അഗ്നിച്ചിറകിലേറി രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ മജീദ്.
ഭാരതീയരെ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന്റെ അഗ്‌നിച്ചിറകുകള്‍ എന്ന പുസ്തകം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയാക്കുക എന്ന ലക്ഷ്യവുമായാണ് 66 കാരനായ മജീദ് രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നത്. എല്ലാ സ്‌കൂളുകള്‍ക്കും പുസ്തകം സമ്മാനിക്കുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളും പിന്നിട്ട മജീദ് ഇനി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ യാത്ര തുടരാനുള്ള ഒരുക്കത്തിലാണ്. കായംകുളം ബര്‍ക്കത്ത് വീട്ടില്‍ മജീദിന്റെ ഒറ്റയാള്‍ പോരാട്ടമാണ് നാടു മുഴുവന്‍ നന്മയുടെ സന്ദേശം പരത്തുന്നത്. അബ്ദുല്‍ കലാമിന്റെ ചിന്തകളും ജീവിത ദര്‍ശനങ്ങളും കുരുന്നു മനസ്സുകളില്‍ എത്തിച്ച് മികച്ച പുതിയ തലമുറയെ സൃഷ്ടിക്കുകയാണ് മജീദിന്റെ ലക്ഷ്യം. പുതിയ തലമുറയുടം അറിവും വായനാശീലവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് മജീദ് പറയുന്നു. സംസ്ഥാനത്തോട്ടാകെ മൂന്നൂറില്‍പരം സ്‌കൂളുകളില്‍ മജീദ് എത്തിക്കഴിഞ്ഞു. സ്വന്തം സമ്പാദ്യം ഉപയോഗിച്ചാണ് അദ്ദേഹം പുസ്തകങ്ങള്‍ വാങ്ങുന്നത്. ഐ എസ് ആര്‍ ഒയിലെ മുന്‍ ഉദ്യോഗസ്ഥനായ മജീദ് എ പി ജെ അബ്ദുല്‍ കലാമിന്റെ കാലത്ത് പത്ത് വര്‍ഷത്തോളം അവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്.
1983ല്‍ രാജിവെച്ച് ഗള്‍ഫിലേക്ക് പോയി. യു എ ഇയില്‍ 23 വര്‍ഷം ജോലി ചെയ്തു. നാട്ടിലെത്തിയതിന്‌ശേഷമാണ് ലോകം മുഴുവന്‍ ആരാധിക്കുന്ന അബ്ദുല്‍ കലാമിനെ വരും തലമുറക്ക് പരിചപ്പെടുത്താനും അദ്ദേഹത്തെ കുട്ടികള്‍ മാതൃകയാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചത്. സമൂഹത്തിലെ പ്രമുഖരുടെ സഹായം ഇതിനായി തനിക്ക് ലഭിക്കുന്നുണ്ടെന്ന് മജീദ് പറയുന്നു. മജീദിന്റെ ഭാര്യ ലൈലയുടേയും മക്കള്‍ സമീറിന്റേയും യെക്കിമയുടേയും പിന്തുണയും മജീദിനുണ്ട്. കേരളത്തിലെ പ്രവര്‍ത്തനത്തിന് ശംഖുംമുഖം എ സി പി ജവഹര്‍ ജനാര്‍ദ്ദന്റെ പിന്തുണ ലഭിച്ചിരുന്നതായും മജീദ് പറഞ്ഞു.
അബ്ദുല്‍ കലാം ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച 'വിങ്‌സ് ഓഫ് ഫയര്‍ ' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് അഗിനിച്ചിറകുകള്‍. രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ അസാധാരണ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ഒപ്പം അബ്ദുല്‍ കലാം എങ്ങനെ ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. വിദ്യാര്‍ഥി സമൂഹത്തിനായി തയ്യാറാക്കിയിരിക്കുന്ന അഗ്‌നിച്ചിറകുകളുടെ സംഗൃഹീതപതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഇത് കുട്ടികള്‍ക്കു മനസ്സിലാകുന്നതരത്തില്‍ ലളിതമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എ വിജയരാഘവനാണ്. കലാമിന്റെ ജനനവും ബാല്യവും മുതല്‍ അഗ്‌നി മിസൈലിന്റെ പരീക്ഷണം വരെയുള്ള കാലഘട്ടങ്ങളാണ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പങ്കുവെക്കുന്നത്.