Brands
Discover
Events
Newsletter
More

Follow Us

twitterfacebookinstagramyoutube
ADVERTISEMENT
Advertise with us

തെങ്ങില്‍ കയറാന്‍ ആളു വേണോ? ഒരു ഫോണ്‍ കോളില്‍ കാര്യം നടക്കും

 തെങ്ങില്‍ കയറാന്‍ ആളു വേണോ? ഒരു ഫോണ്‍ കോളില്‍ കാര്യം നടക്കും

Monday November 30, 2015 , 2 min Read

തെങ്ങില്‍കയറാന്‍ ആളിനെ അന്വേഷിച്ച് നെട്ടോട്ടമോടുന്ന കാലമാണിത്. ഓരോ തെങ്ങില്‍നിന്നും കിട്ടുന്ന തേങ്ങകളുടെ വിലയേക്കാളും കൂടുതലാണ് പലരും തെങ്ങുകയറ്റകൂലിയായി ആവശ്യപ്പെടുന്നത്. എന്നാലും സാരമമില്ല തേങ്ങവെട്ടാം എന്നു കരുതുമ്പോഴാണ് ജോലിക്ക് ആളെ കിട്ടാനില്ലാത്തത.് കേരളത്തിലെ ഒട്ടുമിക്ക വീട്ടുകാരുടെയും പ്രശ്‌നമാണിത്. എന്നാല്‍ ഇനി ഇതൊന്നും വേണ്ടേ വേണ്ട. ഒരൊറ്റ ഫോണ്‍ കോള്‍ മതി. തെങ്ങില്‍ കയറാന്‍ ആളുകള്‍ പറന്നെത്തും. എന്താ സംശയമുണ്ടോ? http://www.coconutboard.in ഒന്ന് ക്ലിക്ക് ചെയ്ത് നോക്കൂ. ഒന്നല്ല ഒരായിരം തെങ്ങുകയറ്റക്കാരുടെ പേര് വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം നിങ്ങളുടെ മുന്നില്‍ തെളിയും. ഓരോ ജില്ലയിലെയും ഓരോ പ്രദേശങ്ങളിലെയും പേര് വിവരങ്ങള്‍ വരെ പ്രത്യേകമായി തരംതിരിച്ച് നല്‍കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ വീടിന് തൊട്ടടുത്തുള്ളവരെ തന്നെ ലിസ്റ്റ് നോക്കി വിളിക്കുകയും ചെയ്യാം. തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം കണക്കിലെടുത്താണ് നാളികേര വികസന ബോര്‍ഡ് തെങ്ങുകയറ്റ തൊഴിലാളികളുടെ ഡയറക്ടറി തയ്യാറാക്കിയത്.

image


വെബ്‌സൈറ്റില്‍ തിരുവനന്തപുരം ജില്ലയില്‍ 3772 ഉം കാസര്‍കോഡ് 1491 ഉം കണ്ണൂര്‍ 2158 ഉം കോഴിക്കോട് 3639 ഉം മലപ്പുറം 4125 ഉം പാലക്കാട് 2158 ഉം തൃശൂര്‍ 1421 ഉം എറണാകുളം 1233 ഉം ആലപ്പുഴ 1552 ഉം കോട്ടയം 1064 ഉം പത്തനംതിട്ട 999ഉം കൊല്ലം 1751, വയനാട് 542 ഉം ഇടുക്കി 1969ഉം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കേരളത്തിന് പുറമെ ആസാം, ഛത്തീസ്ഡഗ്, ഗോവ, ഗുജറാത്ത്, കോയമ്പത്തൂര്‍, ഡിണ്ടിഗല്‍, ഈറോഡ്, കന്യാകുമാരി, ചിറ്റൂര്‍, ഈസ്റ്റ് ഗോദവരി, ശ്രീകാകുളം എന്നിവിടങ്ങളില്‍ ഉള്ളവരുടെയുള്‍പ്പെടെ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തൊഴിലാളികളെ ആവശ്യപ്പെട്ട് പത്രങ്ങളില്‍ ഉള്‍പ്പെടെ പരസ്യം വന്നിരുന്നു. 13,500 മുതല്‍ 15000 വരെ രൂപയായിരുന്നു വാഗ്ദാനം. തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ തന്നെ പലരും തെങ്ങുകൃഷിയില്‍ നിന്ന് വിട്ടുപോകുന്ന സാഹചര്യമാണിപ്പോഴുളളത്. സംസ്ഥാനത്ത് തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് നാളികേര വികസന ബോര്‍ഡ് പുതിയ പദ്ധതിയുമായി രംഗത്തിറങ്ങുന്നത്. ഫ്രണ്ട്‌സ് ഓഫ് കോക്കനട്ട് എന്ന പേരിലാണ് ഓണ്‍ലൈന്‍ ഡയറക്ടറി തയ്യാറാക്കുന്നത്. തെങ്ങില്‍ കയറാന്‍ തൊഴിലാളികളില്ല എന്ന കര്‍ഷകരുടെ പരാതി ഇതുവഴി പരിഹരിക്കാം. തെങ്ങുകയറ്റ തൊഴിലാളികളുടെ പേരും വിലാസവും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡയറക്ടറിയിലുണ്ടാകും. ആവശ്യക്കാര്‍ക്ക് ഇതുവഴി ഇവരുമായി ബന്ധപ്പെടാം.

തെങ്ങുകൃഷി സംരക്ഷിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമായി ചെറുപ്പക്കാരുടെ ഒരു സംഘത്തെ സജ്ജമാക്കുകയാണ് നാളികേര വികസന ബോര്‍ഡിന്റെ ലക്ഷ്യം. ഇതിനായി ബോര്‍ഡ് യുവാക്കള്‍ക്കായി തെങ്ങുകയറ്റ പരിശീലന പരിപാടി സംഘടിപ്പിച്ചു വരികയാണ്. സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇതിനോടകം തെങ്ങുകയറ്റത്തില്‍ പരിശീലനം നേടിയത്. പരിശീലനം നേടുന്ന ഓരോ തൊഴിലാളികള്‍ക്കും ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നുണ്ട്.. കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

image


18 നും 40 ഇടയ്ക്ക് പ്രായമുളളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഏഴാംക്ലാസാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരെ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തില്ല. ഓരോ ജില്ലയിലുമുള്ള തെങ്ങുകയറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കുന്നതിന് കുടുംബശ്രീ നെഹ്‌റു യുവക് കേന്ദ്ര, നാളികേര കര്‍ഷക സഹായ സംഘങ്ങള്‍, മറ്റു സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് ബോര്‍ഡിനെ സഹായിക്കാം. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 15 കോടി തെങ്ങുകളാണുള്ളത്.

തൊഴില്‍ രഹിതരവും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരുമായ കുറച്ചു പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും ഇതിലൂടെ കഴിയും. 30,000 തെങ്ങുകയറ്റക്കാരെയാണ് ആവശ്യമുള്ളത്. തെങ്ങുകയറ്റ തൊഴിലാളികളുടെ അഭാവമാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തെങ്ങില്‍ കയറുന്ന രീതി, കീടനാശിനി നിയന്ത്രണം എന്നിവയെ കുറിച്ചാണ് പരിശീലനം നല്‍കുന്നത്. പരിശീലനം നേടുന്നവരില്‍ മുപ്പത് ശതമാനം സ്ത്രീകളെയും ഉള്‍പ്പെടുത്താനാണ് തീരുമാനം. തെങ്ങുകയറ്റ മെഷീന്‍ കണ്ടുപിടിച്ചതിനാല്‍ തൊഴിലാളികള്‍ക്ക് അനായാസമായി തെങ്ങില്‍ കയറാന്‍ സാധിക്കും.