന്നു സ്പോർട്ട്സെന്ന് മാലതി ഓർമിക്കുന്നു.

അത് മറ്റൊരു ലോകമാണ്. മാലതിയോടൊപ്പം വളർന്നവരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അംഗപരിമിതരായിരുന്നു. വേദനയുമായി പൊരുത്തപ്പെടുക, ശസ്ത്രക്രിയകൾ തുടങ്ങിയവ അവിടെ പതിവ് കാഴ്ചകളായിരുന്നു. അവിടെയുണ്ടായിരുന്ന കുട്ടികളിൽ ഭൂരിഭാഗവും പാവപ്പെട്ട വീടുകളിൽ നിന്നുള്ളവരായിരുന്നു. അവരിൽ പലരേയും മാതാപിതാക്കൾ അവിടെ ഉപേക്ഷിച്ച് പോയിരുന്നു. അവരെ തേടി പിന്നീട് ആരും വന്നിരുന്നില്ല. ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ എന്നിവയെല്ലാം സെൻററിൽ നിന്നും ലഭിച്ചിരുന്നു.

സെന്ററിൽ നിന്നും വീട്ടിലെത്തിയ മാലതിക്ക് ആകെ ഒറ്റപ്പെട്ട പോലെ തോന്നി. ചുറ്റുമുള്ളവരുടെയെല്ലാം സഹതാപത്തോടെയുള്ള നോട്ടം അവളെ അലോസരപ്പെടുത്തി. അംഗപരിമിതർക്കുണ്ടാകുന്ന ഏറ്റവും വലിയ അപകടം അവരുടെ ഉള്ളിൽ ഉടലെടുക്കുന്ന അപകർഷതാ ബോധമാണെന്ന് മാലതി പറഞ്ഞു. അതൊരു മുടന്തൻ യാഥാർത്ഥ്യമാണ്. തന്റെ വൈകല്യവുമായി പൊരുത്തപ്പെടാൻ തനിക്ക് കരുത്തും ധൈര്യവും നൽകിയത് സ്പോർട്ട്സാണെന്നും അവർ വ്യക്തമാക്കി

പൊന്നു വാരിക്കൂട്ടിയ കൈകൾ

ബംഗളൂരുവിലെ മഹാറാണീസ് കോളേജിലെ വിദ്യാഭ്യാസത്തിനിടെയും മാലതി തന്റെ സ്പോർട്ട്സ് പരിശീലനം തുടർന്നു. 1975നും 1981നും മദ്ധ്യേ വൈകല്യമുള്ളവർക്കായുള്ള ദേശീയ ഗെയിംസിൽ പങ്കെടുത്ത് അവൾ സമ്മാനങ്ങൾ നേടാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ 1981ൽ മാലതിക്ക് സിൻഡിക്കേറ്റ് ബാങ്കിൽ ക്ലാർക്കിന്റെ ജോലി നൽകി. അതിന് ശേഷം ബാങ്ക് നടത്തിയ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് മാലതി അവിടെയും കൈയടി നേടി. ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, വീൽചെയർ റേസ്, ഒബ്സ്റ്റക്കിൾ റേസ് തുടങ്ങിയ ഇനങ്ങളിലെല്ലാം അവൾ തന്റെ കഴിവ് തെളിയിച്ചു.

1988ൽ സിയോളിൽ നടന്ന അന്താരാഷ്ട്ര പാരാ ഒളിന്പിക്സിലും മാലതി പങ്കെടുത്തു. അതായിരുന്നു അവളുടെ ആദ്യ അന്താരാഷ്ട്ര മത്സരം. സ്വന്തമായി കോച്ചുകളുള്ള വിദേശ താരങ്ങളെ കണ്ടതോടെ അവരുടെ പ്രകടനത്തിലെ വ്യത്യാസം മാലതി തിരിച്ചറിഞ്ഞു. തുടർന്ന് പ്രൊഫഷണലുകളുടെ കാസറ്റുകൾ വാങ്ങി അതിലെ നിർദ്ദശങ്ങൾ അനുസരിച്ച് മാലതി തന്റെ പരിശീലനം പുഃനക്രമീകരിച്ചു. ഒരു വർഷത്തെ പരിശീലനത്തിനൊടുവിൽ അവൾ അന്താരാഷ്ട്ര തലത്തിലും സ്വർണം കൊയ്യാൻ തുടങ്ങി. 1989ൽ ഡെൻമാർക്കിൽ നടന്ന ലോക മാസ്റ്റേഴ്സ് ഗെയിംസിൽ 200 മീറ്റർ, ഷോട്ട് പുട്ട്, ഡിസ്ക്സ് ത്രോ, ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ മാലതി സ്വർണമെഡൽ കരസ്ഥമാക്കി.

1996ൽ മാലതിയെ തേടി അർജ്ജുന അവാർഡും 2001ൽ പത്മശ്രീയും എത്തി. ഇതോടൊപ്പം രാജ്യോത്സവ അവാർഡ്, പൊതുമേഖലാ ബാങ്കുകളിലെ വൈകല്യമുള്ള മികച്ച സ്പോർട്ട്സ് താരത്തിനുള്ള അവാർഡ്, കെ.കെ ബിർല ഫൌൺഡേഷൻ അവാർഡ്, ദസറാ അവാർഡ്, പ്രതിഭാ രത്ന തുടങ്ങി നിരവധി പുരസ്കാരങ്ങളും മാലതിക്ക് ലഭിച്ചിട്ടുണ്ട്.

തന്റെ അൻപത്തിയേഴാം വയസിലും വീൽചെയറിലെ ഏറ്റവും വേഗതയേറിയ വനിത ഇന്ത്യൻ അത് ലറ്റാണ് മാലതി. ഇതു വരെ നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത മാലതിക്ക് 389 സ്വർണവും 27 വെള്ളിയും 5 വെങ്കലവും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവയിലേറെയും മാലതി കരസ്ഥമാക്കിയത് വാടകയ്ക്കെടുത്ത വീൽചെയറിലായിരുന്നു. തങ്ങൾക്ക് ആരുടേയും സഹതാപം ആവശ്യമില്ലെന്നും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം സമൂഹം ഒരുക്കുകയാണ് വേണ്ടതെന്നും മാലതി പറഞ്ഞു.

വൈകല്യമുള്ളവർക്കായി മുന്നിട്ടിറങ്ങൽ

താനിപ്പോൾ വളരെ നല്ല ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞ മാലതി തന്നെപ്പോലെ വൈകല്യമുള്ളവർക്കും അതേ പോലൊരു ജീവിതം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് 2002ൽ മാതൃ ഫൌണ്ടേഷൻ എന്ന സംഘടന ആരംഭിച്ചത്. മാലതിയുടെ സുഹൃത്തുക്കളായ കൃഷ്ണ റെഡ്ഡി( പാരാ അത് ലറ്റ്), ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്, അശ്വിനി നച്ചപ്പ, എം.കെ. ശ്രീധർ തുടങ്ങിയവരുടെ സഹായത്തോടെയാണ് സംഘടന തുടങ്ങിയത്.


ശാരീരിക വൈകല്യങ്ങളുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു സംഘടനയുടെ ആദ്യ ലക്ഷ്യം. ഇതോടെ വിഭിന്ന ശേഷിയുള്ള കുട്ടികളുള്ള, സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന, മാതാപിതാക്കൾ അവരുടെ കുട്ടികളെ ഇവിടെ എത്തിക്കാൻ തുടങ്ങി. വെറും രണ്ട് കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ നിരവധി കുട്ടികളുണ്ട്. ഈ കുട്ടികൾ പ്രായമായി അവർക്ക് ആദ്യ ജോലി ലഭിക്കുന്നത് വരെ അവരെ ഇവിടെ പാർപ്പിക്കും. ഈ ലോകത്തിൽ അവരേയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്നതാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മാലതി പറഞ്ഞു.

മാറാത്തഹള്ളിയിലെ ഒരു ചെറുവീട്ടിലാണ് മാതൃ സംഘടന പ്രവർത്തിക്കുന്നത്. യശോദാമ്മയും കുമാറുമാണ് ഇവിടുത്തെ സ്ഥിരം ജീവനക്കാർ. ഇവരാണ് കുട്ടികൾക്കുള്ള ഭക്ഷണം ഒരുക്കുന്നതും അവരെ സ്കൂളിലെത്തിക്കുന്നതും. പോളിയോ, സെറിബ്രൽ പാൾസി തുടങ്ങിയ രോഗബാധിതരായ കുട്ടികളും അവിടെയുണ്ട്. കുട്ടികളുടെ ചികിത്സാ ചിലവുകൾ ഒരു പരിധി വരെ ഡോക്ടർമാർ സൌജന്യമായി ചെയ്തുകൊടുക്കും. സർജദാപൂരിൽ ഒരു സുമനസ് നൽകിയ സ്ഥലങ്ങലിലായി കുട്ടികൾക്കായുള്ള പുതിയ കെട്ടിടങ്ങളുടെ പണി നടക്കുകയാണ്.

സിൻഡിക്കേറ്റ് ബാങ്കിലെ മാനേജറായ മാലതിയുടെ ‘ഒരു വ്യത്യസ്ത ചേതന’ (എ ഡിഫറന്റ് സ്പിരിറ്റ്) എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥ ശാരീരിക വൈകല്യമുള്ള ആയിരക്കണക്കിന് പേർക്കാണ് പ്രചോദനമായത്.

മാലതിയുടെ ഇമെയിൽ ഐഡി mathrufoundation05@yahoo.co.in.

ഫോൺ നന്പർ +91 98800 80133

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക