തിരുവനന്തപുരത്തിന്റെ ഷോപ്പിംഗ് മുഖം മാറ്റാന്‍ ലുലു മാള്‍

തിരുവനന്തപുരത്തിന്റെ ഷോപ്പിംഗ് മുഖം മാറ്റാന്‍ ലുലു മാള്‍

Monday August 22, 2016,

2 min Read

അനന്തപുരിയുടെ ഷോപ്പിംഗ് അനുഭവത്തിന് വ്യത്യസ്ത മുഖം നല്‍കുന്ന ലുലുമാളിന്റെ നിര്‍മ്മാണം ആരംഭിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ലുലുമാളിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

'പുതിയ വ്യവസായങ്ങങ്ങളേയും സംരംഭകരേയും സ്വീകരിക്കാന്‍ കേരളത്തിന് സന്തോഷമേയുള്ളു. വലിയ തോതിലുള്ള വികസനമാണ് ലുലു മാളിലൂടെ തിരുവനന്തപുരത്ത് സംഭവിക്കാന്‍ പോകുന്നത്. കേരളത്തിന്റെ വ്യവസായ വികസനത്തിന് യൂസഫലിയേപ്പോലെയുള്ള സംരംഭകരുടെ പിന്തുണ ആവശ്യമാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ലുലുമാളിലൂടെ യൂസഫലിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലുലുമാളിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ലുലു മാളിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലുലു മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈദ്യുതി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാളിന്റേയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഹോട്ടലിന്റേയും കണ്‍വെന്‍ഷന്‍ സെന്ററിന്റേയും മാതൃക അനാച്ഛാദനം ചെയ്തു. ശശി തരൂര്‍ എം പി പൈലിംഗ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഒ രാജഗോപാല്‍ എം എല്‍ എ ലുലു മാളിന്റെ ബ്രോഷന്‍ പ്രകാശനം ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദക്ക് നല്‍കി നിര്‍വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ലുലു മാളിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

2000 കോടി രൂപയുടെ നിക്ഷേപവും 5000ലധികം തൊഴില്‍ അവസരങ്ങളുമാണ് പദ്ധതിയോടനുബന്ധിച്ച് ഉണ്ടായത്. ഷോപ്പിങ്ങ് മാള്‍ കൂടാതെ ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും പദ്ധതിക്കായി ഏറ്റെടുത്ത 20 ഏക്കറില്‍ ഉയര്‍ന്നു വരും. ഷോപ്പിങ്ങ് മാളില്‍ 200ലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ്‌കോര്‍ട്ട്, ഐസ് സ്‌കേറ്റിംഗ്, 9 സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സുകള്‍, കുട്ടികള്‍ക്കുള്ള എന്റര്‍ടെയിന്‍മെന്റ് സെന്റര്‍ എന്നിവയടക്കം നിരവധി ആകര്‍ഷണങ്ങളാണ് ഉണ്ടാവുക. 3000ലധികം കാറുകള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യവുമുണ്ടാകും. ഗതാഗതത്തിരക്ക് ഒഴിവാക്കി ആളുകള്‍ക്ക് സുഗമമായി പോകുതിനാവശ്യമായ ആധുനീക ട്രാഫിക് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തും. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണരീതി അവലംബിച്ച് സോളാര്‍ എനര്‍ജിയിലായിരിക്കും മാള്‍ പ്രവര്‍ത്തിക്കുക.

പദ്ധതി പൂര്‍ത്തിയായതോടു കൂടി കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമാണ് തിരുവനന്തപുരത്തെ ലുലുമാളിനുണ്ടായത്. 2018 ആഗസ്‌തോടെ ഷോപ്പിങ്ങ് മാളിന്റേയും 2019 മാര്‍ച്ചോടെ ഹോട്ടലിന്റേയും കണ്‍വെന്‍ഷന്‍ സെന്ററിന്റേയും പണി പൂര്‍ത്തിയാക്കുമെന്ന്് ലുലു ഗ്രൂപ്പ് സാരഥി എം എ യൂസഫലി പറഞ്ഞു. മാള്‍ പണി പ്രവര്‍ത്തനമാരഭിക്കുന്നതോടെ തലസ്ഥാനത്തേയും സമീപപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള നവീനമായ ഷോപ്പിങ്ങ് അനുഭവമായിരിക്കും ലഭ്യമാവുക. പ്രഖ്യാപനങ്ങളേക്കാള്‍ പ്രവൃത്തിയിലാണ് തന്റെ വിശ്വാസമെന്ന് യൂസഫലി സ്വാഗതപ്രസംഗത്തില്‍ സൂചിപ്പിച്ചു.