വിമാനത്തിലും കപ്പലിലും യാത്ര പോകാം..വെറും 3750 രൂപയ്ക്ക്..
'വിമാനായാത്രയൊക്കെ വലിയ കാശുകാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ലേ' എന്ന പതിവ് ഡയലോഗിന് ഇനി വിട പറയാം. ഇനി മുതല്‍ സാധാരണക്കാര്‍ക്കും ഒരു വിമാനയാത്രയൊക്കെ ആസ്വദിക്കാം. ആളൊന്നിന് വെറും 3750 രൂപ മുടക്കിയാല്‍ ഭക്ഷണമുള്‍പ്പടെ വിമാനത്തിലും കപ്പലിലും തീവണ്ടിയിലും ബസ്സിലുമൊക്കെയായി ഒരു അടിപൊളി യാത്ര പോകാം..
ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വിവധ ടൂറിസം സൊസൈറ്റികളുടെ സഹകരണ സംഘമായ ടൂര്‍ഫെഡ് ആണ് ഇത്തരത്തില്‍ ഒരു 'വിസ്മയയാത്ര' ഒരുക്കുന്നത്. രാവിലെ ആറു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തുടങ്ങുക. ആദ്യം ആകാശയാത്ര. നേരെ കൊച്ചിയിലേക്ക്. കൃത്യം 6:45ന് വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യും.
അവിടെ യാത്രക്കാരെ കാത്ത് ഒരു ബസ്സ് റെഡിയായി നില്‍പ്പുണ്ടാകും. അവിടെ നിന്ന് ബസ്സില്‍ കയറി മറൈന്‍ ഡ്രൈവിലേക്ക്. പ്രഭാതഭക്ഷണം അവിടെ നിന്ന്. അതിനു ശേഷം കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ സാഗര റാണി എന്ന കപ്പലില്‍ ഒരു കറക്കം. രണ്ടു മണിക്കൂര്‍ നീളുന്ന കപ്പലിലെ കറക്കം കഴിഞ്ഞ് ഉച്ചഭക്ഷണം. അതിനു ശേഷം കൊച്ചി നഗരത്തിലേക്ക്. എല്ലാം കഴിഞ്ഞ് വൈകുന്നേരം 5:20നുള്ള ജനശതാബ്ദിയില്‍ തിരുവനന്തപുരത്തേക്ക് മടക്കം. രാത്രി 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും.
തിരുവനന്തപുരത്ത് നിന്ന് കൊച്ചി കൂടാതെ കോഴിക്കോട് നിന്ന് കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുമൊക്കെ ആള് ഇന്‍ വണ്‍ ടൂര്‍ ഇന്‍ വണ്‍ ഡേ എന്ന പേരിലെ ഈ ഏകദിന വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇതിനകം പതിനായിരത്തിലധികം പേര് ഈ ഏകദിന യാത്രയില്‍ പങ്ക് ചേര്‍ന്ന് കഴിഞ്ഞു.
ടൂര്‍ഫെഡ് ചെയര്മാന് ആയ പഴകുളം മധുവാണ് ഈ യാത്രയ്ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍. 'വിമാനത്തില്‍ കയറിട്ടില്ലാത്തവര്ക്ക് അതിനുള്ള അവസരം എന്ന് കരുതിയാണ് ആദ്യം ഇത് തുടങ്ങിയത്. ചര്‍ച്ചയില്‍ പിന്നീട് കപ്പല്‍, തീവണ്ടി യാത്രകളും വന്നു. അങ്ങനെയാണ് വണ്‍ ഡേ വണ്ടര്‍ എന്ന ഈ യാത്ര രൂപപ്പെട്ടത്.' അഡ്വ പഴകുളം മധു പറയുന്നു.
മറ്റു യാത്രകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ടൂര്‍ഫെഡിന്റെ വെബ്സൈറ്റ് ലിങ്ക് ചുവടെ :
http://www.tourfed.com/