എഡിറ്റീസ്
Malayalam

കറൻസിനിരോധം: മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തിനു കത്തയച്ചു

13th Nov 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

കേന്ദ്രം 500ന്റെയും 1000ന്റെയും നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ജനജീവിതവും സർക്കാരിന്റെ പ്രവർത്തനവും സ്തംഭിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിക്ക് സംസ്ഥാനധനമന്ത്രി തോമസ് ഐസക്കും കത്തയച്ചു.

image


റിസർവ്വ് ബാങ്ക് അധികൃതരുമായി ധനവകുപ്പിന്റെയും സഹകരണവകുപ്പിന്റെയും സെക്രട്ടറിമാർ ഫോണിൽ സംസാരിക്കുകയും ചെയ്തു. സഹകരണബാങ്കുകളുടെ കാര്യത്തിൽ റിസർവ്വ് ബാങ്ക് ചില ഇളവുകൾ അനുവദിച്ചെങ്കിലും സംസ്ഥാനം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളിൽ മറുപടി ലഭിച്ചിട്ടില്ല. റിസർവ്വ് ബാങ്കിന്റെ അറിയിപ്പു പ്രകാരം ജില്ലാ സഹകരണ ബാങ്കുകൾക്ക് നിരോധിച്ച നോട്ടുകൾ അവരുടെ അംഗങ്ങളായ ഉപഭോക്താക്കളിൽനിന്ന് അവരെ തിരിച്ചറിയാൻ കഴിയുന്ന (KYC compliant) അക്കൗണ്ടുകളിൽ സ്വീകരിക്കാം. പ്രാഥമികസഹകരണസംഘങ്ങൾക്കും ഈ നോട്ടുകൾ അവരുടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനായി സ്വീകരിക്കാം. മുൻകൂർ അറിയിപ്പോടെ ഈ കറൻസികൾ ഈ സ്ഥാപനങ്ങൾക്ക് അവരുടെ ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്യാം. എന്നാൽ, ഈ നോട്ടുകൾ മാറ്റി വേറെ തുകയുടെ നോട്ടുകൾ നൽകാൻ ഈ സ്ഥാപനങ്ങൾക്ക് അനുമതിയില്ലെന്നു റിസർവ്വ് ബാങ്കിന്റെ അറിയിപ്പിൽ വ്യക്തമാക്കി.

നിരോധിച്ച നോട്ടുകൾ മാറ്റിനൽകാൻ ജില്ലാസഹകരണബാങ്കുകളെക്കൂടി അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. ഈ പ്രവർത്തനം സുഗമമാക്കാൻ മതിയായ തുക ബാങ്കുകളിൽനിന്നു പിൻവലിക്കാൻ സഹകരണസ്ഥാപനങ്ങളെ അനുവദിക്കുകയും വേണം. അംഗങ്ങളുടെ 75,000 കോടി രൂപ നിക്ഷേപമുള്ള സഹകരണസ്ഥാപനങ്ങൾ സംസ്ഥാനത്തെ കൃഷി, ചില്ലറവ്യാപാര സമ്പദ്‌സംവിധാനത്തിന്റെ നട്ടെല്ലാണ്. “ദശാബ്ദങ്ങൾ സഹകരണരംഗത്തു പ്രവർത്തിക്കുകയും സംസ്ഥാനങ്ങളിൽ അതിന്റെ നിർണ്ണായകസ്വഭാവം മനസിലാക്കുകയും ചെയ്തിട്ടുള്ള ആളെന്നനിലയ്ക്ക് അങ്ങ് അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപെടണം” പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന ട്രാൻസ്പോർട്ട് ബസ് കോർപ്പറേഷനുകൾ, ശ്മശാനങ്ങൾ, പാൽ ബൂത്തുകൾ, കൺസ്യൂമർ സഹകരണസംഘങ്ങളുടെ സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളെ നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് ഇടപാടുനടത്താൻ അനുവദിക്കുന്നതായി പ്രധാനമന്ത്രി സംസ്ഥാനത്തിനയച്ച കത്തിൽ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച റിസർവ്വ് ബാങ്കിന്റെ സർക്കുലറിൽ ഇക്കാര്യം വ്യവസ്ഥ ചെയ്തിട്ടില്ല.

ഒരുദിവസം 10,000 രൂപയ്ക്കുവരെയേ ചെറിയതുകയുടെ നോട്ടുകൾ പിൻവലിക്കാൻ ഈ സ്ഥാപനങ്ങളെ അനുവദിക്കൂ എന്ന നിയന്ത്രണം നീക്കി അവരുടെ യഥാർത്ഥ ആവശ്യത്തിനനുസരിച്ചു പിൻവലിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ ഈ പ്രവർത്തനം നിർവ്വഹിക്കാനാവില്ല. അതു കഴിയില്ലെങ്കിൽ, തുക സംസ്ഥാനട്രഷറിയിൽ അടയ്ക്കാൻ അവരെയും അതു ബാങ്കിൽ നിക്ഷേപിക്കാൻ ട്രഷറിയെയും അനുവദിക്കണമെന്ന ബദൽനിർദ്ദേശവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്.നിരോധിച്ച നോട്ടുകൾ സ്വീകരിക്കാൻ മേല്പറഞ്ഞ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന നവംബർ 11 വരെയുള്ള സമയപരിധി  കേന്ദ്രം ആഗ്രഹിക്കുന്ന തരത്തിൽ കാര്യങ്ങൾ സാധാരണനിലയിൽ ആകാൻ മതിയാവില്ല. അതുകൊണ്ട് ഈ സമയപരിധി നവംബർ 18 വരെ ഒരാഴ്ചത്തേക്ക് ഇപ്പോൾ നീട്ടുകയും അതു പിന്നീട് അവലോനം ചെയ്യുകയും വേണം.

ഇപ്പോൾ അനുമതി നൽകിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്ഥാപനങ്ങൾക്കു പുറമെ, വൈദ്യുതി ബോർഡ്, ജലവിതരണം പോലുള്ള പൊതുസേവനങ്ങൾ, ഫിനാൻഷ്യൽ കോർപ്പറേഷനും ഫിനാൻഷ്യൽ എന്റർപ്രൈസും പോലുള്ള സർക്കാർ ധനകാര്യസ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ നോട്ടുകൾ സ്വീകരിക്കാൻ അനുമതി നൽകണം.സംസ്ഥാനട്രഷറിക്കു പ്രത്യേക ഇളവുകളും സൗകര്യങ്ങളും അനുവദിച്ചില്ലെങ്കിൽ ട്രഷറിപ്രവർത്തനവും നിശ്ചലമാകും. അടിയന്തരകാര്യങ്ങൾക്കു മാത്രം ഉപയോഗിക്കാൻ കഴിയുന്ന പരിമിതമായ തുകയേ ഇന്നു ബാങ്കുകൾ ട്രഷറികൾക്ക് ഇമ്പ്രസ്റ്റ് അഡ്വാൻസായി അനുവദിച്ചുള്ളൂ. എന്നാൽ, ട്രഷറിയിലൂടെ നടക്കേണ്ട എല്ലാ ഇടപാടുകളും തുടരാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനസംവിധാനം തകരുമെന്ന് കത്തുകളിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും മുന്നറിയിപ്പു നൽകി.

ദേശീയതലത്തിൽത്തന്നെ പ്രശ്നമാകാവുന്ന ഗുരുതരമായ ഒരു കാര്യവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരോധിച്ച നോട്ടുകൾ സ്വീകരിക്കാൻ അനുവദിച്ചതായി പ്രധാനമന്ത്രിയുടെ കത്തിൽ പറയുന്ന സ്ഥാപനങ്ങൾക്ക് ആ അനുമതി ഉള്ളതായി നോട്ടുകൾ നിരോധിച്ച് സർക്കാർ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലും റിസർവ്വ് ബാങ്കിന്റെ സർക്കുലറിലും പറയുന്നില്ല എന്നതാണത്. ആ സാഹചര്യത്തിൽ അതിന്റെ നിയമസാധുതയെപ്പറ്റി പലരും ആശങ്ക ഉന്നയിക്കുന്നുണ്ട്. അതിനാൽ, ഗസറ്റ് അത്തരത്തിൽ പരിഷ്ക്കരിച്ചു പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നും ഇരുവരും കത്തിൽ നിർദ്ദേശിച്ചു.കള്ളപ്പണം തടയാനുള്ള കേന്ദ്രശ്രമങ്ങൾക്കു പിന്തുണ അറിയിച്ച കത്തിൽ ഇപ്പോഴത്തെ നടപടിമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ സംസ്ഥാനസർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

    Latest Stories

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക