എഡിറ്റീസ്
Malayalam

ഇനി വികസനപ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാവ്യതിയാനം അടിസ്ഥാനമാക്കി

Mukesh nair
27th Sep 2016
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിയും പരിഗണിച്ചുള്ള വികസനപ്രവര്‍ത്തനങ്ങളായിരിക്കും സംസ്ഥാനസര്‍ക്കാര്‍ ഇനി നടപ്പാക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കര്‍മപദ്ധതിക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപംനല്‍കി സമര്‍പ്പിക്കുന്നതിന് തണലിന്റെയും ക്ലൈമറ്റ് ആക്ഷന്‍ നെറ്റ് വര്‍ക്ക് സൗത്ത് ഏഷ്യയുടെയും (കാന്‍സ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദൗത്യമായ ഹരിതകേരളം ഈയൊരു സങ്കല്‍പത്തില്‍ ഊന്നി വിഭാവനം ചെയ്തിരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനത്തിന്റെയും കേന്ദ്രം വികേന്ദ്രീകരണമാണെന്നും ജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ദൗത്യങ്ങള്‍ വിജയിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്കാണ് സാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

image


കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങള്‍ കൂടുതല്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും വികസന അജണ്ടയുടെ മുഖ്യധാരയിലേക്ക് ഇതിനെ കൊണ്ടുവരേണ്ടതുണ്ടെന്നും ശില്‍പശാലയില്‍ സംസാരിച്ച ചീഫ് സെക്രട്ടറി എം.എസ്.വിജയാനന്ദ് പറഞ്ഞു. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുതല്‍ പഞ്ചായത്തുതലത്തിലുള്ളവരെ വരെ പങ്കെടുപ്പിച്ചുള്ള ബഹുതല പദ്ധതിനിര്‍വ്വഹണമാണ് ഇതിനാവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനമെന്നത് വര്‍ഷത്തിലൊരിക്കല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും അതിനെ ജീവിതശൈലിയുടെ ഭാഗമാക്കിവേണം നേരിടാനെന്നും മുല്ലക്കര രത്നാകരന്‍ എം.എല്‍.എ പറഞ്ഞു. പലമാര്‍ഗങ്ങളിലൂടെ നാം പ്രകൃതിയെ തകര്‍ത്താല്‍ ഒറ്റ മാര്‍ഗത്തിലൂടെ പ്രകൃതി നമ്മെ നശിപ്പിക്കുമെന്നും പല മാര്‍ഗത്തിലൂടെ സംരക്ഷിക്കുകയാണെങ്കില്‍ ഒറ്റമാര്‍ഗത്തിലൂടെ പ്രകൃതി നമ്മെയും സംരക്ഷിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനം നിമിത്തം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളിലും വ്യത്യസ്ത ഭൂവിഭാഗങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ആഘാതം സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വരുത്തിയ മാന്ദ്യത്തിനെ അതിജീവിക്കുന്നതിനും ഇതുമൂലമുണ്ടാകുന്ന യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്നതിനുമായിട്ടാണ് കാലാവസ്ഥാ വ്യതിയാനത്തിനുള്ള സംസ്ഥാനതല കര്‍മ്മ പദ്ധതിക്ക് (സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്- എസ്എപിസിസി) കേരള സര്‍ക്കാര്‍ രൂപംകൊടുത്തിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന ആഘാതങ്ങളെ കൈകാര്യം ചെയ്യുന്നതിനുവേണ്ട തന്ത്രങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ കര്‍മപദ്ധതി മുന്നോട്ടു വെക്കുന്നത്. പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട അപായ സൂചന സംവിധാനം, അപകടങ്ങളെ നേരിടുന്നതിന് സമൂഹങ്ങളെ പ്രാപ്തരാക്കല്‍, ബദല്‍ തൊഴിലവസരങ്ങള്‍ വികസിപ്പിക്കല്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തല്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഈ കര്‍മപദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുള്ളത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ഭീഷണി നേരിടാനാവശ്യമായ ജീവനോപാധികള്‍ തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയുംവേണം. ഈ വിഷയങ്ങളെപ്പറ്റിയുള്ള സമഗ്രമായ ചര്‍ച്ചയും അഭിപ്രായരൂപീകരണവുമായിരുന്നു ദ്വിദിന ശില്‍പശാലയുടെ ലക്ഷ്യം.

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags