എഡിറ്റീസ്
Malayalam

ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 2.76 കോടി രൂപ: കടകംപള്ളി സുരേന്ദ്രന്‍

TEAM YS MALAYALAM
31st Mar 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ആറ്റുകാല്‍ പൊങ്കാലയ്‍ക്കുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവം എന്ന നിലയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

image


ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിക്കുന്ന തരത്തിലാണ് ഇത്തവണത്തെ പൊങ്കാലയ്ക്ക് തിരുവനന്തപുരം നഗരം ആതിഥ്യം വഹിക്കുന്നത്. ഡിസ്പോസിബിള്‍ ഗ്ലാസുകളും, പ്ലേറ്റുകളും അടക്കമുള്ളവ ഉപയോഗിക്കാതെ പ്രകൃതി സൗഹൃദ സംസ്കാരം പൊങ്കാല ഉത്സവത്തിലൂടെ വ്യാപിപ്പിക്കാനാണ് സര്‍ക്കാരും നഗരസഭയും ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

പൊങ്കാലയിടാനും കുടിവെള്ളത്തിനുമായി 1650 ടാങ്കുകളാണ് പ്രത്യേകം സജ്ജീകരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കുകള്‍ക്ക് പുറമെ കോര്‍പ്പറേഷന്‍ വക ടാങ്കുകളിലും വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. സ്വീവേജ് ക്ലീനിംഗിനും,മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനും ഉള്ള പ്രവൃത്തികളും പൂര്‍ത്തീകരിച്ചുവരികയാണ്.

പൊങ്കാല ഉത്സവത്തിന് അടുപ്പുകളില്‍ ഉയരുന്ന അഗ്നി മൂലം അപകടാവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഫയര്‍ഫോഴ്സ് കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. വാട്ടര്‍ ഹൈഡ്രന്റ് സംവിധാനം സ്ഥാപിച്ചു. അടിയന്തിര സാഹചര്യമുണ്ടായാല്‍ എത്തിപ്പെടാന്‍ 50 അഗ്നിശമന യന്ത്ര സംവിധാനം വിവിധ സ്ഥലങ്ങളിലായി ഒരുക്കിയിട്ടുണ്ട്. ഉത്സവമേഖലയില്‍ ഫയര്‍ഫോഴ്സിന്റെ സാന്നിധ്യം ഉണ്ടാകും. പത്ത് ആംബുലന്‍സുകള്‍ അഗ്നിശമന സംവിധാനത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഇത്രയധികം ഭക്തര്‍ എത്തുന്ന ഉത്സവമായതിനാല്‍ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 21 മെഡിക്കല്‍ സംഘങ്ങളും ഓക്സിജന്‍ സിലിണ്ടറുകള്‍ സജ്ജീകരിച്ച ആംബുലന്‍സുകളും ഉത്സവമേഖലയില്‍ ഉണ്ടാകും. കുടിവെള്ള സ്രോതസുകളില്‍ കര്‍ശന പരിശോധനയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലയുടെ ഐതിഹ്യവുമായി ബന്ധമുള്ള കിള്ളിയാറിലെ മൂന്ന് കടവുകള്‍ ശുചീകരിച്ചിട്ടുണ്ട്.

യാത്രാസൗകര്യത്തിന് സ്പെഷ്യല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ 400 സര്‍വ്വീസും ഗ്രാമപ്രദേശങ്ങളില്‍ നിന്നും 400 സര്‍വ്വീസും കെ.എസ്.ആര്‍.ടി.സി നടത്തും. പൊങ്കാല ദിവസവും തലേന്നും സ്പെഷ്യല്‍ ട്രെയിനുകളും സര്‍വ്വീസ് നടത്തും. തിരുവനന്തപുരം-കൊല്ലം, തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടുകളില്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസും തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളിലെ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയില്‍വേ അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഒരുക്കാനും ശക്തമായ പോലീസ് സംവിധാനവും ക്രമീകരിക്കും.

ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും 300 വനിതാ വോളന്റിയര്‍മാരെയാണ് പ്രത്യേകം പരിശീലനം നല്‍കി നിയോഗിച്ചിരിക്കുന്നത്.നിരീക്ഷണ ക്യാമറകള്‍ വഴി 24 മണിക്കൂറും ഉത്സവ മേഖല പോലീസിന്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമായിരിക്കും.

ഉത്സവ മേഖലയിലെ അഞ്ച് പ്രധാന റോഡുകളിലും 26 വാര്‍ഡുകളിലെ ഉപറോഡുകളിലും അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. റോഡ്, കുടിവെള്ളം, സ്വീവേജ് തുടങ്ങിയവയ്ക്കായി ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് 2.76കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ശുചീകരണത്തിന് നിലവിലെ ജീവനക്കാരെ കൂടാതെ രണ്ടായിരം ജീവനക്കാരെ കൂടി വിന്യസിച്ചു.

ഭക്തരെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സ്പെഷ്യല്‍ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. കുത്തിയോട്ടം വഴിപാടിന് വരുന്ന കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

ജനങ്ങളുടെ ഒരേ മനസോടെയുള്ള പ്രവര്‍ത്തനം ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പൊങ്കാല ഉത്സവം നടത്തുന്നതിന് അനിവാര്യമായതിനാല്‍ എല്ലാവരുടെയും സഹായസഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. അനന്തപുരിയുടെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം നന്നായി നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags