കൈത്താളത്തിന്റെ മാത്രം അകമ്പടിയില്‍ മലയാളി മനസ് കീഴടക്കിയ പൊന്‍മുത്ത്‌

കൈത്താളത്തിന്റെ മാത്രം അകമ്പടിയില്‍ മലയാളി മനസ് കീഴടക്കിയ പൊന്‍മുത്ത്‌

Thursday March 03, 2016,

3 min Read

  

അരിസ്റ്റോ സുരേഷ്.. ഈ പേര് ആര്‍ക്കും അത്ര സുപരിചിതമാകില്ല. എന്നാല്‍ ആക്ഷന്‍ ഹിറോ ബിജുവിലെ മുത്തേ പൊന്നേ കരയല്ലേ എന്ന പാട്ട് കുട്ടികള്‍ക്കിടയില്‍ പോലും തരംഗമാണ്. സിനിമയില്‍ നിവിന്‍ പോളിയുടെ കഥാപാത്രമായ എസ് ഐ ബിജു പൗലോസിന്റെ മുന്നിലിരുന്നു മേശപ്പുറത്ത് താളംകൊട്ടി,

മുത്തേ, പൊന്നേ പിണങ്ങല്ലേ..

എന്തേ കുറ്റം ചെയ്തു ഞാന്‍..

എന്നു പാടുന്ന, പാട്ടിനിടയില്‍ എസ് ഐയെ നോക്കി കണ്ണിറുക്കി കാണിക്കുന്ന നടന്‍. സിനിമക്കൊപ്പം ഈ പാട്ടും പാട്ടുകാരനും മലയാളികളുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു.

image


തിരുവനന്തപുരം വലിയമല കണ്ണേറ്റുമുക്ക് സ്വദേശിയാണ് അരിസ്റ്റോ സുരേഷ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരന്‍. ചെറുപ്പത്തിന്റെ രക്തതിളപ്പില്‍ അല്‍പം തല്ലുകൊളിത്തരങ്ങളും മനസു നിറയെ സംഗീതവും കഥകളുമായി ജീവിച്ച സുരേഷ് ഇപ്പോള്‍ താരമാണ്. വീട്ടുകാരും നാട്ടുകാരും അറിയാതെ പോയെ കലാകാരന്‍ താരമായിക്കഴിഞ്ഞു. സിനിമയുടെ പ്രമോഷണന്‍ ചടങ്ങുകളുടെയും സ്വീകരണചടങ്ങുകളുടെ തിരക്കുകള്‍ക്കിടയില്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സുരേഷ്.

തിരുവനന്തപുരം തമ്പാന്നൂരില്‍ അരിസ്റ്റോ ജംഗ്ക്ഷനിലെ ചുമട്ടുതൊഴിലാളിയാണ് ഈ ഗായകന്‍. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു. പക്ഷേ പാട്ടു പഠിക്കാനുള്ള സാമ്പത്തികസാഹചര്യങ്ങളൊന്നും വീട്ടില്ലില്ലായിരുന്നു. തിരുവനന്തപുരം തമ്പാന്നൂര്‍ യു പി എസിലും എസ് എം വി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. പഠിക്കാന്‍ അത്ര മിടുക്കനൊന്നുമല്ല. ക്ലാസ് മുറിയിലെ പിന്‍ബെഞ്ചിലിരുന്നു കൂട്ടുകാര്‍ക്കൊപ്പം ഡെസ്‌കില്‍ കൊട്ടിപ്പാടിയാണ് സംഗീതലോകത്തിലേക്കുള്ള വരവ്. കൃത്യമായ വരികളൊന്നുമുണ്ടാകില്ല.. ഈണവും. പക്ഷേ കേള്‍വിക്കാര്‍ക്കു ആ പാട്ടുകാള്‍ ഹരമായിരുന്നു. പക്ഷേ ആ പാട്ടുകാരനു അത്ര വലിയൊരു ആരാധകവൃന്ദമൊന്നുമില്ലായിരുന്നു. പഠനം മറന്നു സിനിമ കണ്ടു നടക്കുന്നവന് വീട്ടില്‍ നിന്നും പ്രോത്സാഹനമൊന്നും ലഭിച്ചില്ല.

image


സിനിമ ആവേശമായിരുന്നു. കുട്ടിക്കാലത്ത് മനസ് കവര്‍ന്ന നടനാണ് പ്രേംനസീര്‍. പിന്നീട് കൊടിയേറ്റം ഗോപിയില്‍ നിന്നു നിവിന്‍ പോളിയിലെത്തി നില്‍ക്കുന്നു ഇഷ്ടനടന്‍മാര്‍. ക്ലാസ് കട്ട് ചെയ്തു തിരുവനന്തപുരത്തെ ശ്രീകുമാറിലും ശ്രീവിശാഖിലും പോയി എത്രയോ സിനിമകള്‍ കണ്ടു. പാട്ടു കേട്ടും സിനിമ കണ്ടും മാത്രം എത്രയെത്ര ദിവസങ്ങള്‍. പഠിക്കാന്‍ പോകാതെ സിനിമ കണ്ടു നടക്കുന്നതിന് അമ്മയില്‍ നിന്നു കുറേ തല്ലും വഴക്കുമൊക്കെ കിട്ടിയ ഓര്‍മ്മ ഇന്നും മനസിലുണ്ട്. ആ വഴക്കുപറച്ചിലുകള്‍ക്കൊന്നും സുരേഷിലെ പാട്ടുകാരനെ ഇല്ലാതാക്കാനായില്ല. ഒടുവില്‍ എട്ടാം ക്ലാസില്‍ മൂന്നു വര്‍ഷം പഠിപ്പിക്കില്ലെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതോടെ പൂര്‍ണമായും സിനിമ കാണല്‍ പരിപാടിയിലേക്ക്. ഇതിനിടയില്‍ കുറച്ചു വില്ലത്തരങ്ങളൊക്കെ കാണിച്ചു. തല്ലും വഴക്കുകളുമൊക്കെയുണ്ടായിട്ടുണ്ട്. തമ്പാന്നൂരില്‍ അരിസ്റ്റോ ജംഗ്ക്ഷനില്‍ ചുമട്ടുതൊഴിലാളിയായി മാറിയെങ്കിലും പാട്ടുകമ്പം അകന്നിരുന്നില്ല.

വര്‍ഷങ്ങള്‍ കുറേ കടന്നു പോയി. പഴയ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മനസിലെ സിനിമാമോഹവും സുരേഷിനൊപ്പം വളര്‍ന്നു. ക്യാമറയുടെ മുന്നിലേക്കായിരുന്നില്ല പിന്നിലേക്ക് സഞ്ചരിക്കാനാണ് സുരേഷിനിഷ്ടം. കഥയെഴുതുന്ന പതിവുണ്ടായിരുന്നു. കുറേ തിരക്കഥകളുമെഴുതി. കഥകള്‍ സിനിമയാക്കണമെന്ന മോഹത്താല്‍ പലര്‍ക്കു മുന്നിലും കഥ പറഞ്ഞു പണിയും കിട്ടി. കഥ കേട്ടവരില്‍ പലരും കഥ മാത്രം സ്വീകരിച്ചു തന്നെ പറ്റിച്ചുവെന്നു സുരേഷ്. പക്ഷെ കഥയെഴുത്തും പാട്ടെഴുത്തും കൂടെ കൊണ്ടു നടന്നു. ലളിതമായ വരികള്‍.. ഇമ്പമാര്‍ന്ന ഈണം നല്‍കി പാടി സുരേഷ് സിനിമയുടെ അഭിനയലോകത്തിലേക്കെത്തുന്നതും പാട്ടുവഴിയാണ്. ബാംഗ്ലൂരിലുള്ള സുഹൃത്ത് ശ്രീജിത്തിലൂടെയാണ്. സുരേഷ് പാടിയ പാട്ട് സംവിധായകന്‍ ഏബ്രിഡ് ഷൈനിനെ കേള്‍പ്പിക്കുന്നതു ശ്രീജിത്ത് പരിചയപ്പെടുത്തിയ ബോബി മോഹനാണ്. ഏബ്രിഡ് ഷൈന്‍ വിളിപ്പിച്ചപ്പോള്‍ പാടാന്‍ ആയിരിക്കും വിളിക്കുന്നതെന്നാണ് കരുതിയത്. എന്നാല്‍ പാട്ടു മാത്രമല്ല പാട്ടിനൊപ്പം നല്ലൊരു വേഷം കൂടി കാത്തിരിപ്പുണ്ടായിരുന്നു.

image


മേക്ക്അപ്പുകളൊന്നുമില്ലാതെ പാട്ടും പാടി തകര്‍ത്തഭിനയിച്ച അരിസ്റ്റോ സുരേഷിനെ തേടി അഭിനന്ദപ്രവാഹങ്ങളാണ്. അക്കൂട്ടത്തില്‍ ഒരു സെലിബ്രിറ്റിയുമുണ്ട്. നടന്‍ ജയസൂര്യയാണ് സുരേഷിനെ വിളിച്ച് അഭിനന്ദിച്ചത്. നിവിന്‍ പോളിയും സംവിധായകനുമൊക്കെ പൂര്‍ണ പിന്തുണയാണ് നല്‍കിയത്. അഭിനയിക്കാനൊന്നുമറിയില്ല. എങ്ങനെ അഭിനയിക്കണമെന്നുമൊക്കെ സംവിധായകന്‍ അടുത്തുവന്നിരുന്നു പറഞ്ഞു തരും. ഡബ്ബിങ്ങ് സമയത്തും അദ്ദേഹം കൂടെ നിന്നു. അവരുടെ പിന്തുണയിലാണ് അഭിനയിച്ചതെന്നു സുരേഷ്. സിനിമയില്‍ അഭിനയിച്ച കാര്യമൊന്നും വീട്ടില്‍ ആരോടും പറഞ്ഞിരുന്നില്ല. അഭിനയിച്ചുവെന്നു തനിക്കും തോന്നിയിരുന്നില്ല. നാട്ടില്‍ ചിത്രം സഹിതമുള്ള ഫ്‌ളെക്‌സ് ഒക്കെ വച്ചിരിക്കുന്നതു കണ്ടപ്പോഴാണ് നടനായതായി വിശ്വസിക്കുന്നത്. സിനിമയും തന്റെ പാട്ടും ഹിറ്റായതോടെ വീട്ടുകാരും തന്നിലെ കലാകാരനെ അംഗീകരിച്ചു. സ്വീകരണചടങ്ങുകള്‍ക്കും ഉദ്ഘാടനചടങ്ങുകള്‍ക്കുമൊക്കെ വിളിക്കുകയാണിപ്പോള്‍. ഏറെക്കാലം മോഹിച്ചിരുന്നു സിനിമയെന്ന മാസ്മരിക ലോകം. അവിചാരിതമായി അവിടെയെത്തിയതിന്റെ ത്രില്‍ ഈ നിമിഷവുമുണ്ട്.

അഭിനയത്തെക്കാളേറെ തിരക്കഥയെഴുതാനാണിഷ്ടം. ദൂരത്ത് ഒരു തീരം എന്ന പേരില്‍ തിരക്കഥയെഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വായനയോടു ഇഷ്ടമാണ്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകമാണ് വായിക്കാനേറെ ഇഷ്ടം. ഏതു നേരവും ഈ പുസ്തകവും കൂടെയുണ്ടാകും. അഞ്ഞൂറിലേറെ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചില പാട്ടുകള്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നുവെന്നതു ഏറെ സന്തോഷമാണ്. നാല്‍പ്പത്തിയാറാമത്തെ വയസിലും ബാച്ച്‌ലറാണ് സുരേഷ്. സിനിമയ്ക്ക് പിന്നാലെയുള്ള സഞ്ചാരം മാത്രമല്ല അല്‍പ്പം തല്ലുകൊള്ളിത്തരങ്ങളെക്കൊ ഉണ്ടായിരുന്നതു കൊണ്ടും കല്ല്യാണം കഴിച്ചില്ലെന്നാണ് സുരേഷ് പറയുന്നത്.

സിനിമയില്‍ നിന്നു ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷേ ഒന്നും സ്വീകരിച്ചിട്ടില്ല. നടനാകുക എന്നതിനെക്കാള്‍ തിരക്കഥാകൃത്താകുകയാണ് ലക്ഷ്യം. വര്‍ഷങ്ങളായി സിനിമയുടെ പിന്നാലെ സഞ്ചരിച്ചതും ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായാണ്. കുറേ വര്‍ഷം പാടി നടന്ന സ്വന്തം പാട്ട്.. അതിപ്പോള്‍ മലയാളികള്‍ ഏറ്റുപ്പാടുന്നതിന്റെ സന്തോഷമുണ്ട്. 

    Share on
    close