ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിരക്ഷ ഉറപ്പാക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിരക്ഷ ഉറപ്പാക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

Saturday August 19, 2017,

2 min Read

സംസ്ഥാനത്തെ തൊഴിലാളികള്‍ക്കുള്ള നിയമപരമായ എല്ലാ പരിരക്ഷയും കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഭ്യമാക്കുമെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിന് അന്താരാഷ്ട്ര തൊഴിലാളി സംഘടന, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ പിന്തുണയും തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

image


ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തിയ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്. ഇതിലൂടെ ലഭ്യമാകുന്ന വിവരം ആരോഗ്യം, പോലീസ് തുടങ്ങിയ മറ്റ് വകുപ്പുകള്‍ക്കും പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായപ്പോള്‍ത്തന്നെ ഫ്രാന്‍സ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്റെ ആദ്യ ഘട്ടത്തില്‍ അഞ്ച് ലക്ഷത്തോളം തൊഴിലാളികളെ ഉള്‍പ്പെടുത്താനാകുമെന്നാണ് കരുതുന്നതെങ്കിലും മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഭാഗമാക്കും. ഇതിനായി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍, ഒത്തുകൂടാറുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ചെന്ന് വിവരശേഖരണം നല്‍കി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. ഇതിനു പുറമേ ഓണ്‍ലൈന്‍ ആയി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഇതിനു പുറമേ റെയില്‍വേ സ്റ്റേഷനുകളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും. തൊഴിലാളികള്‍ വന്നിറങ്ങുമ്പോള്‍ തന്നെ അവരുടെ രജിസ്‌ട്രേഷനും അവര്‍ക്ക് വേണ്ട സൗകര്യമൊരുക്കലും ലക്ഷ്യമിട്ടാണിത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പാര്‍പ്പിട സമുച്ചയം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഒരുക്കും. ഇതിന്റെ ആദ്യപടിയായി പാലക്കാട് കഞ്ചിക്കോട് 640 തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയം തയാറായിക്കഴിഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളില്‍ ഇതിനായി കിന്‍ഫ്രയുമായി ബന്ധപ്പെട്ട സ്ഥലം ലഭ്യമാക്കാനാണ് ഉദ്ദ്യേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിക്കുന്ന കൃത്യമായ ഡാറ്റ തൊഴില്‍ വകുപ്പില്‍ ലഭ്യമല്ല. ആയതിനാല്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനോ അവ പരിഹരിക്കുന്നതിനോ വേണ്ടി ഫലപ്രദമായി ഇടപെടുന്നതിന് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും നടത്തി തിരിച്ചറിയില്‍ കാര്‍ഡ് നല്‍കി ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ആവാസ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആവാസ് പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 15000 രൂപയുടെ സൗജന്യ ചികിത്സ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുന്നു. ഇതിനു പുറമേ തൊഴിലാളി മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുന്ന അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് ആവാസ് പദ്ധതി.

ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, ബംഗാളി എന്നീ അഞ്ച് ഭാഷകളില്‍ പ്രതിപാദിക്കുന്ന ബ്രോഷറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ആവാസ് പദ്ധതിയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത കോഴിക്കോട് സ്വദേശി സി.കെ.അനൂജിന് പാരിതോഷികവും മന്ത്രി വിതരണം ചെയ്തു. തൊഴില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ കെ.ബിജു, അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ ജെ.അലക്‌സാണ്ടര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്ത കൊല്‍ക്കത്ത ആസ്ഥാനമായ സ്മാര്‍ട്ട് ഐറ്റിയുടെ ഡയറക്ടര്‍ എസ്.കെ.ജെയിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.