എഡിറ്റീസ്
Malayalam

സ്ത്രീയെ പുരുഷനാക്കി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ മെഡിക്കല്‍ കോളേജിന് സുപ്രധാന നേട്ടം

TEAM YS MALAYALAM
27th Jan 2017
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ നീണ്ട 3 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലസമാപ്തി കൂടിയായിരുന്നു ഈ വിജയം. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പൂര്‍ണ ആരോഗ്യനില കൈവരിച്ചിട്ടുണ്ട്.

image


തിരുവന്തപുരം സ്വദേശിനിയും അവിവാഹിതയുമായ 41 കാരിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ (സെക്‌സ് റീ അസൈന്‍മെന്റ് സര്‍ജറി) പുരുഷനായി മാറിയത്. ചികിത്സയ്ക്ക് മുമ്പ് ഇവര്‍ പൂര്‍ണമായും സ്ത്രീയായിരുന്നു. പക്ഷേ ചെറുപ്പകാലം മുതലേ പുരുഷന്റെ മാനസികാവസ്ഥയായിരുന്നു ഇവര്‍ക്ക്. ആണ്‍കുട്ടികളെപ്പോലെ പെരുമാറുകയും കൂട്ടുകൂടുകയും ആണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അസാധാരണ പെരുമാറ്റം കണ്ട് മാതാപിതാക്കള്‍ ചികിത്സ തേടിയെങ്കിലും ആണായി ജീവിക്കാനാണ് ആ പെണ്‍കുട്ടി ഇഷ്ടപ്പെട്ടത്. ആണായി ജീവിക്കാനുള്ള അമിത മോഹത്തിന് അവസാനം വീട്ടുകാര്‍ക്കും വഴങ്ങേണ്ടി വന്നു. തുടര്‍ന്ന് ആണാകാനുള്ള ചികിത്സകള്‍ക്കായി അവര്‍ പല ആശുപത്രികളും കയറിയിറങ്ങി. പക്ഷെ 5 മുതല്‍ 10 ലക്ഷം വരെ ചികിത്സാ ചെലവാകുമെന്ന് മനസിലാക്കി ആ ശ്രമം അവര്‍ ഉപേക്ഷിച്ചു. പിന്നീടാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്.

പുരുഷനെ സ്ത്രീയാക്കുക എന്നതിനേക്കാള്‍ സ്ത്രീയെ പുരുഷനാക്കുക എന്നത് വളരെയേറെ പ്രയാസമുള്ള കാര്യമാണ്. അങ്ങനെയുള്ള ഒരു വെല്ലുവിളിയാണ് ഡോ. കെ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ ഏറ്റെടുത്തത്.മാനസികാരോഗ്യ വിഭാഗത്തിന്റേയും പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റേയും അംഗീകാരം കിട്ടിയാല്‍ മാത്രമേ ലിംഗമാറ്റം നടത്താന്‍ അനുമതി ലഭിക്കാറുള്ളൂ. ആദ്യമായി മാനസികാരോഗ്യ വിഭാഗത്തില്‍ ഈ യുവതിയെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചു. തുടര്‍ന്ന് ലിംഗ മാറ്റത്തിനായുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചു.

എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ പുരുഷ ഹോര്‍മോണ്‍ നല്‍കുന്ന ചികിത്സ ഒരു വര്‍ഷത്തോളം നടത്തിയ ശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയത്. സ്തനങ്ങള്‍ നീക്കം ചെയ്യുന്ന മാസ്റ്റക്ടമി സര്‍ജറിയാണ് ആദ്യം നടത്തിയത്. നാല് മുതല്‍ അഞ്ച് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 2 സ്തനങ്ങളും നീക്കി പുരുഷനെപ്പോലെയാക്കി. തുടര്‍ന്ന് ഗര്‍ഭാശയവും അനുബന്ധ അവയവങ്ങളും മാറ്റുന്നതിനുള്ള ഹിസ്ട്രക്ടമി, വജൈനക്ടമി എന്നീ ശസ്ത്രക്രിയകളും നടത്തി.

തുടര്‍ന്നാണ് ഏറ്റവും അധികം വെല്ലുവിളികളുള്ള പുരുഷ ലൈംഗികാവയവം സ്ഥാപിക്കുന്നതിനുള്ള ഫലോപ്ലാസ്റ്റി സര്‍ജറി നടത്തിയത്. രോഗിയുടെ കാലില്‍ നിന്നും തുടയില്‍ നിന്നും എടുത്ത മാംസവും വിവിധ ഞരമ്പുകളും എടുത്താണ് ലൈംഗികാവയവം വച്ചു പിടിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ ആറു മുതല്‍ എട്ട് മണിക്കൂറുകള്‍ വരെ നീണ്ട രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകളിലൂടെയാണ് ഇത് പൂര്‍ത്തീകരിച്ചത്.

വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ഇപ്പോഴും ചികിത്സയിലാണ്. മൂന്നു മുതല്‍ ആറ് മാസം കഴിഞ്ഞ് കൃത്രിമ വൃഷണങ്ങള്‍ കൂടി വച്ച് പിടിപ്പിക്കും. അപ്പോള്‍ പൂര്‍ണമായും ആണിനെപ്പോലെ തന്നെയാകും. ഒരു വര്‍ഷം കഴിയുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇറക്ഷന്‍ ഇംപ്ലാന്റ് നടത്തണം. അതോടുകൂടി മറ്റേതൊരു ആണിനേയും പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും.

പ്ലാസ്റ്റിക് സര്‍ജറി ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. കെ. അജയകുമാറാണ് ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഡോ. പ്രവീണ്‍, ഡോ. കലേഷ്, ഡോ. പ്രേംലാല്‍, പി.ജി. ഡോക്ടര്‍മാരായ ഡോ. വിനു, ഡോ. ഓം അഗര്‍വാള്‍, ഡോ. അനീഷ്, ഡോ. ഫോബിന്‍, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ് മോറിസ്, ഡോ. ചിത്ര എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍. 

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags