ഭിന്നശേഷിക്കാര്‍ക്ക് സഹായവിതരണം

ഭിന്നശേഷിക്കാര്‍ക്ക് സഹായവിതരണം

Friday December 18, 2015,

1 min Read


തിരുവനന്തപുരം നിയമസഭാമണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ആവിഷ്‌ക്കരിച്ച സാന്ത്വനം പദ്ധതിയിലൂടെ അര്‍ഹരായ എല്ലാവര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാലു മണിവരെ, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പില്‍, വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന സഹായ ഉപകരണങ്ങളാണ് ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

image


സൈഡ് വീല്‍ സ്‌കൂട്ടര്‍, മുച്ചക്ര സൈക്കിളുകള്‍, വീല്‍ച്ചെയറുകള്‍, വാക്കര്‍, ആക്‌സിലറി ക്രച്ചസ്, എല്‍ബോ ക്രച്ചസ്, വിവിധതരം വാക്കിംഗ് സ്റ്റിക്കുകള്‍, കൃത്രിമ കൈകാലുകള്‍, കാലിപ്പറുകള്‍, പ്രത്യേക പാദരക്ഷകള്‍, ശ്രവണോപകരണങ്ങള്‍ മുതലായവയാണ് സഹായ ഉപകരണങ്ങള്‍. ഇവ വികലാംഗക്ഷേമ കോര്‍പറേഷന്‍ മുഖേനയാണ് ലഭ്യമാക്കുക.

image


മുന്‍കൂട്ടി അപേക്ഷ നല്‍കിയവരില്‍ അര്‍ഹരായവര്‍ക്കെല്ലാം ഇവ ക്യാമ്പില്‍വച്ചുതന്നെ നല്‍കും. ക്യാമ്പില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ കഴിയുന്നത്രപേര്‍ക്കും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അന്നുതന്നെ ഇവ വിതരണം ചെയ്യും. അപേക്ഷകരുടെ ബാഹുല്യമനുസരിച്ച് ഉപകരണങ്ങള്‍ തികയാതെ വന്നാല്‍, ഒരു മാസത്തിനകം നടത്തുന്ന അടുത്ത ക്യാമ്പില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. കൃത്രിമ കൈകാലുകള്‍, കാലിപ്പറുകള്‍, വിവിധതരം ചെരുപ്പുകള്‍ മുതലായവയും ഈ ക്യാമ്പില്‍ വച്ച് അളവെടുത്തശേഷം അടുത്ത ക്യാമ്പില്‍ വിതരണം ചെയ്യും.

image


സോഷ്യല്‍ സെക്യൂരിറ്റിമിഷന്റെ ആശ്വാസകിരണം, സമാശ്വാസം എന്നീ പദ്ധതികളിലൂടെയുള്ള ധനസഹായവും ക്യാമ്പില്‍ വിതരണം ചെയ്യുമെന്ന് വി എസ് ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ, ഭിന്നശേഷിയുള്ളവരില്‍ ആര്‍ക്കെങ്കിലും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ അത് ക്യാമ്പില്‍ ലഭ്യമാക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ പരിശോധിച്ച് അന്നുതന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കും. തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കും. 21 ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ക്യാമ്പിന്റെ ഉദ്ഘാടനകര്‍മം നിര്‍വ്വഹിക്കുക. ധനസഹായ വിതരണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സഹായ ഉപകരണ വിതരണം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറും നിര്‍വ്വഹിക്കും. മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും പങ്കെടുക്കും.

    Share on
    close