ട്രോള്‍ മേറ്റ്സ് ഉണ്ട് സൂക്ഷിക്കുക
വീട്ടില്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ചുവരെഴുത്തിനു പകരം ഇന്ന് ട്രോള്മേറ്റസ് ഉണ്ട് സൂക്ഷിക്കുക എന്നെഴുതേണ്ടിവരും, വീട്ടിലല്ല പകരം ഫെയ്സ്ബുക്കിലാണെന്നുമാത്രം.. ട്രോള്മേറ്റ്സിലെ ട്രോളര്‍മാരെ പേടിച്ച് ഫെയ്സ്ബുക്കില്‍ കേറാന്‍ പറ്റാത്ത അവസ്ഥയാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. രാഷ്ട്രീയക്കാര്‍, സാംസ്കാരിക നായകന്മാര്, സിനിമാതാരങ്ങള്‍ എന്നുവേണ്ട ട്രോള്മേറ്റ്സിലെ ട്രോളര്‍മാരുടെ ഇരയാകാത്ത ഒരു മലയാളി പോലും ഫെയ്സ്ബുക്കിലുണ്ടാകില്ല. ഇനി മലയാളികളെ മാത്രമെ ട്രോളു എന്നൊന്നുമില്ല അതിനി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയാണെങ്കിലും അതല്ല ഇനി പരസ്പരം സീരിയലിലെ ദീപ്തിയാണെങ്കിലും ട്രോളര്‍മാര്‍ക്ക് ഒരു പോലെയാ. ട്രോളുന്ന കാര്യത്തില്‍ രാഷ്ട്രീയമോ ജാതിയൊ മതമൊ ഒന്നുമില്ലാത്തതിനാല്‍ തന്നെ ട്രോള്മേറ്റ്സില് അസഹിഷ്ണുതയ്ക്ക് യാതൊരു സ്കോപ്പുമില്ല....നാട്ടുകാരെ മാത്രെ ട്രോളു എന്നൊന്നും ഇല്ല സ്വന്തം അനുഭവങ്ങള്‍ ട്രോളാനും ട്രോള്മേറ്റ്സ് തയാറാണ്...
നര്‍മ്മബോധമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മ്മ എന്നു നമുക്ക് ട്രോള്മേറ്റ്സിനെ വിളിക്കാം.. നമ്മുടെ കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങിവച്ച തുള്ളലിന്റെ മോസ്റ്റ് മോഡണ് രൂപം..ആക്ഷേപ ഹാസ്യത്തിന്റെ പുത്തന്‍ രൂപം. ചെടി, ഇല പൂവ്, കായ് തുടങ്ങി ഭുമിയിലുള്ള സകല വസ്തുക്കളുടെയും സ്ഥലങ്ങളുടെയും പേരില്‍ ഫെയ്സ്ബുക്കില്‍ ഗ്രൂപ്പുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന സമയത്താണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ട്രോള്‍ മേറ്റ്സ് എന്ന ഗ്രൂപ്പു തുടങ്ങുന്നത്. 2015ല്‍ തുടങ്ങിയ ട്രോള്മേറ്റ്സിന് ഇന്നു മുപ്പതിനായിരത്തോളം അംഗങ്ങളായിക്കഴിഞ്ഞു. ദിവസേന 100 ല്‍ അധികം അംഗങ്ങളാണ് ഗ്രൂപ്പിനെ തേടിയെത്തുന്നത് ആരായാലും അംഗമായിപ്പോകും അത്രയ്ക്കുണ്ട് ട്രോള്മേറ്റ്സിലെ ട്രോളര്‍മാരുടെ കഴിവ്...
.. ഒരു വ്യക്തിയെ സംഭവത്തെ ചിത്രങ്ങളുടെ, ഡയലോകുകളുടെ സഹായത്തോടെ നര്‍മ്മ രൂപേണ വിമര്‍ശിക്കുന്നതിനെ ട്രോള്‍ എന്നു നിര്‍വ്വചിക്കാം...ഇവിടെ നര്മ്മത്തിനാണോ വിമര്ശനത്തിനാണോ പ്രധാന്യമെന്നു ചോദിച്ചാല്‍ കുഴഞ്ഞുപോകും.. കാരണം ട്രോളെന്നു പറഞ്ഞാല്‍ നര്‍മ്മവും വിമര്‍ശനവും ആണ്.
രാവിലെ മുതല്‍ രാത്രിവരെ ട്രോള്മേറ്റ്സിനെ ട്രോളര്‍മാര്‍ തങ്ങളുടെ ക്രിയേറ്റിവിറ്റി പ്രകടമാക്കികൊണ്ടിരിക്കുകാണ്.. ഒരാള്‍ ട്രോളിക്കഴിഞ്ഞാല് അയാളെ വിമര്‍ശിക്കാനും പിന്തുണയ്ക്കാണും ലൈക്കും കമന്റുമൊക്കെയായി മറ്റു ട്രോളര്‍മാരും സജീവമായി രംഗത്തുണ്ട്...ഇതു കേട്ട് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് യാതൊരു പണിയുമില്ലാത്തവരാണെന്നു തെറ്റിദ്ധരിക്കാന്‍ വരട്ടെ. ലോകത്തിന്റെ പല ഭാഗങ്ങളിലുമായി പല തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരാണ് ട്രോള്മേറ്റ്സിലെ അംഗങ്ങള്‍. ജോലിയ്ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളിലാണ് പലരും ട്രോള്മേറ്റ്സിലേക്ക് വേണ്ട സൃഷ്ടികള്‍ തയാറാക്കുന്നത്.
രാഷ്ട്രീയക്കാര്‍, സിനിമാക്കാര് വല്ല അബദ്ധവും പറഞ്ഞാല്‍, ചെയ്താല്‍ പണ്ടൊക്കെ പത്രക്കാരെ പേടിച്ചാല്‍ മതിയായിരുന്നു പക്ഷേ ഇന്നതല്ല സ്ഥിതി..ട്രോള്മേറ്റ്സിന്റെ വധവും കൂടി സഹിക്കേണ്ടിവരും, കെഎം മാണിയുടെ രാജി,മോദിയുടെ വിദേശയാത്ര വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം, ഏറ്റവും ഒടുവില്‍ കെ സുരേന്ദ്രന്റെ ഹിന്ദി പരിഭാഷ അങ്ങനെ ട്രോളര്‍മാരുടെ വധത്തിനു വിധേയമായ സംഭവങ്ങളും വ്യക്തികളും നിരവധിയാണ്.
പ്രധാനമായും സിനിമാരംഗങ്ങള്‍ ആണ് ട്രോള്മേറ്റ്സിന്റെ പ്രധാന ആയുധം..
ട്രോള്‍ മേറ്റ്സിനെ പറ്റി അവര്‍ തന്നെ പറയുന്നത് എന്താണെന്നു നോക്കാം
പ്രേജ് മുഖവുരയില്‍ നിന്ന്
പ്രിയ ട്രോള്മേറ്റ്സ് നമ്മുടെ ഗ്രൂപ്പിന് വല്യ അവകാശവാദങ്ങള്‍ ഒന്നുമില്ല. സമയം പോക്കിനും ഇത്തിരി ചളി അടിക്കാനും അല്പം തമാശപറയാനും ഒരു സ്ഥലം , ഇവിടെ നിങ്ങള്‍ക്ക് എന്തും പോസ്റ്റാം. കായികമോ സിനിമയോ രാഷ്ട്രീയമോ സാഹിത്യമോ ഇളംകാറ്റില്‍ ആടുന്ന തേങ്ങാ കുലയോ എന്തു വേണമെങ്കിലും. പക്ഷേ അതില്‍ കുറച്ച് തമാശ വേണമെന്ന് മാത്രം.
അടിപിടി പോസ്റ്റുകള്‍ നമുക്ക് വേണ്ട അത് പോസ്റ്റാന്‍ വേറെയും ഇഷ്ടംപോലെ സ്ഥലമുണ്ടല്ലോ. നമ്മള് വേറൊരു ഗ്രൂപ്പിനെയോ പേജിനെയോ അനുകരിക്കാന്‍ ശ്രമിക്കുന്നില്ല ആയതിനാല്‍ വേറൊരു ഗ്രൂപ്പില്‍ നിന്നും അടിച്ചു മാറ്റിയ പോസ്റ്റും നമുക്ക് വേണ്ടതാനും. നിങ്ങള്‍ക്ക് സ്വന്തമായി എന്ത് ചെയ്യാന്‍ സാധിക്കും അത് നിങ്ങള്‍ ചെയ്യുക. മാക്സിമം സപ്പോട്ടുമായി എല്ലാവരും കൂടെ ഉണ്ടാവും. കമ്പ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ ഫോട്ടോ എഡിറ്റ് ചെയ്യാന്‍ പറ്റുന്നില്ല എന്ന കാരണത്താല്‍ നമ്മളിലാരും മാറി നില്‍ക്കരുത്. ആഡ്രോയ്ഡ് മൊബൈലിലെ ജശരഅെൃ േആപ്പിള് പോലും നമുക്ക് വളരെ നന്നായി ട്രോള്‍ പോസ്റ്റുകള്‍ ഉണ്ടാക്കാവുന്നതാണ്. ഇനി നിങ്ങള്‍ക്ക് അതിനും കഴിയില്ലെങ്കില്‍ ഗ്രൂപ്പില്‍ തന്നെ ബ്ലാങ്ക് മെമ്സ് ( വിത്തൗട്ട് ഡയലോഗ്) എത്തിച്ചു തരാനുള്ള സൗകര്യവും അഡ്മിന് പാനല്‍ നടത്തി തരുന്നതാണ്. അതില്‍ ഡയലോഗെഴുതി നിങ്ങള്‍ക്ക് ട്രോളാം ..
വലിയ നിബന്ധനകള്‍ ഒന്നും ഗ്രൂപ്പിലില്ല. ട്രോളി ട്രോളി ആരെയും നെഞ്ചത്ത് കേറി ട്രോളാതിരിക്കുക. ഗ്രൂപ്പില്‍ പരസ്പരം അടി ഉണ്ടാക്കാതിരിക്കുക. അടിച്ചു മാറ്റുന്ന പോസ്റ്റുകള്‍ ഇടാതിരിക്കുക. ഇനി ഇട്ടേ പറ്റൂ എങ്കില്‍ ഡയലോഗിന് എങ്കിലും ചില്ലറ മാറ്റം വരുത്തുക. രാഷ്ട്രീയ ട്രോളുകള്‍ മറ്റു പാര്‍ട്ടിക്കാരെ കുരു പൊട്ടിക്കാന്‍ ഉള്ളതാവരുത് പകരം അത് കാണുമ്പോള്‍ എതിര് പാര്‍ട്ടിക്കാര്‍ക്ക് പോലും ചിരിപടര്‍ത്താന്‍ കഴിഞ്ഞാല്‍ അവിടെ ആണ് ഒരു ട്രോളന്റെ വിജയം.
ഈ ഗ്രൂപ്പില്‍ ഞാന്‍ തൊഴിലാളി മറ്റവന് മുതലാളി അവന് അഡ്മിന് എന്നൊന്നും ഇല്ല എല്ലാവരും പരസ്പരം അറിഞ്ഞ് സഹകരണത്തോടെ മുന്നേറുക. ട്രോളി ട്രോളി മികച്ചൊരു ട്രോളനായി മാറാന്‍ പരിശ്രമിക്കുക. ഗ്രൂപ്പില്‍ പരസ്പരം പാര വെക്കാതിരിക്കുക. അപ്പോ ഹാപ്പി ട്രോളിങ്ങ്..
മിക്കവാറും ഫെയ്സ്ബുക്ക് പേജുകള്‍ നിര്ജ്ജീവമായികൊണ്ടിരിക്കുന്ന ഈ സമയത്ത് ട്രോള്മേറ്റ്സ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്..മറ്റുള്ളവരെ കളിയാക്കാനും കുറ്റം പറയാനും ഉള്ള ഗ്രൂപ്പ് അല്ലിത്, സൗഹൃദങ്ങളുടെ കഥകൂടി ട്രോള്മേറ്റ്സിന് പറയാനുണ്ടാകും, തങ്ങളുടെ ട്രോളിങ്ങിലൂടെ ഇവര്‍ നടത്തുന്നത് മികച്ചൊരു സാമൂഹ്യപ്രവര്‍ത്തനം കൂടിയാണ്..നിര്‍ദോഷമായ വിമര്‍ശനങ്ങള്‍ സാമൂഹ്യപുരോഗതിയുടെ ആണിക്കല്ലാണെന്ന് നമുക്കാരും പറഞ്ഞു തരേണ്ടതില്ലല്ലോ..രാഷ്ട്രീയക്കാരും, സാംസ്കാരിക നേതാക്കന്മാരുമൊക്കെ സംസാരിക്കാന്‍ വാ തുറക്കുന്നതിന് മുമ്പ് ഒന്നു ഓര്‍ക്കുന്ന ട്രോള്മേറ്റ്സ് നിങ്ങളെ നോക്കി ഇരിക്കുന്നുണ്ട് സൂക്ഷിക്കുക..