മിനോണ്‍ എന്ന പതിനഞ്ചുകാരന്‍ ഇതുവരെ സ്‌കൂളിന്റെ പടിചവിട്ടിയിട്ടില്ല, സാമ്പത്തിക പരാധീനതകളൊ മറ്റു പ്രതിബന്ധങ്ങളൊ കൊണ്ടാണ് മിനോണ്‍ സ്‌കൂളില്‍ പോകാത്തത് എന്നുകരുതിയെങ്കില്‍ തെറ്റി. ഈ കുട്ടിക്ക് സ്‌കൂളില്‍ പോകുന്നത് ഇഷ്ടമല്ല, ഇവന്റെ മാതാപിതാക്കള്‍ക്ക് ഇവനെ സ്‌കൂളില്‍ പറഞ്ഞയക്കുന്നതും ഇഷ്ടമല്ല. കുട്ടി ഗര്‍ഭപാത്രത്തില്‍ ജനിക്കുമ്പോഴെ അവര്‍ക്കായി സ്‌കൂള്‍ അഡ്മിഷന് ഡൊണേഷന്‍ കൊടുത്തിടുന്ന മാതാപിതാക്കളുള്ള ഇക്കാലത്താണ് ആലപ്പുഴക്കാരന്‍ ജോണും മിനിയും മക്കളെ സ്‌കൂളില്‍ പോലും പറഞ്ഞയക്കാതിരിക്കുന്നത്.
ഈ സ്‌കൂളില്‍ പോകാത്ത കുട്ടി ആള് നിസാരക്കാരനല്ല. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവാണ്.. ബി എഡുകാര്‍ക്ക് ക്ലാസെടുക്കുന്നു... എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നു..സാമൂഹ്യപ്രവര്‍ത്തകനായും ചിത്രകാരനായും വിദ്യാഭ്യാസ പ്രവര്‍ത്തകനായും പേരെടുക്കുന്നു.
മറ്റുകുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുമ്പോള്‍ മിനോണ്‍ തന്റെ ജീവിതം സ്വയം പ്ലാന്‍ ചെയ്യുന്നു.തന്റെ ചിന്തകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നു പഠിക്കുകയാകും മിനോണ്‍ ചെയ്യുന്നതെന്നു കരുതിയെങ്കില്‍ തെറ്റി.മിനോണ്‍ പഠിക്കുന്നതേയില്ല, യാത്രകള്‍ ചെയ്തും, വ്യക്തികളോടിടപ്പെട്ടും ഒപ്പം പുസ്‌കങ്ങള്‍ വായിച്ചുമാണ് മിനോണ്‍ അറിവു നേടുന്നത്.
മിനോണ്‍ സ്വയംതിരഞ്ഞെടുത്ത വഴിയല്ല ഇത്. മാതാപിതാക്കള്‍ ആദ്യം മിനോണിനെ സ്‌കൂളില്‍ പറഞ്ഞ് വിട്ടില്ല. മിനോണിന് ഇഷ്ടമുണ്ടെങ്കില്‍ പോകട്ടെയെന്ന ചിന്തയായിരുന്നു അവര്‍ക്ക്.. അവരുടെ പ്രദീക്ഷകള്‍ കാറ്റില്‍ പറത്താതെ മിനോണ്‍ തന്റേതായ രീതിയില്‍ അറിവ് സംമ്പാദിച്ചു തുടങ്ങി. സ്‌കൂളില്‍ പോകുന്ന മറ്റേതൊരു കുട്ടിയെക്കാളും മിടുക്കനായി. മിനോണ്‍ മാത്രമല്ല മിനോണിന്റെ അനുജത്തി മിന്റുവും സ്‌കൂളില്‍ പോകുന്നില്ല.
ഇങ്ങനെ സ്‌കൂളില്‍ പോകാതെ ഇഷ്ടമുള്ള രീതിയില്‍ പഠിച്ചാല്‍ വല്ല ഡോക്ടറൊ എഞ്ചിനീയറൊ ഒകെ ആകാന്‍ പറ്റുമോ മിനോണെ എന്നു ചോദിച്ചാല്‍ മിനോണ്‍ പറയും... ജീവിതത്തില്‍ പരമാവധി ക്രിയേറ്റീവ് ആവുകയാണ് തന്റെ ലക്ഷ്യം. അല്ലാതെ ഡോക്ടറും എഞ്ചിനിയറും ആവുകയല്ല. ജോലി ഉപജീവനമാര്‍ഗത്തിനുവേണ്ടിയാണ് അതിനുള്ള പണം ഇപ്പോള്‍ തന്നെ സിനിമ അഭിനയത്തിലൂടെ കിട്ടുന്നുണ്ട്.
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മിനോണിനെ തേടി മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്. മിനോണ്‍ അഭിനയിച്ച ആദ്യ സിനിമയായിരുന്നു 101 ചോദ്യങ്ങള്‍. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം മുന്നറിയിപ്പ് അടക്കം 20തോളം ചിത്രങ്ങളില്‍ മിനോണ്‍ അഭിനയിച്ചു.
അഭിനേതാവിനു പുറമെ മികച്ചൊരു ചിത്രകാരന്‍ കൂടിയാണ് മിനോണ്‍, പത്തുവയസില്‍ ക്യാന്‍വാസുകളുടെ ലോകത്തെത്തിയതാണ് മിനോണ്‍. മിനോണിന്റെ അച്ഛനും അമ്മയും കലാകാരന്‍മാരാണ്. അമ്മ ചിത്രകാരിയും അച്ഛന്‍ ശില്‍പിയുമാണ്. അനിയന്തി മിന്റു ഭരതനാട്യം പഠിക്കുന്നു.
നമ്മുടെ വിദ്യാഭ്യാസ രീതിയ്ക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടാകുമല്ലോ മിനോണ്‍ സ്വന്തം രീതികള്‍ പിന്തുടരുന്നത്. ഇതേപ്പറ്റി ചോദിച്ചാല്‍ മിനോണ്‍ പറയും 'നമ്മുടെ വിദ്യാഭ്യാസ രീതിയ്ക്ക് യാതൊരു പോരായ്മയും ഇല്ല. ദോഷകരമായി വരുന്നത് അത് യോജിക്കാത്ത കുട്ടികള്‍ക്ക് മാത്രമാണ്. താന്‍ വിജയിച്ചിരിക്കുന്നത് തന്റെ രീതി തനിക്ക് യോചിച്ചത് കൊണ്ടാണ്. ഇപ്പോള്‍ ഉള്ള വിദ്യാഭ്യാസ രീതി എടുത്ത് കളഞ്ഞിട്ട് താന്‍ പിന്തുടരുന്ന രീതി നടപ്പില്‍ വരുത്തുകയാണെങ്കില്‍ അതും ഒരു സമ്പൂര്‍ണ പരാജയം തന്നെയായിരിക്കും. ഒരു കുട്ടിയെ മനസിലാക്കി അതിനനുസരിച്ച് വിദ്യാഭ്യാസ രീതി ചിട്ടപ്പെടുത്തണം. ഒരോകുട്ടിയ്ക്കും അവനുയോജിക്കുന്ന വിദ്യാഭ്യാസ രീതി.
സ്‌കൂള്‍ എന്നു പറയുന്നത് സമൂഹത്തിന്റെ ചെറിയൊരു പതിപ്പ് മാത്രമാണ്. നമ്മുടെ സമൂഹത്തില്‍ നല്ലതും ചീത്തയും ഉണ്ട് അതിനെക്കുറിച്ച് ബോധവാന്‍മാരാക്കുകയാണ് വിദ്യാഭ്യാസ രീതിയുടെ ലക്ഷ്യം. ഒരു പാട് സൗഹൃദങ്ങള്‍ എനിക്കുണ്ട്. എന്റെ ലോകം ജന്മദേശമായ ഹരിപ്പാടല്ല കേരളം മുഴുവനാണ്. ഒരു കുട്ടി സ്‌കൂളില്‍ പോകുന്നതിനേക്കാള്‍ ഞാന്‍ പുറത്തു പോകാറുണ്ട്, യാത്ര ചെയ്യാറുണ്ട്. ഒരു കുട്ടിയുടെ ലോകം വീടും സ്‌കൂളുമായി ഒതുങ്ങുമ്പോള്‍ എന്റെ ലോകം കുറച്ചു കൂടി വിശാലമാണ്'മിനോണ്‍ പറയുന്നു.
പൗലോ കൊയ്‌ലോ, ബഷീര്‍, എം മുകുന്ദന്‍, തുടങ്ങിയ എഴുത്തുകാരാണ് മിനോണിന്റെ ഗുരുക്കന്‍മാര്‍. വീട്ടില്‍ സ്വന്തമായെരു ലൈബ്രറി മിനോണിനുണ്ട്. സ്വന്തം സമ്പാദ്യംകൊണ്ട് വാങ്ങിയ പുസ്‌കങ്ങളാണ് അതില്‍. വായനയിലും യാത്രയിലും അഭിനയങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല മിനോണ്‍. അല്‍പം ആക്ടിവിസവും മിനോണിന്റെ കൈവശമുണ്ട്. ആറമുള്ള വിമാനത്താവളത്തിനെതിരെയുള്ള സമരത്തില്‍ മിനോണ്‍ സജീവമായുണ്ടായിരുന്നു.ഇതുകേട്ട് ഒരു പിന്തിരിപ്പന്‍ മൂരാച്ചിയാണ് മിനോണെന്നു കരുതാന്‍ വരട്ടെ..വിമാനത്താവളം വരണം. പക്ഷേ അതോടൊപ്പം അവിടെ വീട് നഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, അവരെ കണ്ടില്ലെന്നു നടിക്കരുത് ഒപ്പം പരിസ്ഥിതിയെക്കൂടി മുഖവിലയ്‌ക്കെടുത്തുകൊണ്ടുവേണം വികസനം. ഇതാണ് മിനോണ്‍ ആറമുള്ള സമരത്തില്‍ പങ്കെടുക്കാനുള്ള കാരണം.
പത്താം ക്ലാസു പാസായിട്ടും അക്ഷരത്തെറ്റുകൂടാതെ എഴുതാനറിയാത്ത കുട്ടികളുള്ള നാടാണ് നമ്മുടേത്. അവിടെയാണ് മിനോണെന്ന കുട്ടി അത്ഭുതമാകുന്നത്. ഈ സ്‌കൂളില്‍ പോകാത്ത കുട്ടിക്ക് സ്വന്തമായി ലക്ഷ്യങ്ങളുണ്ട്, കാഴ്ച്ചപ്പാടുകളുണ്ട്, ക്ലാസ് മുറികളോട് അയിത്തം കല്‍പ്പിച്ച് യാത്രചെയ്തും വായിച്ചും,സംസാരിച്ചും മിനോണ്‍ അറിവു സ്വന്തമാക്കുമ്പോള്‍, വളരുമ്പോള്‍ വിദ്യാഭ്യാസത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ കുറിക്കപ്പെടുന്നു..പ്രത്യേകിച്ച് വിദ്യാഭ്യാസ നിലവാരത്തെ വിജയശതമാനത്തില്‍ തളച്ചിടുന്ന സമകാലിക കേരളത്തില്‍ ഈ സ്‌കൂളില്‍ പോകാത്ത കുട്ടി ഒരു അത്ഭുതം തന്നെയാണ്.