ഹരിതപരവതാനിയില്‍ അനന്തപുരിക്ക് പുത്തന്‍ പദ്ധതികളുമായി ഡി ടി പി സി

ഹരിതപരവതാനിയില്‍ അനന്തപുരിക്ക് പുത്തന്‍ പദ്ധതികളുമായി ഡി ടി പി സി

Tuesday December 20, 2016,

2 min Read

സഞ്ചാരികള്‍ക്ക് പരാതികളില്ലാതെ അനന്തപുരി കണ്ടുമടങ്ങാന്‍ പുതിയ പദ്ധതികളും നവീകരണ പ്രവര്‍ത്തനങ്ങളുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പുനസംഘടിപ്പിച്ച കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നിരവധി പദ്ധതികളാണ് അവതരിപ്പിച്ചത്. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമായ പെരുമാതുറയില്‍ തുടങ്ങുന്ന ബോട്ട് ടെര്‍മിനല്‍ , ഗ്രീന്‍കാര്‍പെറ്റില്‍ ഉള്‍പ്പെടുന്ന ടൂറിസം സ്‌പോട്ടുകളിലെ നവീകരണ ,സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നടപ്പിലാക്കുന്ന ഗ്രീന്‍പ്രോട്ടോക്കോള്‍, പ്‌ളാസ്റ്റിക് നിരോധനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് അഭ്യന്തര ടൂറിസ്റ്റുകളെ അടക്കം ആകര്‍ഷിക്കുന്ന തരത്തില്‍ ഡി ടി പി സി വിഭാവനം ചെയ്യുന്നത്. 

image


 പെരുമാതുറയില്‍ തുടങ്ങി വര്‍ക്കല പൊന്നും തുരുത്ത് , അകത്ത് മുറികായല്‍, പുളിമുട്ടില്‍കടവ് എന്നീ മനോഹരമായ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ബോട്ട് സര്‍ക്യൂട്ട് രൂപപ്പെടുത്തുന്നതിനും പാക്കേജ് നടപ്പിലാക്കുന്നതിനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡി ടി പി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗത്തില്‍ തീരുമാനിച്ചു. അരുവിക്കരയില്‍ പുതിയ ടോയ്‌ലെറ്റ് ബ്‌ളോക്ക് നിര്‍മ്മിക്കുന്നതിനും സ്‌നാക്ക് ബാര്‍ നവീകരിക്കുന്നതിനും തീരുമാനമായി. 

നെയ്യാര്‍ഡാം അരുവിക്കര പൊന്മുടി എന്നിവിടങ്ങളില്‍ ടൂറിസ്റ്റ് അമിനിറ്റി സെന്റര്‍ അടക്കം വിനോദ സഞ്ചാര സൗഹൃദ നിര്‍മ്മാണങ്ങള്‍ നടത്തും .പൊന്മുടിയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടെന്റഡ് അക്കമൊഡേഷന്‍ പരിസ്ഥിതിക്കനുയോജ്യമായ വാച്ച് ടവര്‍ എന്നിവ നിര്‍മ്മിക്കുന്നതിന് ഉന്നത തലത്തില്‍ ചര്‍ച്ച നടത്തും. പുതിയ പദ്ധതികളില്‍ ആക്കുളം മാസ്റ്റര്‍പ്‌ളാന്‍,ശംഖുമുഖം ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക് , ശംഖുമുഖത്ത് ബയോവെയ്സ്റ്റ് മാനേജ്‌മെന്റ് ലേണിംഗ് സെന്റര്‍ എന്നിവ നടപ്പിലാക്കും.

 വര്‍ക്കല ക്‌ളിഫ് മുതല്‍ പാപനാശം വരെയുള്ള ക്‌ളിഫ് താഴ്‌വാരം ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കായി മാറ്റും. മുളകളും ക്‌ളിഫിന് അനുയോജ്യമായ മറ്റു ചെടികളും വച്ചു പിടിപ്പിക്കുന്നതോടൊപ്പം ലഹരി നിരോധിത മേഖലായായി ഇവിടം പ്രഖ്യാപിക്കുന്നതിനും നടപടി സ്വീകരിക്കും. യോഗത്തില്‍ അഡ്വ എ സമ്പത്ത് എം പി,എം എല്‍ എ മാരായ ഡി കെ മുരളി, ബി സത്യന്‍, വി ജോയി, കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി അനിത, ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി , ഡി ടി പി സി സെക്രട്ടറി ടി വി പ്രശാന്ത്, എസ് ഗീത, ആര്‍ പ്രദീപ് കുമാര്‍, എം ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു