Brands
Discover
Events
Newsletter
More

Follow Us

twitterfacebookinstagramyoutube
ADVERTISEMENT
Advertise with us

കേരള വികസനത്തിന് കരുത്തു പകര്‍ന്ന് നവകേരള മിഷന് തുടക്കമായി

കേരള വികസനത്തിന് കരുത്തു പകര്‍ന്ന് നവകേരള മിഷന് തുടക്കമായി

Sunday November 13, 2016 , 2 min Read

കേരളത്തിന്റെ പുത്തന്‍ വികസന സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നവകേരള മിഷന് തുടക്കമായി. നവകേരള മിഷനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെക്കുന്നു.

image


വരും തലമുറകള്‍ക്ക് ഈ നാടിനെ അതിന്‍റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ബോധ്യത്തില്‍ നിന്നാണ് ഹരിത കേരള മിഷന്‍ രൂപം കൊണ്ടത്‌. പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പത്ത് നമുക്കുണ്ട്. രാജ്യത്ത് തന്നെ അഭിമാനിക്കാവുന്ന തരത്തില്‍ അതിജീവന ശേഷിയും ഗുണ മേന്മയുമുള്ള മനുഷ്യ സമ്പത്തുണ്ട്. എന്നാല്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും വര്‍ധിക്കുന്ന ഉപഭോഗ ആവശ്യങ്ങളും പ്രകൃതിയുടെയും മനുഷ്യ ജീവിതത്തിന്‍റെയും സമനില തെറ്റിക്കുന്നു. ഇതില്‍ നിന്നും പുറത്ത് കടന്നില്ലെങ്കില്‍ ഇപ്പോള്‍ ദല്‍ഹിയെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള വായു മലിനീകരണവും ഖര-ജല മലിനീകരണം കൊണ്ട് വ്യാപിക്കുന്ന പകര്‍ച്ചവ്യാധികളും കേരളത്തെയും കീഴടക്കുന്ന കാലം വരും. അതുകൊണ്ടാണ് നാടിന്‍റെ പച്ചയും മണ്ണിന്‍റെ നന്മയും ജലത്തിന്‍റെയും വായുവിന്‍റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ സാക്ഷരതാ പ്രസ്ഥാനം പോലെ ഒരു ജനകീയ യജ്ഞം തന്നെ വേണമെന്ന് ഈ സര്‍ക്കാര്‍ തീരുമാനിച്ചത്.

 ഹരിത കേരളം മിഷന്‍ മാലിന്യ സംസ്കരണം, കൃഷി വികസനം,ജല സംരക്ഷണം എന്നീ മൂന്നു മേഖലകളിലാണ് പ്രവര്‍ത്തിക്കുക. കേരളം ഇന്ന് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന മേഖലകള്‍ എന്നത് മാത്രമല്ല, നാടിന്‍റെ നിലനില്‍പ്പിനെയും ഭാവിയെയും നിര്‍ണ്ണയിക്കുന്നവയാണ് ഇവ എന്നതാണ് ഹരിത കേരളം മിഷന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. കേരളത്തിലെ നിരവധി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്കരണത്തിനായി നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്;അവയില്‍ പലതും വിജയകരമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. 

image


കാര്‍ഷിക മേഖലയിലും കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ചു കൂടുതല്‍ പേര്‍, വിശേഷിച്ചു അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരും സ്ത്രീകളുമടക്കം നിരവധിയാളുകള്‍ ജൈവ കൃഷിയും മൃഗ പരിപാലനവും ഉപജീവന മാര്‍ഗമായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ജല മലിനീകരണവും വന നശീകരണവും വലിയ വെല്ലുവിളികളാണെന്ന തിരിച്ചറിവിലേക്ക് നമ്മുടെ സമൂഹം നീങ്ങുന്നുണ്ട്. ഈ നല്ല അനുഭവങ്ങളില്‍ നിന്നെല്ലാം ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട്, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മുന്‍കയ്യില്‍ സാമൂഹ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെ ഹരിത കേരളം പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വികസനവും പരിസ്ഥിതി സംതുലനവും സമാന്തരങ്ങളല്ല എന്ന പാഠം പഠിച്ചും പഠിപ്പിച്ചും ഹരിത കേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിക്കാം.

ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഞങ്ങൾ ഇതാ തുടക്കം കുറിച്ചിരിക്കുന്നു. ഇത് ഒരുക്കത്തിന്റെ ഘട്ടമാണ്. ഇതിൽ പങ്കാളികളാകാൻ പ്രൊഫഷനലുകളെയും വിദ്യാർത്ഥികളെയും പ്രകൃതി സ്നേഹികളെയും ഗ്രാഫിക് ഡിസൈനർമാരെയും അതിലുപരി എല്ലാ പൗരന്മാരെയും ഹൃദയപൂർവം ക്ഷണിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ, അഭിപ്രായങ്ങൾ, ഇതര സംഭാവനകൾ-എല്ലാം സ്വാഗതം ചെയ്യുന്നു. താഴെ പറയുന്ന മെയില്‍ അഡ്രസ്സില്‍ അയയ്ക്കാവുന്നതാണ്‌. ഇ മെയിൽ വിലാസം; [email protected]