വിഷാദരോഗം: 'പ്രശാന്തി', 'സാരഥി' സംരംഭങ്ങള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

വിഷാദരോഗം: 'പ്രശാന്തി', 'സാരഥി' സംരംഭങ്ങള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

Friday April 28, 2017,

1 min Read

മെഡിക്കല്‍ കോളേജില്‍ വിഷാദ രോഗത്തിനായി പുതുതായാരംഭിക്കുന്ന പ്രശാന്തി ക്ലിനിക്കിന്റേയും സാരഥി സാമൂഹികാധിഷ്ഠിത ആരോഗ്യ പരിപാടിയുടേയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏപ്രില്‍ 21-ാം തീയതി ഉച്ചയ്ക്ക് 2 ന് മെഡിക്കല്‍ കോളേജ് ഓള്‍ഡ് ആഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിക്കും.

image


ലോകത്ത് 30 കോടി ജനങ്ങള്‍ക്ക് വിഷാദ രോഗമുണ്ടെന്നാണ് കണ്ടെത്തല്‍. 'വിഷാദ രോഗം നമുക്ക് സംസാരിക്കാം' എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ ഇതിവൃത്തം. സ്ത്രീകളും കുട്ടികളിലുമാണ് വിഷാദരോഗം വളരെ കൂടുതല്‍ കാണുന്നത്. ആര്‍ത്തവാരംഭം, ഗര്‍ഭധാരണം, തുടര്‍ന്നുള്ള സമയം, ആര്‍ത്തവ വിരാമം എന്നീ സമയങ്ങളില്‍ വിഷാദ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സമയത്തുള്ള ചെറിയ പ്രശ്‌നങ്ങള്‍ പോലും അവരെ വിഷാദ രോഗികളാക്കിയേക്കാം. കേരളത്തില്‍ മാതൃമരണനിരക്ക് വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ഗര്‍ഭകാലത്തും പ്രസവാനന്തര കാലഘട്ടത്തിലുമുളള ആത്മഹത്യാ പ്രവണത കൂടി വരികയാണ്. മാത്രമല്ല അമ്മയുടെ മാനസികാരോഗ്യം കുഞ്ഞിന്റെ വളര്‍ച്ചയേയും വികാസത്തേയും സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദേശാനുസരണം പ്രശാന്തി, സാരഥി എന്നിങ്ങനെ രണ്ട് സംരംഭങ്ങള്‍ ആരംഭിക്കുന്നത്.

ഗര്‍ഭകാലത്തും പ്രസവാനന്തര കാലത്തും വിഷാദ രോഗ നിര്‍ണയത്തിനും പരിചരണത്തിനുമായി എസ്.എ.ടി. ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗത്തിലാണ് പ്രശാന്തി ക്ലിനിക് പ്രവര്‍ത്തിക്കുക. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴിലുള്ള പാങ്ങപ്പാറ, വക്കം മെഡിക്കല്‍ ഹെല്‍ത്ത് യൂണിറ്റുകളില്‍ ഗര്‍ഭിണികളിലും പ്രസവാനന്തരവും വിഷാദ രോഗ നിര്‍ണയത്തിനായി സാരഥി സാമൂഹികാധിഷ്ഠിത ആരോഗ്യ പരിപാടി പ്രവര്‍ത്തിക്കും.

വിഷാദ രോഗ ചികിത്സയുടെ സാധ്യതകളേയും വെല്ലുവിളികളേയും ആസ്പദമാക്കി വിദഗ്ധര്‍ പങ്കെടുക്കുന്ന തുടര്‍ വിദ്യാഭ്യാസ പരിപാടിയും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ സമ്മാനദാനവും ഇതോടൊപ്പം നടക്കും.മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍, സൈക്യാട്രി, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗങ്ങളും ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായാണ് ഈ സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നത്.