ഫിലിം സൊസൈറ്റികള്‍ സിനിമ ഏറ്റെടുക്കണമെന്ന്ചലച്ചിത്രപ്രവര്‍ത്തകര്‍

ഫിലിം സൊസൈറ്റികള്‍ സിനിമ ഏറ്റെടുക്കണമെന്ന്ചലച്ചിത്രപ്രവര്‍ത്തകര്‍

Friday December 11, 2015,

1 min Read


തിയേറ്ററുകള്‍ മാറ്റി നിറുത്തുന്ന മലയാള സിനിമകളെ കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ ഏറ്റെടുക്കണമെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കണമെന്നും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനത്തില്‍ സാങ്കേതികവിദ്യയുടെ മാറ്റത്തിനനുസരിച്ചുള്ള നവീകരണം കൊണ്ടു വരണമെന്ന് ഓപ്പണ്‍ ഫോറത്തിന്റെ മൂന്നാം ലക്കത്തില്‍ ഫിലിംസൊസൈറ്റി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

image


കേരളത്തിലെ ഫിലിംസൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതു വര്‍ഷം എന്ന വിഷയത്തിലായിരുന്നു ഓപ്പണ്‍ ഫോറത്തില്‍ നടന്ന ചര്‍ച്ച. അന്താരാഷ്ട്ര ചലച്ചിത്രമേളയെന്ന സങ്കല്‍പ്പത്തിന്റെ തുടക്കം ഫിലിംസൊസൈറ്റികളില്‍ നിന്നായിരുന്നു എന്ന്

അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കാലോചിതമായ മാറ്റം ഇതില്‍ വരുത്തേണ്ടതുണ്ട്. സംസ്ഥാന തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്ന മാതൃകയില്‍ മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും സിനിമാ പ്രദര്‍ശനം നടത്തണം. ഇത് സംഘടിപ്പിക്കേണ്ട സാങ്കേതിക സഹായം കേരളത്തിലെ ഫിലിംസൊസൈറ്റികള്‍ക്ക് നല്‍കാനാകുമെന്ന് ചര്‍ച്ചയിലെ മോഡറേറ്റര്‍ ആയിരുന്ന നിരൂപകന്‍ വി.കെ. ജോസഫ് പറഞ്ഞു.

മലയാള സിനിമയെ ലോക തലത്തിലേക്കെത്തിക്കാനുളള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ മലയാള സിനിമയെ മലയാളിയുടെ മുന്നിലേക്കെത്തിക്കാനുളള വഴികള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. തിയേറ്ററുകളില്‍ പല നല്ല സിനിമകളും മാറ്റി നിറുത്തപ്പെടുകയാണ്. ഫിലിംസൊസൈറ്റികള്‍ ഇവ ഏറ്റെടുത്താല്‍ തിയേറ്ററില്ലാത്ത പ്രതിസന്ധി ഒഴിവാക്കാമെന്നും ജി.പി രാമചന്ദ്രന്‍ പറഞ്ഞു. ഇത്തരംസിനിമകളുടെ സാമ്പത്തിക പ്രശ്‌നവും ഇതിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍സിനിമ എത്തിക്കാനുളള കരാറിലേര്‍പ്പെടുമ്പോള്‍ അത് ഒരുവര്‍ഷത്തേക്ക് നിജപ്പെടുത്തണമെന്ന് ഫിലിംസൊസൈററി പ്രവര്‍ത്തകനായ ചെറിയാന്‍ ജോസഫ് അഭിപ്രായപ്പെട്ടു. തൃശൂര്‍ ചലച്ചിത്രമേളയുടെ ഭാഗമായി ജില്ലയുടെഎല്ലാ ഭാഗത്തും സിനിമ പ്രദര്‍ശനം നടത്താറുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ മാതൃക പിന്തുടര്‍ന്നാല്‍ പങ്കാളിത്തം ഗണ്യമായി വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിലിം സൊസൈറ്റികള്‍ തുടര്‍ന്നു വരുന്ന ഇടുങ്ങിയ കാഴ്ചപ്പാട് മാറേണ്ട സമയം അതിക്രമിച്ചെന്ന് സംവിധായകന്‍ കെ.പി കുമാരന്‍ പറഞ്ഞു. കേവലം സിനിമാ പ്രദര്‍ശനം എന്ന പതിവ് വിട്ട് സാമൂഹികമായ വിഷയങ്ങളില്‍ പ്രതികരിക്കുന്ന തലത്തിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫിലിംസൊസൈറ്റികളുടെ ഭരണ ഘടന ഇതിനനുവദിക്കുന്നില്ലെങ്കില്‍ പുതിയ സംഘടന രൂപീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഭാരവാഹി ജോര്‍ജ്ജ് മാത്യു, സംവിധായകന്‍ കെ.ആര്‍ മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.