എഡിറ്റീസ്
Malayalam

മാറ്റങ്ങളുടെ ഒച്ച മുഴങ്ങിയ 25 വര്‍ഷം

22nd Jul 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
നാം വെച്ചു പുലര്‍ത്തിയിരുന്ന സാമ്പത്തിക കാഴ്ചപ്പാടുകളെ മാറ്റിമറിച്ചാണ് നവ സാമ്പത്തിക നയങ്ങളും ഉദാരവത്കരണവും നമ്മുടെ നാട്ടിലേക്ക് കടന്നു വന്നത്. നവ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം കാലെടുത്ത് വെച്ചിട്ട് 25 വര്‍ഷം പിന്നിടുകയാണ്. പോയ 25 വര്‍ഷത്തെ അനുഭവങ്ങളോര്‍ത്തെടുക്കുകയാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ്.
image


രാജ്യത്തെ ഇടതുപക്ഷ ചായ്‌വുള്ള ജെ എന്‍ യു എന്ന സര്‍വകലാശാലയിലാണ് ഞാന്‍ പഠിച്ചിരുന്നത്. തകര്‍ച്ചയുടെ തുടക്കത്തിലായിരുന്നുവെങ്കിലും ലോകത്തെ ശക്തികേന്ദ്രങ്ങളില്‍ മുന്നില്‍ തന്നെയായിരുന്നു സോവിയറ്റ് യൂണിയന്‍. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് പെരസ്‌ട്രോയിക്കയെക്കുറിച്ച്, സോവിയറ്റ് യൂണിയന്റെ പുന:സംഘടനയെക്കുറിച്ച്, പറഞ്ഞു തുടങ്ങിയിരുന്ന കാലമായിരുന്നു അത്. എന്നാല്‍ സോവിയറ്റ് യൂണിയന്‍ എന്ന വലിയ കമ്മ്യൂണിസ്റ്റ് ലോകം കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് കോട്ടകളിലേറ്റ വിള്ളല്‍ പോലെ ഒരു സുപ്രഭാതത്തില്‍ തകര്‍ന്നടിയുമെന്ന് ആരും കരുതിയില്ല. അന്നത്തെ ഇടതുപക്ഷ മനസിനൊപ്പം നീങ്ങിയിരുന്ന ഇന്ത്യയില്‍ സ്വകാര്യവത്കരണത്തെക്കുറിച്ചും കമ്പോളവത്കരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതു തന്നെ മോശമാണെന്നു കരുതിയ സമയമായിരുന്നു അത്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയെന്നോണം ഇന്ത്യ അന്ന് സമ്മിശ്ര സാമ്പത്തിക ശ്രേണിയിലാണ് സഞ്ചരിച്ചിരുന്നത്. 

എന്നാല്‍ 1994ല്‍ ഞാന്‍ ജെ എന്‍ യുവില്‍ എന്റെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ രാജ്യത്തെ അവസ്ഥ പൂര്‍ണമായും മാറിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഇന്ത്യയില്‍ സ്വകാര്യവത്കരണത്തിന്റേയും കമ്പാളവത്കരണത്തിന്റെയും കാറ്റ് ശക്തമായി വീശിക്കഴിഞ്ഞിരുന്നു. സാമ്പത്തിക രംഗം വലിയൊരു കുതിപ്പിന്റെ സന്ദേശം നല്‍കി. എണ്‍പതുകളുടെ അവസാനം ഞാന്‍ ആ യൂണിവേഴ്‌സിറ്റിയില്‍ ചെന്നു ചേരുമ്പോള്‍ എസ് ടി ഡി ബൂത്തുകള്‍ രാജ്യത്ത് ഒരു പുതിയ സംഭവമായിരുന്നു. ഡല്‍ഹിയില്‍ കൂണു പോലെ എസ് ടി ഡി ബൂത്ത് മുളച്ചു പൊങ്ങി. രാത്രി 11 കഴിഞ്ഞാല്‍ സാധാരണ കോള്‍ റേറ്റിന്റെ നാലിലൊന്ന് മാത്രമേ ചാര്‍ജ്ജുള്ളൂ എന്ന കാരണത്താല്‍ എസ് ടി ഡി ബൂത്തുകളുടെ മുന്നില്‍ എന്നും നീണ്ട നിര തന്നെ കാണാമായിരുന്നു. മൊബൈലും വാട്ട്‌സപ്പും വരുന്നതിന് മുമ്പുള്ള ആ കാലത്ത് ഒരു ഫോണ്‍ ചെയ്യാനായി രണ്ടും മൂന്നും മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്നതില്‍ ആരും പരിഭവപ്പെട്ടിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവരോട് സംസാരിക്കാന്‍ ഒരു ട്രങ്ക് കാള്‍ ബുക്ക് ചെയ്താല്‍ ലൈന്‍ കിട്ടാന്‍ മണിക്കൂറുകളോളം കാത്തിരിക്കണമായിരുന്നു.

അന്ന് രാജ്യത്ത് വളരെക്കുറച്ച് മാത്രം എയര്‍പോര്‍ട്ടുകളേ ഉണ്ടായിരുന്നുള്ളൂ. ഡല്‍ഹി രാജ്യാന്തര വിമാനത്താവളം എന്നത് ഡല്‍ഹി റെയില്‍വേസ്‌റ്റേഷനെക്കാള്‍ അല്‍പ്പം കൂടി മാത്രം സൗകര്യമുള്ള ഒരു യാത്രാ കേന്ദ്രം മാത്രമായിരുന്നു. ഉയര്‍ന്ന കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന വിമാനയാത്ര അക്കാലത്ത് മധ്യവര്‍ഗ കുടുംബത്തിന് അപൂര്‍വമായ ഒരു കാര്യമായിരുന്നു. പരസ്പരം മത്സരിക്കാന്‍ സ്വകാര്യ എയര്‍ലൈനുകള്‍ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് വളരെ കുറച്ചു മാത്രം നഗരങ്ങളെമാത്രം ബന്ധിപ്പിച്ചിരുന്ന എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും മാത്രം. അന്ന് മള്‍ട്ടിപ്ലക്‌സുകളെക്കുറിച്ച് കേട്ടു കേള്‍വി പോലുമുണ്ടായിരുന്നില്ല. സിനിമാകൊട്ടകകള്‍ എല്ലാം ഒറ്റസ്‌ക്രീന്‍ മാത്രമുള്ള കെട്ടിടങ്ങളായിരുന്നു. ഉച്ചക്ക് 12 മുതല്‍ മൂന്നു വരെയും മൂന്ന് മുതല്‍ ആറു വരെയും ആറുമുതല്‍ ഒന്‍പതു വരെയും ഒന്‍പതു മുതല്‍ 12 വരെയുമുള്ള നാലു ഷോകള്‍ മാത്രം. സിനിമ കാണാന്‍ പുറത്തു പോകുന്നതു തന്നെ അക്കാലത്ത് ഒരു വലിയ സംഭവമായിരുന്നു. കേബിള്‍ ടി വിയൊന്നും നിലവില്‍ വന്നിട്ടില്ലാത്ത അക്കാലത്തെ ആശ്രയം ദൂരദര്‍ശന്‍ മാത്രമായിരുന്നു. സര്‍ക്കാരിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ പുറത്തു വരുന്ന ദൂരദര്‍ശന്‍ വാര്‍ത്തകള്‍ക്കിടെ ആകെയുള്ള ആനന്ദം ആഴ്ചയിലൊരിക്കല്‍, ഞായറാഴ്ച കാണിക്കുന്ന ഒരു സിനിമയായിരുന്നു. സ്വകാര്യ ചാനലുകളോ പ്രൈം നൈറ്റ് ന്യൂസുകളോ ഇല്ലാത്ത കാലമായിരുന്നു അത്. ടാം റേറ്റിനുവേണ്ടിയുള്ള നെട്ടോട്ടമില്ലാത്ത കാലം. ഇന്നത്തെ അവതാരകരും പ്രേക്ഷകരുമൊന്നും അന്ന് ജനിച്ചിട്ടു പോലുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഒന്നാം ഗള്‍ഫ് യുദ്ധക്കാലത്ത് സി എന്‍ എന്നിലൂടെയാണ് ഇന്ത്യ ഒരു ലൈവ് കവറേജ് ന്യൂസ് ഒരു സ്വകാര്യ ചാനലിലൂടെ ആദ്യമായി കാണുന്നതെന്നാണ് എന്റെ ഓര്‍മ്മ.

ഇന്ത്യക്ക് കുതിക്കുന്ന ഒരു സാമ്പത്തിക രംഗം അക്കാലത്തൊന്നുമുണ്ടായിരുന്നില്ല. പശു അലയുന്ന റോഡുകളുള്ള, പാമ്പു പിടുത്തക്കാരുടേയും സന്യാസിമാരുടേയും രാജ്യം. അതുകൊണ്ടു തന്നെ അന്നും നമ്മുടെ രാജ്യം അറിയപ്പെട്ടത് ഒരു ദരിദ്ര രാജ്യമായിട്ടായിരുന്നു. ലോകം ആശയപരമായി രണ്ടു ചേരികളില്‍ നിന്ന കാലമായിരുന്നു അന്ന്. കമ്യൂണിസവും മുതലാളിത്തവും ഭരിച്ച രണ്ടു ചേരികള്‍, അവ റിപ്പബ്ലിക് ഓഫ് സോവിയറ്റ് യൂണിയനെന്നും റിപ്പബ്ലിക് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെന്നും യഥാക്രമം അറിയപ്പെട്ടു. ഇന്ത്യയില്‍ അന്ന് ബോഫോഴ്‌സ് വിവാദത്താല്‍ കോണ്‍ഗ്രസ് അഴിമതിയുടെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന കാലം. എന്നാല്‍ 1991ഓടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. നരസിംഹറാവു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തുമ്പോള്‍ രാജ്യം കടക്കെണിയിലായിരുന്നു. വിദേശ കടം കുമിഞ്ഞു കൂടിയ ആ സമയത്ത് എന്തെങ്കിലും അടിയന്തര നടപടി കൈക്കൊളളാതെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനാകില്ല എന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇന്ത്യയുടെ സമ്മിശ്ര സാമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ കമ്മ്യൂണിസ്റ്റ് സാമ്പത്തിക നയങ്ങള്‍ മതിയാവുകയില്ലെന്ന തോന്നല്‍ ശക്തമായിരുന്നു. രാജ്യത്തെ കടത്തില്‍ നിന്ന് കരകയറ്റാന്‍ ഒരു തുറന്ന സാമ്പത്തിക നയമാണ് ആവശ്യമെന്ന ചിന്തയിലേക്ക് രാജ്യം എത്തിപ്പെടുകയായിരുന്നു. ലൈസന്‍സ് പെര്‍മിറ്റ് രാജിനെ ഉപേക്ഷിച്ച് കമ്പോളത്തെ തുറന്നിടുക എന്നതായിരുന്നു രാജ്യം മുന്നില്‍ കണ്ട പോംവഴി. അങ്ങനെ ലാഭവും മത്സരാധിഷ്ഠിതവുമായ കമ്പോള സമീപനങ്ങള്‍ ഇന്ത്യയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടു. നരസിംഹറാവു സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. മന്‍മോഹന്‍ സിംഗിനെ ധനമന്ത്രിയായി കൊണ്ടു വരാന്‍ എടുത്ത തീരുമാനം അത്തരത്തിലാണ് ഉണ്ടായത്. സ്വാതന്ത്ര്യാനന്തരം ഒരു പക്ഷേ രാജ്യം കൈക്കൊണ്ടിട്ടുള്ള, രാജ്യത്തിന്റെ മുഖച്ഛായക്കു തന്നെ മാറ്റം വരുത്തിയ ഏറ്റവും വലിയ നയപരമായ തീരുമാനമായിരിക്കും എന്നാണ് എന്റെ നിഗമനം.

എന്നാല്‍ നരസിംഹറാവുവിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിന്നില്ല. ഉദാര നവലിബറല്‍ നയങ്ങള്‍ക്കെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നു വന്നത്. കമ്പ്യൂട്ടറടക്കമുള്ള പുതിയ സാങ്കേതിക വിദ്യകള്‍ക്കെതിരെ അക്കാലത്ത് വലിയ എതിര്‍പ്പുകള്‍ നേരിട്ടിരുന്നത് മാധ്യമപ്രവര്‍ത്തകനായിരുന്ന എനിക്ക് നേരിട്ടറിയാം. ഐ എം എഫും വേള്‍ഡ് ബാങ്കും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനുമടക്കമുള്ളവ ഇന്ത്യയെ സാമ്പത്തികമായ കോളനിവത്കരണത്തിലേക്ക് തള്ളിയിടുമെന്ന് ശക്തമായ പ്രചാരണമുണ്ടായി. രാജ്യത്തെ സമ്പദ് വ്യവസ്ഥ വലിയ വ്യവസായികള്‍ക്കു മാത്രമുള്ളതായി എന്ന പഴികേട്ടപ്പോഴും റാവു രാഷ്ട്രീയമായി പിടിച്ചു നിന്നു. അക്കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ചുക്കാന്‍ മന്‍മോഹന്‍ സിംഗിന്റെ കയ്യിലായിരുന്നു. റാവു, സിംഗ് ദ്വയങ്ങള്‍ രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ആരംഭിച്ചപ്പോഴേക്ക് പിന്തുണ നഷ്ടപ്പെട്ട് നരസിംഹറാവുവിന് അധികാരത്തില്‍ നിന്ന് മാറേണ്ടി വന്നു. സ്വകാര്യവത്കരണത്തെ തള്ളിക്കളയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുണ്ടായിട്ടും പിന്നീട് അധികാരത്തില്‍ വന്ന എച്ച് ഡി ദേവഗൗഡക്കും ഐ കെ ഗുജറാളിനും ഇതേ നയങ്ങള്‍ തന്നെ പിന്തുടരേണ്ടി വന്നു. പിന്നീടു വന്ന വാജ്‌പേയ് സര്‍ക്കാരും വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കാനുമായി ഇതേ നയങ്ങള്‍ ശക്തമായി സ്വീകരിച്ചു മുന്നോട്ടു പോയി. 2004ല്‍ വാജ്‌പേയി സര്‍ക്കാരിന് അധികാരം കൈവിടുമ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ വക്കിലായിരുന്നു. ഒന്‍പത് ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ ആ വര്‍ഷത്തെ കുതിപ്പ് 2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തിലൊഴിച്ച് 2011വരെ നിലനിന്നു. ഇന്ന് ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ്. ഇന്ന് ഇതെഴുതുമ്പോള്‍ രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയ നവസാമ്പത്തിക പരിഷ്‌ക്കാരം 25 വര്‍ഷം പിന്നിടുകയാണ്. ഇന്ന് ഇന്ത്യയെ ആരും ദരിദ്രരാഷ്ട്രമായി കണക്കാക്കുന്നില്ല. ഭാവിയുടെ സൂപ്പര്‍ പവറായി മാറാന്‍ കെല്‍പ്പുളള രാജ്യമായാണ് ഇന്ന് എല്ലാവരും നമ്മുടെ രാജ്യത്തെ നോക്കിക്കാണുന്നത്. രാജ്യത്ത് ഒരു പുതിയ മധ്യവര്‍ഗ്ഗം ഉടലെടുത്തിരിക്കുന്നു. സാധാരണക്കാരന്റെ വാങ്ങള്‍ശേഷി വര്‍ധിച്ചിരിക്കുന്നു. പുറത്തു പോയി ആഹാരം കഴിക്കുന്നത് ഇന്നൊരു ആഡംബരമല്ല മറിച്ച് ശീലമായി മാറിക്കഴിഞ്ഞു. ഒന്നാംകിട സാധനങ്ങള്‍ വാങ്ങുന്ന, അതിനു ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, പെപ്‌സിക്കോ തുടങ്ങി ലോകത്തെ അതിഭീമന്‍ കമ്പനികളുടെ തലപ്പത്തൊക്കെ ഇന്ത്യന്‍ മേധാവികള്‍ വാഴുന്നു. സിലിക്കണ്‍ വാലി വിപ്ലവത്തില്‍ ഇന്ത്യ വഹിച്ചത് ചെറുതല്ലാത്ത പങ്കാണ്.

1991ല്‍ മധ്യവര്‍ഗത്തിലെ കുറച്ചു കുടുംബങ്ങള്‍ക്ക് മാത്രം കാറുണ്ടായിരുന്നപ്പോള്‍ ഇന്ന് ഏതാണ്ട് എല്ലാ മധ്യവര്‍ഗ കുടുംബങ്ങളിലും കാറായി. ചിലര്‍ ഒന്നില്‍ കൂടുതല്‍ കാറുള്ളവരായി. ഇന്ത്യ ഇന്ന് കൂടുതല്‍ ആത്മവിശ്വാസമുള്ള രാജ്യമായിരിക്കുകയാണ്. ഇന്ന് ഇന്ത്യക്കാര്‍ മത്സരങ്ങളില്‍ പകച്ചു പോകുന്നില്ല. ഇന്ന് ഇന്ത്യക്കാരന് ലോകത്തിന് മുന്നില്‍ മറ്റൊരിക്കലുമില്ലാത്ത ബഹുമാനം ലഭിക്കുന്നുണ്ട്. പല കാര്യങ്ങളിലും ഇനിയും മാറ്റം വരേണ്ടതുണ്ടെങ്കിലും വിപണി എന്നത് ഇന്ന് ഒരു ചീത്ത വാക്കല്ല. എന്നാല്‍ ഇപ്പോഴും രാജ്യത്ത് കടുത്ത അഴിമതി നിലനില്‍ക്കുന്നുണ്ട്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരവും വര്‍ധിക്കുന്നുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന അടിസ്ഥാന സൗകര്യവികസനത്തില്‍ ഇന്നും നാം പിന്നിലാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മുന്നേറിയാല്‍ മാത്രമേ ലോകം നമുക്ക് കീഴടക്കാനാകൂ. സാമ്പത്തിക രംഗത്തെ മാറ്റം മൂലം കഴിഞ്ഞ 25 വര്‍ഷങ്ങള്‍ നമുക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല എന്നാണ് എന്റെ വിശ്വാസം. മുന്നിലുള്ള വലിയ ഭാവിക്ക് ഇത് കരുത്താകുമെന്നു തന്നെ കരുതാം. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

    Latest Stories

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക