Brands
Discover
Events
Newsletter
More

Follow Us

twitterfacebookinstagramyoutube
ADVERTISEMENT
Advertise with us

ഇനി എഞ്ചിനീയറിംഗ് കോളജുകളും മികച്ച സ്റ്റാര്‍ട്ടപ്പ് സെന്ററുകളാകും

ഇനി എഞ്ചിനീയറിംഗ് കോളജുകളും മികച്ച സ്റ്റാര്‍ട്ടപ്പ് സെന്ററുകളാകും

Monday August 22, 2016 , 2 min Read

കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളെ സ്റ്റാര്‍ട്ടപ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി വികസിപ്പിക്കാനുള്ള വൈദഗ്ധ്യം നല്‍കുന്നതിന് എസ്‌വി.കോ പദ്ധതി ആവിഷ്‌കരിച്ചു. വിദ്യാര്‍ഥികളുടെ സംരംഭക ശേഷി അക്കാദമിക പശ്ചാത്തലത്തില്‍ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റല്‍ ഇന്‍കുബേറ്ററായ എസ്‌വി.കോ ഈ പദ്ധതി നടപ്പാക്കുന്നത്. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് സെന്ററുകള്‍ (ഐഇഡിസി) നിലവില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളിലായിരിക്കും എസ്‌വി.കോ സ്റ്റാര്‍ട്ടപ് സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ സ്ഥാപിക്കുക. അടല്‍ ഇന്നവേഷന്‍ സെന്ററുകള്‍ എന്ന പേരില്‍ ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ സ്റ്റാര്‍ട്ടപ് ഇന്ത്യ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ കീഴില്‍ കേന്ദ്ര സഹായം ലഭിക്കാന്‍ ഇതു സഹായിക്കുമെന്നും സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. മാനേജ്‌മെന്റിന്റെ മികച്ച പിന്തുണയും ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പുകളും ഉണ്ടാവുക എന്നതും ഇത്തരം ദേശീയപദ്ധതികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുക്കപ്പെടുന്ന കോളജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എസ്‌വി.കോയും വ്യവസായമേഖലയിലെ പങ്കാളികളും നേരിട്ടുള്ള സഹായവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശീലനവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്റര്‍നെറ്റ് അതികായരായ ഫെയ്‌സ്ബുക്ക് വ്യവസായവിദ്യാര്‍ഥി പങ്കാളിത്തത്തിനായി സ്റ്റാര്‍ട്ടപ് വില്ലേജുമായി ഈയിടെ ധാരണാപത്രം ഒപ്പുവച്ചിരുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഐഇഡിസി മീറ്റില്‍വച്ച് ഓഗസ്റ്റ് 23ന് സ്റ്റാര്‍ട്ടപ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി അവതരിപ്പിക്കുകയും വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യും. ഇന്ത്യയുടെ ആദ്യപൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള ടെക്‌നോളജി ഇന്‍കുബറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജിന്റെ ഡിജിറ്റല്‍ പതിപ്പായ എസ്‌വി.കോ ഇന്ത്യയിലെ എന്‍ജിനീയറിംഗ് കോളജുകളില്‍നിന്ന് മികച്ച സംരംഭകരെ കണ്ടുപിടിക്കുന്നതിനായി #StartInCollege പദ്ധതി ആരംഭിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഉത്പ്പന്നങ്ങള്‍ സൃഷ്ടിക്കാനും ഉപയോക്താക്കള്‍ക്ക് മുന്നിലെത്തിക്കാനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന പദ്ധതിയാണിത്. 

കേരളത്തിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വലിയ പിന്തുണയാണ് #StartInCollege പദ്ധതിക്ക് ലഭിച്ചതെന്ന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. പല കോളജുകളുടെയും അധ്യാപകരും മാനേജ്‌മെന്റും വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വ സംസ്‌കാരം വളര്‍ത്തുന്നതിന് എസ്‌വി.കോയുടെ സഹായം ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. വിവിധ ബ്രാഞ്ചുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്നായി 10 ടീമുകളെവരെ ഓരോ മാനേജ്‌മെന്റിനും www.sv.co എന്ന വെബ്‌സൈറ്റില്‍ StartInCollege പദ്ധതിക്കുകീഴില്‍ നാമനിര്‍ദേശം ചെയ്യാം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് സ്റ്റാര്‍ട്ടപ്പുകളെങ്കിലുമുള്ള ഒരു കോളജ് എസ്‌വി.കോയുടെ സ്റ്റാര്‍ട്ടപ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിക്കുള്ള യോഗ്യത നേടും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വിജയം കൈവരിക്കാനും കോളജിലും സമൂഹത്തിലും മറ്റു വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകാനും പൂര്‍ണപിന്തുണ ലഭിക്കുമെന്ന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുപുറമെ ഏറ്റവും മികച്ച അധ്യാപകരെയും സിലിക്കണ്‍ വാലിയില്‍ കൊണ്ടുപോകുകയും അവര്‍ക്ക് ആഗോളപരിചയം ലഭ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.