രമാദേവി തോട്ടത്തില്‍; രാജ്യത്തെ ആദ്യ വനിതാ നേവല്‍ എയര്‍ട്രാഫിക് കണ്ട്രോളര്
എയര്‍ട്രാഫിക് കണ്ട്രോളര് (എ.ടി.സി) എന്നത് വ്യോമയാനരംഗത്ത് അതീവ പ്രാധാന്യം അര്‍ഹിക്കുന്ന പ്രവര്‍ത്തനമേഖലയാണ്. ഇവിടെ ഒരു തീരുമാനമെടുക്കുന്നതില്‍ സെക്കന്റിന്റെ നൂറിലൊരു അംശത്തിന്റെ താമസം പോലും ജനങ്ങള്‍ക്കും വിമാനങ്ങള്‍ക്കും വരുത്തുന്ന അപകടം വലുതാണ്. എ.ടി.സിയിലെ ആദ്യ വനിതാ ഉദ്യോഗസ്ഥ ആ നേവല്‍ യൂണിഫോം അണിയുമ്പോള്‍ ഏറ്റെടുക്കാന്‍ പോകുന്ന ജോലിയിലെ അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞിരുന്നില്ല. കാരണം അതിനുമുമ്പ് സായുധ സേനകളിലേക്കുള്ള വാതിലുകള്‍ സ്ത്രീകള്‍ക്കായി തുറന്നിരുന്നില്ല. 1992 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ നാവികസേന എയര്‍ ട്രാഫിക് കണ്ട്രോളര് ഉള്‍പ്പെടെയുള്ള ചില തെരഞ്ഞെടുത്ത മേഖലകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ ആ മേഖലയിലേക്ക് കടന്നുവന്ന ആദ്യവനിതാ രമാദേവി തോട്ടത്തില്‍ ആയിരുന്നു.
രമാദേവി ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരം ജില്ലയിലെ നേമം എന്ന കൊച്ചുഗ്രാമത്തിലാണ്. സ്കൂള്‍ വിദ്യാഭ്യാസവും ബിരുദവും പൂര്‍ത്തിയാക്കിയത് തിരുവനന്തപുരത്താണ്. ഒരു ജോലി എന്ന ചിന്ത വന്നപ്പോള്‍ രണ്ടുവഴികളാണ് മുന്നില്‍ തെളിഞ്ഞത്. തന്റെ അച്ഛന്റെ പാത പിന്തുടര്ന്ന് ഡോക്ടറാകുക അല്ലെങ്കില്‍ ബിരുദം നേടി അധ്യാപനവൃത്തിയിലേക്ക് കടക്കുക. എന്നാല്‍ ആ ചിന്തകളെല്ലാം മാറിമറിഞ്ഞ് അപ്രതീക്ഷിതമായാണ്.
സഹോദരന് കൊണ്ടുവന്ന ഒരു പത്രക്കടലാസാണ് അവരുടെ ജീവിതം മാറ്റിമറിച്ചത്. നാവികസേനയില്‍ സ്ത്രീകള്‍ക്ക് അവസരമെന്നതായിരുന്നു കടലാസിലെ ഉള്ളടക്കം. സഹോദരന്റെ ആഗ്രഹവും ഇന്ത്യന്‍ സേനയുടെ ഭാഗമാകുക എന്നതായിരുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുന്നതിലെ അഭിമാനവും ആ യൂണിഫോം ധരിക്കുന്നതിലെ മഹത്വവും സഹോദരന്റെ വാക്കുകളിലൂടെ കേട്ടറിഞ്ഞ രമാദേവിയിലും സേനയില്‍ ചേരണമെന്ന ആഗ്രഹം കലശലായി. അങ്ങനെയാണ് അവര്‍ അതിലേക്കായി അപേക്ഷിക്കുന്നതും അഭിമുഖത്തില്‍ പങ്കെടുക്കുന്നതും.
വളരെയധികം ആവേശത്തോടും ഉത്സാഹത്തോടെയുമാണ് ഭോപ്പാലില്‍ ഇന്റര്‍വ്യൂവിനായി പോയത്. വിരസമായ പരീക്ഷകള്‍ക്കും കര്‍ക്കശമായ വൈദ്യപരിശോധനകള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ നാവികസേനയുടെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്- എ.ടി.സി ബ്രാഞ്ചിലേക്ക് തെരഞ്ഞെടുത്തുകൊണ്ടുള്ള നിയമന ഉത്തരവ് രമാദേവിക്ക് ലഭിച്ചു. ആകെ മൂന്നു വനിതകള്‍ക്കാണ് ആ വര്‍ഷം പ്രവേശനം ലഭിച്ചത്.
അതുവരെ യാത്രകള്‍ തന്നെ വിരളമായിരുന്നുവെന്ന് രമാദേവി ഓര്‍ക്കുന്നു.
1993 ഓഗസ്റ്റ് ഒന്‍പതിന് ഗോവയിലെ നാവിക അക്കാദമിയില്‍ അവര്‍ ചേര്‍ന്നു. രാജ്യ സേവനത്തിന് തന്നെ ശക്തയാക്കാനും സജ്ജമാക്കാനും ഈ ട്രെയിനിങ്ങിന് കഴിയുമെന്ന് ആദ്യദിവസം തന്നെ അവര്‍ക്ക് മനസിലായി. സേനകളില്‍ എപ്പോഴും പുരുഷന്മാര്ക്കാണ് മുന്‍തൂക്കം. പുരുഷന്മാരുടെ അതേ ആവേശത്തിലും ഉത്സാഹത്തിലുമാണ് ആ ബാച്ചിലെ മൂന്നുവനിതകളും യൂണിഫോം ധരിച്ചതും അവരെപ്പോലെ എല്ലാ പരിശീലനങ്ങളും പരേഡുകളും പൂര്‍ത്തിയാക്കിയതും ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചതും.
ട്രെയിനി്ംഗ് അക്കാദമിയിലെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടു രമാദേവി പറഞ്ഞു- അക്കാലത്ത് ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന തിരിച്ചറിവുണ്ടായിരുന്നില്ല. ഒരു പുതുചരിത്രം കുറിക്കുകയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. തന്റെ എതിരാളികളോട് മത്സരിച്ച് മികച്ച പരിശീലകക്കുള്ളട്രോഫി നേടിയെടുത്തതിലുള്ള സന്തോഷം എത്ര വലുതായിരുന്നെന്ന് ഇന്നും ഓര്‍ക്കുന്നു. ഗോവ അക്കാദമിയിലെ കഠിനമായ പരിശീലനത്തിലൂടെ സായുധ സേനയുടെയും നമ്മുടെ രാജ്യത്തിന്റെ നീലാകാശ അതിര്‍വരമ്പുകള്‍ സംരക്ഷിക്കുന്നവരുടെയും വിവരങ്ങള്‍ ഗ്രഹിച്ചു. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് പരിചയിച്ച അന്തരീക്ഷത്തിലേക്കായിരുന്നു എത്തപ്പെട്ടത്.
വ്യോമയാനമേഖലയില്‍ ചെറു പിഴുകള്പോലും ഉണ്ടാകാന്‍ പാടില്ല. ലോകത്തിലെയും സമ്മര്‍ദമേറിയ തൊഴിലാണ് എ.ടി.സിയുടേത്. പോര്‍വിമാനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജീവനപകടം വരുന്നതരത്തിലുള്ള രംഗങ്ങളും ദൗത്യങ്ങളുമാണ് കൈകാര്യം ചെയ്യേണ്ടത്. ഏറ്റവും ചെറിയ പിഴവുകള്‍പോലും വലിയ ആപത്തുണ്ടാക്കും. അതിററ്റ ക്ഷമയും അച്ചടക്കവും വേണ്ട മേഖലയാണിത്. ഇത്തരം പ്രശ്നങ്ങളെല്ലാം അഭിമാനത്തോടെ തരണം ചെയ്താണ് രമാദേവി തന്റെ പത്തുവര്‍ഷക്കാലത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയത്.
സേനകളില്‍ സ്ത്രീകളെ ഹ്രസ്വകാല കരാറടിസ്ഥാനത്തിലാണ് നിയമിക്കുന്നതത്. രമാദേവിക്ക് പതിനാല് വര്‍ഷം ജോലിയില്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ആ കാലയളവ് കഴിയുമ്പോള്‍ ഒരുതരത്തിലുള്ള പെന്‍ഷനും ആനുകൂല്യങ്ങളുമില്ലാതെ പിരിഞ്ഞുപോകേണ്ടി വരുമെന്നതിനാല്‍ പത്തുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ വിരമിച്ചു.
2003ലാണ് ജോലിയില്‍ നിന്ന വിടുതല്‍ ചെയ്തത്. സാധാരണ ജീവിതത്തിലേക്ക് തിരികെഎത്തിയപ്പോള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥ എന്ന ബഹുമതി അവരുടെ മുന്നില്‍ പുതിയ അവസരങ്ങള്‍ തുറന്നുനല്‍കി. യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പികളുടെയും വിവിധ ഐ.ടി കമ്പനികളിലും ഹ്യൂമന്‍ റിസോഴ്സ് ഓഫീസറായി ജോലി നോക്കി. ഭര്‍ത്താവ് ആര്‍മി. കമാന്‍ഡര്‍ മോഹന്‍ദാസും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് രമാദേവിയുടെ കുടുംബം. ഔദ്യോഗിക ജോലിക്ക് ഒപ്പം തന്നെ തന്റെ ചിത്രരചനയും സംഗീതവും വായനയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. 2008ല്‍ മിസിസ് ചെന്നൈ മത്സരത്തിലെ ആദ്യ റണ്ണറപ്പായി.
ഒരു മേഖലയിലും അസാധാരണ സ്ത്രീയാകാന്‍ ശ്രമിച്ചിട്ടില്ല. എന്നിലെ പരിമിതികള്‍ മനസിലാക്കി സ്വയം മെച്ചപ്പെടുത്തി. നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സ്വപ്നത്തിനും നിങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്ന ഒരേയൊരു വ്യക്തി അതു നിങ്ങള്‍ തന്നെയാണ്. ചുറ്റുമുള്ള ലോകം നിങ്ങളെ നിരുത്സാഹപ്പെടുത്തിയാലും അവിശ്വസിച്ചാലും നിങ്ങള്‍ നിങ്ങളുടെ സ്വപ്നത്തെ മുറുകെ പിടിച്ച് നെഞ്ചോട് ചേര്‍ക്കുക. അതില്‍ മാത്രം ശ്രദ്ധിക്കുക. ആ സ്വപ്നം സത്യമായി തീരും. ഞാന്‍ എത്തപ്പെട്ട ചുറ്റുപാടുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പുതുതലമുറക്ക് ഇതിലും മികച്ച രീതിയില്‍ മികവ് തെളിയിക്കാന്‍ കഴിയും- രമാദേവി പറയുന്നു.