ജൈവകൃഷിക്ക് വരദാനമായി ദാനാ നെറ്റ്‌വര്‍ക്ക്‌

ജൈവകൃഷിക്ക് വരദാനമായി ദാനാ നെറ്റ്‌വര്‍ക്ക്‌

Friday October 16, 2015,

2 min Read

ഇന്നു വെച്ച കറിയിലെ തക്കാളി എവിടെ നിന്നു വന്നുവെന്ന് ചോദിച്ചാല്‍ നമുക്ക് കൈമലര്‍ത്താന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ ഈ ചോദ്യം ഹൈദ്രാബാദിലെ ജനങ്ങളോട് ചോദിച്ചാല്‍ അവര്‍ ഉത്തരം നല്‍കും. കാരണം അവിടെ ജൈവകര്‍ഷകരേയും ഉപഭോക്താവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ട്. അതാണ് ദാനാ നെറ്റ്‌വര്‍ക്ക്. സുജാതയെന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറും അസ്ഹര്‍ ഫര്‍ഹാന്‍ എന്ന പങ്കാളിയും ചേര്‍ന്ന്‌ തുടങ്ങിയ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിലുള്ള സോഫ്റ്റ് വെയറാണ് കര്‍ഷകരേയും ഉപഭോക്താക്കളേയും തമ്മില്‍ ബന്ധപ്പെടുത്തുന്നത്. ജൈവപച്ചക്കറിയുടെ പ്രചാരകരും, ഉത്പാദകനും ഉപഭോക്താവും തമ്മിലുള്ള കണ്ണിയുമായാണ് ഇന്ന്‌ ദാനാ നെറ്റ് വര്‍ക്ക്.

image


പാചകത്തിന്‌ വിഷമില്ലാത്ത പച്ചക്കറി ലഭിക്കുക എന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്ന കാലത്ത് ഇവ എവിടെ ആര് ഉണ്ടാക്കുന്നുവെന്നും നമ്മുടെ വീട്ടിലെത്തുന്ന ജൈവപച്ചക്കറി എപ്പോള്‍ വിളഞ്ഞ് പാകമാകുമെന്നുമറിയാനും കഴിയുന്നത് അനുഗ്രഹമല്ലേ. ശുദ്ധമായ പച്ചക്കറി നമ്മുടെ പക്കല്‍ ഇടനിലക്കാരില്ലാതെ എത്തുമെന്ന നേട്ടമാണ് ദാനാ നെറ്റ് വര്‍ക്കിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത്. ഈ നെറ്റ് വര്‍ക്കിലൂടെ കര്‍ഷകര്‍ക്ക് പരസ്പരം സംശയങ്ങളും കൃഷി അറിവുകളും കൈമാറാം എന്നു മാത്രമല്ല, സ്വന്തം ഉത്പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് സ്വതന്ത്രമായി വില്‍ക്കാനും സാധിക്കും. ചെറുകിട കച്ചവടക്കാര്‍ക്ക് തങ്ങളുടെ കച്ചവടത്തിനാവശ്യമായ സാധനങ്ങള്‍ മുന്‍കൂട്ടി ഉറപ്പിക്കാനും ഈ സംവിധാനത്തിലൂടെയാകും. ഭാഷാവ്യത്യാസമില്ലാതെ നിരക്ഷരരായ കര്‍ഷകര്‍ക്കും സേവനം ലഭിക്കുമാറാണ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറില്‍ സംഖ്യാകേന്ദ്രീകൃതമായാണ് അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. അളവ്, തൂക്കം, വില, സ്റ്റോക്ക് എന്നീ വിവരങ്ങള്‍ കൈമാറാനും ഉത്പ്പന്നം വാങ്ങുന്നതിന് പണം നല്‍കുവാനും കഴിയും വിധമാണ് സോഫ്റ്റ് വെയറിന്റെ നിര്‍മ്മാണം. നിലവില്‍ അടിസ്ഥാന ഭാഷ ഇംഗ്ലീഷായ ദാനാ നെറ്റ് വര്‍ക്കിലെ ഉളളടക്കം ദക്ഷിണേന്ത്യയിലെ ആറ് ഭാഷകളില്‍ തര്‍ജ്ജിമ വഴി വരും മാസങ്ങളില്‍ ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങളുളള ഒരു സ്മാര്‍ട്ട്‌ ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമാണ് ദാനാ നെറ്റ് വര്‍ക്കിന്റെ സേവനം ലഭ്യമാകുന്നതിന് വേണ്ടത്.

image


സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സുജാത ദാനാ നെറ്റ് വര്‍ക്ക് ആരംഭിക്കുന്നതിന് മുമ്പ് ജൈവ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായ ഗുഡ് സീഡ്‌സ് എ സ്ഥാപനം നടത്തുകയായിരുന്നു. 2012ലാണ് അസ്ഹര്‍ ഫര്‍ഹാനുമായി ചേര്‍ന്ന് ദാന നെറ്റ് വര്‍ക്കിന് തുടക്കമിടുന്നത്. ജൈവകൃഷിയോടുള്ള മാനസിക ഐക്യദാര്‍ഢ്യമാണ് ഇരുവരേയും ഈ മേഖലയിലെ ബിസിനസ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. നിലവില്‍ 35 കാര്‍ഷിക സഹകരണ സംഘങ്ങളുമായി കൈകോര്‍ക്കുന്ന ദാനാ നെറ്റ് വര്‍ക്ക് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകരുമായി ബന്ധമുറപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ കര്‍ഷകരെ വ്യക്തിപരമായും സംഘമായും ഈ പ്ലാറ്റ് ഫോമിന് കീഴില്‍ കൊണ്ടു വരാനും സഹകരണമേഖലയിലെ 150 കേന്ദ്രങ്ങളുമായി ബന്ധമുറപ്പിക്കാനുമുള്ള നീക്കത്തിലാണ് ദാന നെറ്റ് വര്‍ക്കെന്ന് സുജാത വ്യക്തമാക്കുന്നു.

സുജാത

സുജാത


എന്നാല്‍ ജൈവകൃഷി രീതിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലപ്പോഴും വെല്ലുവിളിയാകാറുണ്ടെന്ന് സുജാത ചൂണ്ടിക്കാട്ടുന്നു. ഉത്പാദനക്ഷമതയില്‍ സംഭവിക്കുന്ന കുറവും ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാത്തതും പലപ്പോഴും കര്‍ഷകര്‍ക്ക് വെല്ലുവിളിയാകാറുണ്ട്. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ജൈവകൃഷിക്കാവശ്യമായ അറിവുകളും ദാനാ നെറ്റ് വര്‍ക്ക് കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നു. കര്‍ഷകരുടെ ജൈവ ഉത്പ്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണി സൃഷ്ടിക്കുന്നതിലൂടെ ജൈവകൃഷിയില്‍ കര്‍ഷകരെ പിടിച്ചു നിര്‍ത്താനുളള ശ്രമങ്ങളാണ് ദാന നെറ്റ് വര്‍ക്ക് നടത്തുന്നതെന്ന് സുജാത വ്യക്തമാക്കുന്നു. സുസ്ഥിര സംവിധാനങ്ങളിലൂടെ പരമ്പരാഗത ജൈവപച്ചക്കറി കൃഷിയുടെ ചിലവ് എങ്ങനെ കുറച്ചു കൊണ്ടു വരാനാകുമെന്നതാണ് നിലവിലെ പ്രധാന ചിന്താവിഷയം. ലാഭം ഉയര്‍ത്തുക എന്നതിനുപരി ഉത്പാദന ചിലവ് കുറക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

അസ്ഹര്‍ ഫര്‍ഹാന്‍

അസ്ഹര്‍ ഫര്‍ഹാന്‍


ഇടനിലക്കാരെ ഒഴിവാക്കി കാര്‍ഷിക ഉത്പന്നങ്ങള്‍ ആവശ്യക്കാരന് നേരിട്ട് എത്തിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അവ എത്തിക്കുന്നതിനാവശ്യമായ ഗതാഗത സൗകര്യം ഇനിയും മെച്ചപ്പേടേണ്ടതുണ്ടെന്ന്‌ സുജാത ചൂണ്ടിക്കാട്ടുന്നു. ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ച് ജൈവകൃഷിമേഖലയെ ഭാവിയിലെ കരുതലായി നിലനിര്‍ത്തുക എന്നതാണ് ദാനാ നെറ്റ്‌വര്‍ക്കിന്റെ ലക്ഷ്യം. വിഷപച്ചക്കറികള്‍ക്കെതിരേയും ജൈവപച്ചക്കറിക്ക് അനുകൂലമായും ജനങ്ങളുടെ അവബോധം വര്‍ധിച്ചു വരുന്നത് ഭാവിയില്‍ ജൈവകൃഷിക്ക് അനുകൂലമായ ഘടകമായി മാറുമെന്ന് സുജാത വിലയിരുത്തുന്നു

    Share on
    close