എഡിറ്റീസ്
Malayalam

മത്സ്യോത്സവവും മത്സ്യ കര്‍ഷക അവാര്‍ഡ് വിതരണവും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

TEAM YS MALAYALAM
22nd Jul 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

മത്സ്യത്തൊഴിലാളികളുടെ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍ക്ക് മത്സ്യ അദാലത്തുകള്‍ വലിയൊരളവില്‍ സഹായകമാകുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ടാഗോര്‍ തിയറ്ററില്‍ നടന്ന ദേശീയ മത്സ്യകര്‍ഷക ദിനാചരണവും മത്സ്യോത്സവവും മത്സ്യ കര്‍ഷക അവാര്‍ഡ് വിതരണവും ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തില്‍ മത്സ്യമേഖലയ്ക്ക് നിര്‍ണായക സ്ഥാനമുണ്ട്. മത്സ്യവിഭവങ്ങള്‍ കേരളീയര്‍ക്ക് പ്രിയപ്പെട്ടതാണെങ്കിലും സംസ്ഥാനത്തിന് ആവശ്യമുള്ളത്ര ഗുണമേന്മയുള്ള മത്സ്യം മാര്‍ക്കറ്റിലെത്തുന്നില്ല. ഏതാനും ദശകങ്ങളായി മത്സ്യ ബന്ധനത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ജലാശയങ്ങളാല്‍ സമ്പന്നമായ കേരളത്തില്‍ ഏകദേശം 210 ഇനം മത്സ്യങ്ങളുണ്ട്. 

image


അതില്‍ 53 ഇനം കേരളത്തില്‍ മാത്രം കണ്ടുവരുന്നവയാണ്. മത്സ്യകൃഷിയിലൂടെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മത്സ്യോത്പാദനം 40,000 മെട്രിക് ടണ്ണില്‍ നിന്ന് 80,000 മെട്രിക് ടണ്ണായി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം അഭിനന്ദനീയമാണ്. ജനകീയ മത്സ്യകൃഷിയുടെ രണ്ടാം ഘട്ടം വിജയിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കണം. ജൈവകൃഷി വ്യാപിപ്പിക്കാന്‍ സംസ്ഥാനം നടത്തിയ ബോധവത്കരണങ്ങള്‍ മത്സ്യകൃഷിവ്യാപനത്തിനും അനിവാര്യമാണ്. ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് ആവശ്യമായ പരിശീലന പരിപപാടികളും ക്ഷേമപദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിഷ് വി.എസ് (സംസ്ഥാനതല മികച്ച ശുദ്ധജല മത്സ്യ കര്‍ഷകന്‍), സുദര്‍ശനന്‍ ആര്‍ (മികച്ച ചെമ്മീന്‍ കര്‍ഷകന്‍), ദേവിക കലാധരന്‍ (കരിമീന്‍ കര്‍ഷകന്‍), ഉദയ വനിതാ സ്വയം സഹായ സംഘം (കല്ലുമ്മക്കായ കര്‍ഷകന്‍), കെ.കെ. വറുഗീസ് ( മികച്ച അക്വാ കള്‍ച്ചര്‍ കോ ഓര്‍ഡിനേറ്റര്‍), സേനാപതി ഗ്രാമ പഞ്ചായത്ത് (മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം) എന്നിവര്‍ക്ക് സംസ്ഥാനതല അവാര്‍ഡുകള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം ടാഗോര്‍ അങ്കണത്തിലെ പ്രദര്‍ശന സ്റ്റാളുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളികളെ പൊതു ധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. മത്സ്യം ഇഷ്ട ഭക്ഷണങ്ങളിലൊന്നായ കേരളത്തില്‍ കടല്‍മത്സ്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിപണിയിലെത്തുന്ന മത്സ്യങ്ങളില്‍ പലതും മാരക വിഷാംശമുള്ളതാണ്. ഈ സാഹചര്യത്തില്‍ മത്സ്യകൃഷിക്ക് വലിയ പ്രസക്തിയുണ്ട്. ജനകീയമത്സ്യകൃഷി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഗുണനിലവാരമുള്ള മത്സ്യങ്ങളെത്തന്നെ കൃഷി ചെയ്യാന്‍ സാധിച്ചാല്‍ വിപുലമായ സാധ്യതകളാണ് ഈ രംഗത്തുള്ളത്. മുന്‍പ് സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്ന ഒരു നെല്ലും മീനും പദ്ധതി മാതൃകാപരമായിരുന്നു. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും തദ്ദേശീയമായി ഗുണമേന്മയുള്ള മത്സ്യങ്ങള്‍ ഉത്പാദിപ്പിക്കാനും ജനകീയ മത്സ്യ കൃഷി പദ്ധതിയിലൂടെ സാധിക്കും. വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന ആഫ്രിക്കന്‍ മുഷി പോലുള്ള മത്സ്യങ്ങളെ ഇവിടെ വളര്‍ത്താതിരിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്നും സഹകരണമന്ത്രി പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടിമേയര്‍ രാഖി രവികുമാര്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, അഡീഷണല്‍ ഡയറക്ടര്‍ കെ.എം. ലതി തുടങ്ങിയവര്‍ സംബന്ധിച്ചു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags