എഡിറ്റീസ്
Malayalam

വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിക്ക് കൂടുതല്‍ തുക അനുവദിക്കും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

TEAM YS MALAYALAM
31st May 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസപദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബങ്ങളേയും സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

image


പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ പദ്ധതിക്കായി സര്‍ക്കാര്‍ 900 കോടി രൂപ മാറ്റിവെച്ചിട്ടുളളത്. വിശദമായ കണക്കെടുപ്പിന് ശേഷം അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിനായി കൂടുതല്‍ തുക വക കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരിപഠനത്തിനായി ബാങ്ക് വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങുന്നത് വായ്പ എടുക്കുന്നവരുടെ ഭാഗത്ത് നിന്നുളള വീഴ്ചകൊണ്ടു മാത്രമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഠനം പൂര്‍ത്തിയാക്കിയ പല വിദ്യാര്‍ത്ഥികള്‍ക്കും യഥാസമയം തൊഴില്‍ ലഭ്യമാക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ തകരാറു കൊണ്ടാണ്. ഇത്തരത്തില്‍പ്പെട്ട നിരപരാധികളായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുളളത്. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പക്കാരെ അമിത സമര്‍ദ്ദം ചെലുത്തി ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ വായ്പാ ആശ്വാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള ഈ പദ്ധതി പൂര്‍ണമായും ഉള്‍ക്കൊണ്ടുവേണം ബാങ്കുകള്‍ വായ്പ തിരിച്ചടവിന്‍മേലുളള തുടര്‍നടപടികളുമായി മുന്നോട്ടു പോകാനെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പദ്ധതി പ്രകാരം കടാശ്വാസം അനുവദിച്ചുകൊണ്ടുളള ഉത്തരവ് ചടങ്ങില്‍ മന്ത്രി കൈമാറി. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ സാധാരണക്കാരായ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി കാര്യക്ഷമമായി ഇടപെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തിലുളള സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കാര്‍ഷിക വികസന - കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മിഷനുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും അവയുടെ വിജയത്തിന് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒന്‍പത് ലക്ഷം രൂപയ്ക്ക് താഴെ വിദ്യാഭ്യാസ വായ്പ എടുത്ത പ്രതിവര്‍ഷം ആറു ലക്ഷം രൂപയില്‍ താഴെ വരുമാനമുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ബാങ്കുകള്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റ്- പട്ടികയില്‍പ്പെടുത്തിയ നാലു ലക്ഷം രൂപ വരെയുളള വായ്പകളില്‍ 60 ശതമാനം വരെയുളള വായ്പാതുക സര്‍ക്കാര്‍ അടയ്ക്കും. ശേഷിക്കുന്ന 40 ശതമാനം മാത്രം വായ്പ എടുത്തയാള്‍ അടച്ചാല്‍ മതിയാകും. ഇതിനായി ബാങ്കുകള്‍ വായ്പകളിന്‍മേലുളള പലിശയും പിഴപലിശയും ഒഴിവാക്കിക്കൊടുക്കണമെന്നാണ് നിബന്ധന. നാലു ലക്ഷത്തിന് മുകളിലുളള നോണ്‍ പെര്‍ഫോമിംഗ് പട്ടികയില്‍ ഉള്‍പ്പെടാത്ത വായ്പകളുടെ കാര്യത്തില്‍ ആദ്യവര്‍ഷം അടക്കേണ്ട തുകയുടെ 90 ഉം രണ്ടാം വര്‍ഷം അടയ്‌ക്കേണ്ട തുകയുടെ 75ഉം മൂന്നാം വര്‍ഷത്തെ 50 ഉം നാലാം വര്‍ഷത്തെ 25 ഉം ശതമാനം വരെയുളള തുക പദ്ധതി പ്രകാരം സര്‍ക്കാര്‍ അടയ്ക്കും. നാലുലക്ഷത്തിന് മുകളിലുളള നോണ്‍ പെര്‍ഫോമിംഗ് അസറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വായ്പകളുടെ തിരിച്ചടവിനായി പ്രത്യേക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ എടുത്തശേഷം മരിച്ചുപോയ വിദ്യാര്‍ത്ഥികളുടെയും വായ്പ എടുത്തിട്ടുളള ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെയും കാര്യത്തില്‍ ബാങ്കുകള്‍ പലിശ എഴുതിത്തള്ളുന്ന പക്ഷം വായ്പത്തുക പൂര്‍ണമായും തിരിച്ചടയ്ക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. ചടങ്ങില്‍ എം.എല്‍.എമാരായ പി. സി. ജോര്‍ജ്ജ്, ഡോ.എന്‍. ജയരാജ്, സി. കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ സി.എ ലത സ്വാഗതവും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വികസന ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags