എഡിറ്റീസ്
Malayalam

ദിലീപും കാവ്യാമാധവനും വിവാഹിതരായി

TEAM YS MALAYALAM
25th Nov 2016
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കും ആകാംഷകള്‍ക്കുമൊടുവില്‍ നടന്‍ ദിലീപും നടി കാവ്യ മാധവനും വിവാഹിതരായി. എറണാകുളം കലൂര്‍ പി ജി എസ് വേദാന്ത ഹോട്ടലില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെങ്കിലും മാധ്യമങ്ങള്‍ക്കെല്ലാം പ്രവേശനമുണ്ടായിരുന്നു. സിനിമാ ലോകത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ വിവാഹം നടക്കുന്ന ഹോട്ടലില്‍ എത്തിയിരുന്നു. മമ്മൂട്ടി, ജയറാം, ജനാര്‍ദനന്‍, സലിം കുമാര്‍, മീരാ ജാസ്മിന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എസി.ലളിത, ചിപ്പി, മേനക, ജോമോള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങിനെത്തി. സംവിധായകരായ ജോഷി, സിദ്ധിഖ്, ലാല്‍, കമല്‍, നിര്‍മാതാക്കളായ സുരേഷ്‌കുമാര്‍, രഞ്ജിത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വിവാഹശേഷം എല്ലാവരുടേയും സ്‌നേഹവും പിന്തുണയും പ്രാര്‍ഥനയും വേണമെന്ന് ദിലീപും കാവ്യയും പറഞ്ഞു. ഞാന്‍ കാരണം ജീവിതം ബലിയാടായ ഒരാളെ തന്നെ വിവാഹം ചെയ്യണമെന്നു വിചാരിച്ചിരുന്നു. വീട്ടുകാരുടെയും ബന്ധുക്കളുടെയും ആശംസകളോടെയാണ് വിവാഹമെന്നും ഈ വിവാഹത്തിന് ഏറെ നിര്‍ബന്ധിച്ചത് മകളാണെന്നും ദിലീപ് പറഞ്ഞു.

image


വിവാഹം ഉടനുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഒന്‍പതിനും പത്തിനുമിടെ വിവാഹം നടക്കുമെന്ന് രാവിലെ 8.30ഓടെയാണ് മാധ്യമങ്ങള്‍ പോലും അറിഞ്ഞത്. സിനിമാ രംഗത്തെ പലരെയും ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമൊക്കെയാണ് വിവാഹത്തിലേക്ക് ക്ഷണിച്ചത്. രണ്ട് പേരുടെയും കുടുംബങ്ങളുടെ പൂര്‍ണ്ണ പിന്തുണ വിവാഹത്തിനുണ്ടെന്നും ദിലീപ് പറഞ്ഞു. മാധ്യമങ്ങളെ അറിയിച്ച ശേഷമായിരിക്കും വിവാഹമെന്ന് ദിലീപ് നേരത്തെ തന്നെ പറഞ്ഞിരുന്നു. വിവാഹസ്ഥലത്തു വെച്ച് ഫേസ്ബുക്കിലൂടെ ദിലീപ് തന്റെ വിവാഹക്കാര്യം പ്രേക്ഷകരോട് പങ്കുവെക്കുകയും ചെയ്തു.


സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. ദിലീപ്-കാവ്യാമാധവന്‍ വിവാഹത്തോടെ മലയാളി ഏറെക്കാലം കൊണ്ടു നടന്ന ആകാംഷക്ക് ഉത്തരമായി. കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ ദിലീപും വിവാഹമോചിതനായതോടെ ഗോസിപ്പുകള്‍ പ്രചരിച്ചെങ്കിലും ഇരുവരും ഇതേസംബന്ധിച്ച് ഇതു വരെ മനസു തുറന്നിരുന്നില്ല.

image


മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളിലൊന്നായാണ് പ്രേക്ഷകര്‍ ഇരുവരേയും വിലിയിരുത്തുന്നത്. രണ്ടു പേരും സിനിമാലോകത്ത് തങ്ങളുടെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജീവിതത്തില്‍ ഇരുവരും ഒരുമിക്കുന്നത്. ഇതു വരെ 21 സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അതില്‍ മിക്കതും വന്‍ ഹിറ്റുകളുമായിരുന്നു. കമല്‍ സംവിധാനം ചെയ്ത 'പൂക്കാലം വരവായി' എന്ന ചിത്രത്തിലൂടെ ബാലതാരമായി കാവ്യ സിനിമാരംഗത്ത് പ്രവേശിച്ചപ്പോള്‍ ഇതേ ചിത്രത്തിലൂടെ സഹസംവിധായകനായി ദിലീപും സിനിമാലോകത്ത് എത്തി. ശേഷമാണ് ദിലീപ് അഭിനയരംഗത്തേക്കു കൂടുമാറിയത്. കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ലാല്‍ജോസ് ചിത്രത്തിലെ നായകന്‍ ദിലീപായിരുന്നു.


കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയുമായി 2009ല്‍ വിവാഹത്തിനു ശേഷം അഭിനയത്തിനു വിരാമമിട്ട് കുവൈത്തിലേക്കു പോയെങ്കിലും വിവാഹം വേര്‍പിരിഞ്ഞ് 2010 ല്‍ സിനിമയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പാപ്പി അപ്പച്ച'എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിച്ച 'പിന്നെയും' എന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു. നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ ആദ്യ വിവാഹം 1998 ഒക്ടോബര്‍ 20 നായിരുന്നു. 2014 ജൂലൈയില്‍ വിവാഹ മോചനക്കേസ് സംയുക്തമായി ഫയല്‍ ചെയ്ത് ദിലീപും-മഞ്ജു വാര്യരും 2015 ജനുവരി 31 ന് നിയമപരമായി വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലെ ഏക മകളാണ് മീനാക്ഷി.

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags