എഡിറ്റീസ്
Malayalam

ജനകീയ പങ്കാളിത്തത്തോടെ സമഗ്ര ശുചിത്വ പദ്ധതി

24th Jul 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യരഹിതമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം' സമഗ്ര ശുചിത്വ പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയ ശേഷം ചുമതലയുള്ള മന്ത്രി നിര്‍വഹിക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹരിതകേരളം ജില്ലാ മിഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

image


പകര്‍ച്ചവ്യാധികളുടെ മൂലകാരണമായ മാലിന്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെയായിരിക്കും ശുചീകരണ പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. പദ്ധതി വിജയിപ്പിക്കുന്നതിന് ആവശ്യമായ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും നടപടി സ്വീകരിക്കണം. നാട് ഏറ്റെടുക്കേണ്ട ദൗത്യമെന്ന നിലയിലാണ് ഹരിതകേരളം മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്. കേവലമായ സര്‍ക്കാര്‍ പദ്ധതി എന്നതിന് ഉപരിയായി ഇന്ന് നാടിന്റെ മുന്‍പിലുള്ള അടിയന്തര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പൊതുസമൂഹം ഉണര്‍ന്നുവരണമെന്ന സന്ദേശമാണ് ഹരിതകേരളം മിഷനിലൂടെ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാതല സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങില്‍ തദ്ദേശഭരണസ്ഥാപന അധ്യക്ഷര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതി ആരംഭിക്കുന്നത്. ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന ഭൂപ്രദേശം മാലിന്യരഹിതമാക്കും. തദ്ദേശഭരണ സ്ഥാപന പരിധിയില്‍ വ്യക്തി, കുടുംബം, കോളനികള്‍, ഫഌറ്റുകള്‍, പൊതുസ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, കമ്പോളങ്ങള്‍, വ്യവസായശാലകള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന മാലിന്യം അത് ഉത്പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കുന്നെന്ന് ഉറപ്പാക്കും.

ഓഗസ്റ്റ് 15ന് 'മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം' പ്രഖ്യാപനം നടത്തിയ ശേഷം എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ഗൃഹസന്ദര്‍ശനത്തിലൂടെ ബോധവത്കരണം നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും ഗൃഹസന്ദര്‍ശനവും ബോധവത്കരണവും നടത്തും. ഗൃഹതല വിവരശേഖരണവും ബോധവത്കരണവും ഓഗസ്റ്റ് ആറു മുതല്‍ 13 വരെ നടത്തും. ഓരോ വീട്ടിലും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ എങ്ങനെയാണ് സംസ്‌കരിക്കുന്നതെന്ന് മനസിലാക്കുന്നതിനും ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിന് എന്ത് സംവിധാനമാണ് അനുയോജ്യമെന്ന് കണ്ടെത്തുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമാണ് ഗൃഹസന്ദര്‍ശനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ തദ്ദേശസ്ഥാപനത്തിലും അനുയോജ്യമായ മാലിന്യസംസ്‌കരണ പദ്ധതി സെപ്റ്റംബര്‍ 10ന് മുന്‍പ് രൂപീകരിക്കണം. നവംബര്‍ ഒന്നിന് ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തും. എല്ലാ പദ്ധതികളും 50 ശതമാനം അടുത്ത വര്‍ഷം ജനുവരി 31ന് മുന്‍പും ബാക്കി മാര്‍ച്ച് 20ന് മുന്‍പും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ എന്നിവരുടെയും എന്‍എസ്എസ്, എസ്പിസി, എന്‍സിസി, സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയ സ്ഥാപന പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഗൃഹസന്ദര്‍ശനത്തിനായി പ്രത്യേക ടീമിനെ നിയോഗിക്കും. ഒരോ ടീമും 50 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ഏകോപിപ്പിച്ച് തദ്ദേശസ്വയംഭരണസ്ഥാപനത്തിന് നല്‍കണം.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മിഷന്‍ യോഗം നാളെ (22) ചേരണം. ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുന്ന ബ്ലോക്ക്/മുനിസിപ്പല്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ജില്ലാതല പരിശീലനം ഈ മാസം 24ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മുന്‍സിപ്പാലിറ്റി, ബ്ലോക്ക് തല പരിശീലനം 25,26,27 തീയതികളില്‍ അതത് സ്ഥലങ്ങളില്‍ നടക്കും. പഞ്ചായത്ത് തല പരിശീലനം 28നും വാര്‍ഡ്തല പരിശീലനം 30നും നടക്കും. പ്രവര്‍ത്തനങ്ങളും യോഗങ്ങളും കൃത്യമായി നടക്കുന്നെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ നിരീക്ഷിച്ച് ഉറപ്പാക്കണം. അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ യോഗങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന് ബന്ധപ്പെട്ട സെക്രട്ടറിമാരും ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ രജനി പ്രദീപ്, ടി.കെ. സതി, ഷൈനി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് വി.ആര്‍. മുരളീധരന്‍ നായര്‍, ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ വിനോദ്കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

    Latest Stories

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക