ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങായി മൈത്രി
സ്വന്തം സഹോദരന്‍ ക്യാന്‍സറിലൂടെ അനുഭവിക്കേണ്ടി ദുതിതവും അവനിലൂടെ മറ്റ് രോഗികളില്‍ കണ്ട വേദനയുമാണ് ലതയെ ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങാകന്‍ പ്രേരിപ്പിച്ചത്. മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡിലെ എല്ലാ രോഗികള്‍ക്കും വര്‍ഷങ്ങളായി അവര്‍ക്ക് മൈത്രി ക്യാന്‍സര്‍ കെയര്‍ സൊസൈററിയെ നന്നായി അറിയാം. രോഗികളുടെ ഏതാവശ്യത്തിനും കൂട്ടിരുപ്പുകാരുടെ സഹായത്തിനും മൈത്രി ഒപ്പമുണ്ട്. മൈത്രിയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് സൊസൈറ്റിയുടെ സെക്രട്ടറി ലത അനൂപാണ്. തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് ലത ഇത് മൂന്നോട്ടു കൊണ്ടു പോകുന്നത്. തന്റെ ഇരട്ട സഹോദരന് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നുണ്ടായ അനുഭവങ്ങളാണ് ക്യാന്‍സര്‍ രോഗികളെ സഹായിക്കാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നതെന്ന് ലത യുവര്‍ സ്‌റ്റോറിയോടു പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓങ്കോളജി വാര്‍ഡ് കേന്ദ്രീകരിച്ചാണ് മൈത്രിയുടെ പ്രവര്‍ത്തനം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രോഗികള്‍ക്ക് അടിയന്തിരമായി മരുന്ന് എത്തിക്കുന്നു. കൂടാതെ അവര്‍ക്കുള്ള ഭക്ഷണവും വെള്ളവും യാത്രാ സൗകര്യവും ഒരുക്കുന്നുണ്ട്. ഭക്ഷണം പ്രത്യേകമായി പാകം ചെയ്ത് എത്തിക്കും. വിശേഷ ദിവസങ്ങളില്‍ കേക്കും പായസവും ബിരിയാണിയുമൊക്കെ ഇവര്‍ക്കായി നല്‍കും. ചികിത്സക്കാവശ്യമായ എന്ത് ഉപകരണവും എത്തിച്ചു നല്‍കും. ആംബുലന്‍സ് സര്‍വീസ് ഒരുക്കിയതിനു പുറമെ ഇവര്‍ക്കായി ഒരു വാഹനം എപ്പോഴും സജ്ജമാണ്.
ആശുപത്രിക്കാവശ്യമായ ബെഡ്, തലയിണ, കിടക്കവിരി, വീല്‍ ചെയര്‍, സ്‌ട്രെക്ചര്‍ എന്നിവയും വാങ്ങി നല്‍കിയിട്ടുണ്ട്. രോഗികളെ തനിച്ചാക്കി കൂട്ടിരിപ്പുകാര്‍ക്ക് ഫോട്ടോ സ്റ്റാറ്റ് എടുക്കാന്‍ പോകുന്ന ബുദ്ധിമുട്ട് മനസിലാക്കി അവിടെ തന്നെ ഫോട്ടോ സ്റ്റാറ്റ് മെഷിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗികളില്‍ പലരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണെന്ന് ലത പറയുന്നു. മരുന്നു വാങ്ങുന്നതിന് പോലും ബുദ്ധിമുട്ടുന്ന ധാരാളംപേരുണ്ട്. അനിയന്‍ സുരേഷ് മെഡിക്കല്‍ കോളജ് ക്യാന്‍സര്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നപ്പോള്‍ അവിടെയെത്തിയിരുന്ന നിര്‍ധനരായ രോഗികളെ ലത ശ്രദ്ധിച്ചിരുന്നു. അന്നു മുതലാണ് അവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്ന ദൃഢനിശ്ചയം എടുത്തത്.
കൊല്ലത്തു താമസിച്ചിരുന്ന ലത പിന്നീട് തിരുവനന്തുരത്തേക്ക് താമസം മാറ്റി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായി തന്റെ ജീവിതം മാറ്റി വെക്കണമെന്ന ചിന്തയായിരുന്നു പിന്നീട് ലതയുടെ മനസ്സില്‍ മുഴുവന്‍. വിവാഹം കഴിഞ്ഞ ലത ഭര്‍ത്താവുമൊത്ത് മെഡിക്കല്‍ കോളജിനടുത്തുള്ള വീട്ടില്‍ തന്നെ താമസമാക്കിയതു ആഗ്രഹം സഫലീകരിക്കുന്നതിന് സഹായകമായി. ക്യാന്‍സര്‍ വാര്‍ഡിലെ നിത്യ സന്ദര്‍ശകയായ ലത പിന്നീടാണ് ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി ആരംഭിച്ചത്. സാമൂഹ്യ പ്രവര്‍ത്തനത്തിനായുള്ള കമലാ ഭാസ്‌കര്‍ അവാര്‍ഡിനും ഇതിലൂടെ അര്‍ഹയായി.
ആദ്യം സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവഴിച്ചായിരുന്നു രോഗികളെ സഹായിച്ചിരുന്നത്. പിന്നീട് ലതയുടെ നല്ല ഉദ്ദേശം തിരിച്ചറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും സഹായവുമായെത്തി. ഇപ്പോള്‍ വാര്‍ഡിലെ തുരുമ്പെടുത്ത ഇരുമ്പ് കട്ടിലുകളെല്ലം പെയിന്റ് ചെയ്തു നല്‍കി. അലമാരകളെല്ലാം വൃത്തിയാക്കി. രോഗികളുടെ മനസിന് അശ്വാസമായി മൂന്നിടങ്ങളില്‍ ടി വി സ്ഥാപിച്ചു നല്‍കിയിട്ടുണ്ട്. പലരില്‍ നിന്നും ലഭിക്കുന്ന ഉപയോഗിച്ച വസ്ത്രങ്ങളും പുതുതായി വാങ്ങുന്നതുമായ വസ്ത്രങ്ങളും ഇവിടെ വിതരണം ചെയ്യുന്നുണ്ട്.