ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു... മലയാളത്തിന്റെ ചിരിയുടെ തമ്പുരാനെ കാത്ത്
മുജെ മാലൂം.... അറിഞ്ഞുകൂട എന്നുള്ളതിന്റെ ഹിന്ദിയില്‍ എന്തുവാണോ എന്തോ? ഈ ഡയലോഗ് മലയാളി ഒരിക്കലും മറക്കില്ല. കുഞ്ഞുങ്ങള്‍ക്കുപോലും അറിയാവുന്ന ജഗതി ശ്രീകുമാറിന്റെ ചിരിക്കലവറയില് നിന്നുള്ള നിമിഷങ്ങളിലൊന്നുമാത്രമാണിത്. ഇത്തരത്തില്‍ ആയിരക്കണക്കിന് നിമിഷങ്ങളാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ സിനിമക്ക് സമ്മാനിച്ചിട്ടുള്ളത്. അദ്ദേഹത്തിന് പകരംവെക്കാന്‍ മറ്റൊരാളില്ല എന്നുള്ളതുകൊണ്ട തന്നെ മലയാള സിനിമയുടെ ചിരി തമ്പൂരാന്റെ സിംഹാംസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ആ ഇരിപ്പിടത്തില്‍ ഗാംഭീര്യത്തോടെ വീണ്ടും അദ്ദേഹം അവിടെ ഉപവിഷ്ടനാകുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് മലയാളികള്‍.
2012 മാര്‍ച്ച് 10ന് കാലിക്കട്ട് സര്‍വകലാശാലക്ക് സമീപത്ത് പാണമ്പ്രയിലെ വളവില്‍ വെച്ചാണ് ജഗതിക്ക് അപകടം സംഭവിച്ചത്. ജഗതി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം നടന്നത്. ആയിരത്തോളം സിനിമകളില്‍ ഹാസ്യരസം നിറഞ്ഞ കഥാപാത്രങ്ങളുമായി മലയാളികളെ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ചിരിപ്പിച്ച ജഗതിക്ക് കലാകേരളം നല്കുന്ന സ്നേഹം തിരിച്ചറിയാന്‍ കഴിയുന്നതായിരുന്നു മിംസ് ആശുപത്രിക്ക് മുമ്പില്‍ ദിവസങ്ങളോളം നിലനിന്ന ആള്‍ത്തിരക്ക്. എല്ലാവര്ക്കും അറിയേണ്ടത് ഒന്നുമാത്രമായിരുന്നു. ജഗതി എപ്പോള്‍ തിരിച്ചെത്തും. ആരോഗ്യനില വീണ്ടെടുത്താലും കുറഞ്ഞത് ആറു മാസത്തിനുള്ളില്‍ സുഖമായി അഭിനയരംഗത്തേക്ക തിരിച്ചെത്താനാകുമെന്നായിരുന്നു ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടത് നീളുകയായിരുന്നു.
തിരുവമ്പാടി തമ്പാന്, ഇടവപ്പാതി, ഗ്രാന്‍ഡ് മാസ്റ്റര്‍, കിംഗ് ആന്‍ഡ് കമ്മീഷണര്‍, മാസ്റ്റേഴ്സ്, കൗബോയ്സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത്. ജഗതിയെ ഒഴിവാക്കിയും കഥയില്‍ മാറ്റം വരുത്തിയും പലരും പടം പൂര്‍ത്തിയാക്കുകയായിരുന്നു.
തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനില്‍ നിന്നും ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്. മലയാള സിനിമക്ക് മറക്കാനാകാത്ത നിറസാന്നിധ്യമായിരുന്നു ജഗതി എന്ന പ്രതിഭ. റോളിന്റെ വലിപ്പം നോക്കാതെ സമീപിക്കുന്ന സിനിമകളുമായി പരമാവധി സഹകരിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. മാത്രമല്ല സിനിമക്കുവേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധനായ ഇങ്ങനെയൊരു നടന് മലയാള സിനിമക്കുണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്നും തൊന്നുന്നില്ല.
ഓടി നടന്ന് അഭിനയിക്കുന്ന ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. താനോരു വാടക സൈക്കിളാണ് എന്നാണ് അദ്ദേഹം ഇതിന് നല്‍കിയിരുന്ന വിശദീകരണം. സൈക്കിള്‍ വാടകക്ക് ആര് ചോദിച്ചാലും നല്‍കും. നന്നായി സൈക്കിള്‍ ചവിട്ടാനറിയാവുന്നവര് തന്നിലെ അഭിനേതാവിനെ നന്നായി ഉപയോഗിക്കാന്‍ സാധിക്കും. അല്ലാത്തവര്‍ ചിലപ്പോള്‍ മോശമായി ഉപയോഗിക്കും. എങ്കിലും താന്‍ തന്റെ ജോലി തികഞ്ഞ പ്രോഫഷണലായി തന്നെ ചെയ്യും. ഇതായിരുന്നു അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ തീയറി.
ഏത് അപകടത്തേയും തരണം ചെയ്യാനുള്ള കരുത്ത് ജഗതിക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഇന്നും പറയുന്നത്. അത് ശരി തന്നെയാണ് എല്ലാ പ്രതിസന്ധികളേയും വളരെ ധൈര്യത്തോടെയാണ് അദ്ദേഹം എന്നും നേരിട്ടിരുന്നത്. ഇവിടെയും അതു തന്നെ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മലയാള സിനിമയില്‍ 1500ഓളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ മൂന്നാം വയസ്സില്‍ തന്നെ അച്ഛനും മകനും എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചിരുന്നു. അച്ഛന് ജഗതി എന്‍ കെ ആചാരിയായിരുന്നു അതിന്റെ തിരക്കഥ. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലെ അടൂര്‍ഭാസിയുടെ ശിങ്കിടിപയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു.
പ്രമുഖ നാടാകാചാര്യനായ ജഗതി എന്‍ കെ ആചാരിയുടേയും പൊന്നാമ്മാളിന്റേയും മകനായി ജനിച്ച ജഗതിയുടെ ജീവിതത്തിലേക്ക് മൂന്ന് സ്ത്രീകള്‍ ജീവിതസഖികളായി കടന്നു വന്നു. മല്ലിക സുകുമാരന്‍, കല, ശോഭ എന്നിവരാണ് വ്യത്യസ്ത കാളഘട്ടങ്ങളില് ജഗതിയുടെ ജീവിത പങ്കാളികളായത്. രാജ് കുമാര്‍, പാര്‍വതി, ശ്രീലക്ഷ്മി എന്നിവരാണ് മക്കള്‍.
ഇപ്പോള്‍ ആരുടേയെങ്കിലും പിന്തുണയോടുകൂടി നടക്കാനും ഒരു കൈ ചലിപ്പിക്കാനും ചില വാക്കുകള്‍ പറയാനും ജഗതിക്ക് സാധിക്കും. ഇടതുകൈകൊണ്ട് എഴുതുകയും വായിക്കുകയും ചെയ്യും. തനിയെ ഭക്ഷണം കഴിക്കുകയും ആളുകളെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നുണ്ടെങ്കിലും പൂര്‍ണമായി സംസാരശേഷി തിരിച്ച് കിട്ടിയിട്ടില്ല. സിനിമാ രംഗത്തേയും രാഷ്ട്രീയ മേഖലയിലേയും പ്രശസ്തര്‍ പലരും ഇടക്കിടക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന്റെ വേദിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു പാട്ടിന്റെ ചില വരികള്‍ മൂളാനായത് തിരിച്ചുവരവിന്റെ വലിയ പ്രതീക്ഷയാണ് ആരാധകരില്‍ നിറക്കുന്നത്.
മലയാളത്തിലെ പ്രശസ്തരായ പല തിരക്കഥാകൃത്തുകളും ഇപ്പോഴും കഥയെഴുതുമ്പോള്‍ ഭാവനയിലെത്തുന്ന ഹാസ്യതാരത്തിന്റെ രൂപം ജഗതിയുടേതാണ്. ഈ ഭാവന യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകത്തെമ്പാടുമുള്ള മലയാളികള്‍. മലയാളത്തിന്റെ നവരസങ്ങളുമായി ഒരു സുപ്രഭാതത്തില്‍ ജഗതി തിരിച്ചുവരുമെന്നും നമ്മളെ കുടുകുടു ചിരിപ്പിക്കുമെന്ന ശുഭ പ്രതീക്ഷയില്‍.