എഡിറ്റീസ്
Malayalam

സഹകരണബാങ്കുകളുടെ മൂലധന പര്യാപ്തതാ മാനദണ്ഡത്തിൽ ഇളവ് അനുവദിക്കുക - കടകംപള്ളി സുരേന്ദ്രൻ

TEAM YS MALAYALAM
31st Mar 2017
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

മൂലധന പര്യാപ്തതയുടെ കാര്യത്തിൽ സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിശ്ചയിച്ച ഉയർന്ന മാനദണ്ഡം നടപ്പാക്കുന്നതിൽ നടപ്പു സാമ്പത്തികവർഷം ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര ധനമന്ത്രിയ്ക്കും, റിസർവ് ബാങ്ക് ഗവർണർക്കും അടിയന്തിര ഫാക്സ് സന്ദേശം അയച്ചു.

image


 2017 മാര്‍ച്ച് 31 നകം സഹകരണ ബാങ്കുകൾ മൊത്തം റിസ്ക് വെയ്റ്റഡ് ആസ്തിയുടെ 9 ശതമാനം മൂലധന പര്യാപ്തത കൈവരിക്കണമെന്നാണ് റിസർവ് ബാങ്ക് നിർദ്ദേശം ഉണ്ടായിരുന്നത്. 2016 മാർച്ച് 31 ന് ഇത് 7 ശതമാനമായിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകൾക്കും ഈ മാനദണ്ഡം നേടുന്നതിനു സാധിച്ചിരുന്നു. എന്നാൽ, 2016 നവംബറിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനവും, നിയന്ത്രണവും സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ, പ്രത്യേകിച്ച് ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നതിനാൽ ഈ ബാങ്കുകളുടെ സാമ്പത്തിക ആസൂത്രണം താളം തെറ്റുകയും ലാഭക്ഷമത കുറയുകയും ചെയ്തു. നോട്ട് നിരോധനം ജനങ്ങളുടെ തിരിച്ചടവുശേഷിയിൽ വരുത്തിയ കുറവ് സഹകരണ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിനിടയാക്കി. ഇത് പലിശനഷ്ടത്തിനും ഉയർന്ന തോതിലുള്ള കരുതൽ സൂക്ഷിക്കേണ്ടതിനും കാരണമാകുന്നതിനാൽ ബാങ്കുകളുടെ മൂലധന ശോഷണത്തിന് വഴിവയ്ക്കുകയും നിർദ്ദിഷ്ട മൂലധനപര്യാപ്തത കൈവരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായും സഹകരണമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ഈ വിഷയം 2017 ജനുവരിയില്‍ തന്നെ റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടറുമായി ചർച്ച ചെയ്യുകയും മൂലധന മാനദണ്ഡത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അപ്പോൾ അനുകൂലമായ സമീപനം ഉണ്ടാകുമെന്ന മറുപടിയാണ് ലഭിച്ചതെങ്കിലും സാമ്പത്തിക വർഷം അവസാനിക്കുന്ന ഈ ഘട്ടത്തിൽ മുൻ നിശ്ചയിച്ച മാനദണ്ഡത്തിൽ ഇളവ് നല്കാനാവില്ല എന്നാണ് റിസർവ് ബാങ്ക് റീജിയണൽ ഓഫീസിൽ നിന്നും ലഭിച്ച വിവരം. സാമ്പത്തിക പരിമിതികൾക്കുള്ളിലും സർക്കാർ സഹകരണവകുപ്പിന് അനുവദിച്ച ഫണ്ടിൽ നിന്നും 11 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളുടെ മൂലധന ആവശ്യത്തിലേക്ക് കൈമാറിയിട്ടുണ്ട്. ഈ തുക അപര്യാപ്തമായേക്കാവുന്ന സാഹചര്യത്തിലാണ് സഹകരണമന്ത്രി കേന്ദ്രധനമന്ത്രിയ്ക്കും, റിസർവ്വ് ബാങ്ക് ഗവർണര്‍ക്കും മൂലധന മാനദണ്ഡത്തിൽ ഇളവുവേണമെന്ന അടിയന്തിര ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയത്.

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags