ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ മെറിന്‍ ജോസഫ് ഐ പി എസ്
മെറിന്‍ ജോസഫ് ഐപിഎസ് എന്ന പേര് മലയാളി ആദ്യം കേള്‍ക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഒരു പക്ഷേ ജോലി ലഭിക്കുന്നതിനു മുമ്പേ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഏക വനിത ഐപിഎസ് ഉദ്യോഗസ്ഥയും മെറിന്‍ ജോസഫ് തന്നെയായിരിക്കും. ശ്രീലേഖയ്ക്കും, സന്ധ്യയ്ക്കും ശേഷം ഐ പി എസ് സ്വന്തമാക്കുന്ന മലയാളിമങ്കകൂടിയാണ് മെറിന്‍. പക്ഷേ ഈ വിശേഷണത്തിന്റെ പേരിലൊന്നുമല്ല മെറിന്‍ സോഷ്യല്‍ മീഡിയില്‍ താരമായത്. സൗന്ദര്യമാണ് മെറിനെ താരമാക്കിയത്. ട്രെയിനിങ്ങ് സമയത്ത് മെറിന്‍ യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. ഇതുകണ്ട് ദേ സുന്ദരി ഐ പി എസുകാരി കൊച്ചിയില്‍ എസിപിയാകുന്നു എന്നാരോ തട്ടിവിട്ടു സംഭവം ഹിറ്റായി. മെറിനു ഫെയ്‌സ്ബുക്ക് പേജുവരെ ആരാധകര്‍ ഉണ്ടാക്കിക്കൊടുത്തു.
ആ കൈകള്‍ കൊണ്ട് എന്നെ വിലങ്ങണിയിക്കു എന്നെ അറസ്റ്റ് ചെയ്യു എന്നു വരെ കേരളത്തിലെ യുവാക്കള്‍ കാക്കിയിട്ടു നില്‍ക്കുന്ന മെറിന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്തു. ഒടുവില്‍ മെറിന്‍തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു വ്യാജ വാര്‍ത്തയാണ് താനിപ്പോള്‍ ട്രെയിനിങ്ങ് നടത്തുകയാണെന്നും. കൊച്ചിയില്‍ നിയമിതയായിട്ടില്ലെന്നും പക്ഷേ അല്‍പനാള്‍ കഴിഞ്ഞ് മലയാളികളുടെ പ്രവചനം സത്യമാക്കികൊണ്ട് മെറിന്‍ കൊച്ചിയിലേക്ക് തന്നെ എത്തി റൂറല്‍ എസിപിയായി.
മലയാളിയാണെങ്കിലും മെറിന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലാണ്. അമ്മ കോട്ടയംകാരിയും അച്ഛന്‍ റാന്നി സ്വദേശിയും, സിവില്‍സര്‍വ്വീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ സൗകര്യാര്‍ത്ഥം അഞ്ചാം വയസില്‍ മെറിന്‍ കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നതാണ്.പിന്നീട് അവധിക്കാലം ആഘോഷിക്കാനെത്തുന്ന മറുനാടന്‍ മലയാളിയായി മെറിന്‍. ഇപ്പോഴിതാ മലയാളിയുടെ സ്വന്തം ഐപിഎസുകാരിയുമായി. ഡല്‍ഹി സെന്റ് സേവ്യര്‍സ് കോളേജിലായിരുന്നു മെറിന്റെ കോളേജ് വിദ്യാഭ്യാസം. അച്ഛന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായതുകൊണ്ട് തന്നെ കുഞ്ഞുനാള്‍ മുതലെ മെറിന്റെ സ്വപ്‌നം സിവില്‍ സര്‍വ്വീസ് തന്നെയായിരുന്നു. എംഎ ഫൈനല്‍ ഇയര്‍ പരീക്ഷ കഴിഞ്ഞ് മെറിന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി ആദ്യ ശ്രമത്തില്‍ തന്നെ ഈ മിടുക്കിക്കുട്ടി ഐ പി എസ് സ്വന്തമാക്കി, കാക്കി കുഴപ്പമില്ല എന്നു തോന്നിയതു കൊണ്ട് രണ്ടാമതൊരു തവണ കൂടി മെറിന്‍ സിവില്‍ സര്‍വ്വീസ് ശ്രമിച്ചുനോക്കിയില്ല. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന യൂത്ത് സമ്മിറ്റില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചതും മെറിനായിരുന്നു.
ഇന്ന് മൂന്നാര്‍ എസ്പിയാണ് മെറിന്‍. മൂന്നാര്‍ തേയില തോട്ടങ്ങളില്‍ പെണ്ണൊരുമൈ പ്രവര്‍ത്തകര്‍ സമരം ആരംഭിച്ചപ്പോള്‍ ക്രമസമാധാന ചുമതല എസ്പിയായ മെറിനായിരുന്നു. സംയമനത്തോടെ സമരക്കാരെ നേരിട്ട മെറിന്‍ മാധ്യമങ്ങളുടെയും ജനപ്രതിനിധികളുടേയും എന്തിന് സമരക്കാരുടെ പോലും കയ്യടിവാങ്ങി. സോഷ്യല്‍ മീഡിയയില്‍ താരമാണ് മെറിനെങ്കിലും സോഷ്യല്‍ മീഡിയ പലപ്പോഴും മെറിന് നല്ല എട്ടിന്റെ പണിയും കൊടുത്തിട്ടുണ്ട്. അതില്‍ ആദ്യത്തേതാണ്. നിവിന്‍ പോളിയുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിട്ടത്, ഐബി ഈഡന്‍ എംഎല്‍എയാണ് ഫോട്ടോ എടുത്തത്.
എംഎല്‍എയെ കൊണ്ട് ഫോട്ടോ എടുപ്പിച്ചെന്നായിരുന്നു മെറിനു നേരെയുള്ള ആക്ഷേപം, വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി ഫെയ്‌സ്ബുക്കിലൂടെ തന്നെ മെറിന്‍കൊടുത്തു പക്ഷേ മേലുദ്യോഗസ്ഥര്‍ക്ക് അതത്രെ ബോധിച്ചില്ല. ഇതോടെ മെറിനുമേല്‍ അച്ചടക്ക നടപടിയുണ്ടായി. അടുത്തത് തലസ്ഥാന നഗരിയില്‍ വച്ചായിരുന്നു നടുറോഡില്‍ കീഴുദ്യോഗസ്ഥന്‍ മെറിനു കുട ചൂടികൊടുക്കുന്ന ഫോട്ടോയായിരുന്നു രണ്ടാമത്തെ പണി. മെറിന്‍ കീഴുദ്യോഗസ്ഥനെകൊണ്ട് കുട ചൂടിച്ചുവെന്നൊക്കെയായി ആരോപണം. പതിവുപോലെ മെറിന്റെ കുട ചിത്രവും വൈറലായി ഇതും മേലുദ്യോഗസ്ഥരുടെ നെറ്റി ചുളിച്ചു., തുടര്‍ന്നാണ് മെറിന്‍ മൂന്നാറിലേക്ക് എഎസ്പിയായി ചേക്കേറിയത്.
വിമര്‍ശനവും മറ്റും ഉണ്ടാകുമ്പോള്‍ കൃത്യമായി മെറിന്‍ തന്റെ നിലപാട് ആരേയും കൂസാതെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയതും ആരാധകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. വിവാദങ്ങള്‍ ആഘോഷിച്ചാണെങ്കിലും ഈ സുന്ദരി ഐപിഎസ് ഉദ്യോഗസ്ഥയെ മലയാളികള്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.
മെറിന്റെ വിവാഹവും സോഷ്യല്‍ മീഡിയ ആഘോഷമാക്കി, ഉള്ളില്‍ സങ്കടമുണ്ട്‌ട്ടോ എന്നു പറഞ്ഞുകൊണ്ടാണെങ്കിലും മലയാളിയുവാക്കള്‍ മെറിന്റെ വിവാഹ ഫോട്ടോയ്ക്ക് ലൈക്ക് അടിക്കാന്‍ മറന്നില്ല. കോട്ടയം സ്വദേശിയായ ഡോ. ക്രിസ് എബ്രഹാമാണ് ആണ് മെറിനെ വിവാഹം ചെയ്തിരിക്കുന്നത്.
ഐപിഎസുകാര്‍ക്കിടെയിലെ ഈ കുട്ടി ഐപിഎസ് താനൊരു തനി ന്യൂജെന്‍ പോലീസുകാരിയാണെന്നു അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ തുറന്നു പറയുകയുണ്ടായി. അതെ ശരിയെന്നുതോന്നുന്നവ തുറന്നുപറഞ്ഞും ശരികള്‍ക്കൊപ്പം നിന്നും ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ മെറിന്‍ ജൈത്രയാത തുടരുകയാണ് സോഷ്യല്‍ മീഡിയയിലും ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും.
അനുബന്ധ സ്‌റ്റോറികള്‍
1. 'സെല്‍ഫിയെടുക്കാന്‍ എനിക്ക് ഏറെ ഇഷ്ടമുണ്ട്: നിക്കി ഗല്‍റാണി
2. ലൈറ്റ്...ക്യാമറ...ആക്ഷന്‍..നില്‍മ തിരക്കിലാണ്
3. പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഉയരങ്ങള്‍ കീഴടക്കി അന്‍ഷുല്‍