കൊച്ചി എയര്‍പോര്‍ട്ടില്‍ നോട്ടമിട്ട് സാറ്റ്‌സ്
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ആന്റ് കാര്‍ഗോ ഓപ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാറ്റ്‌സ് നീക്കം തുടങ്ങി. ഇന്ത്യയിലെ അഞ്ച് എയര്‍പോര്‍ട്ടുകളില്‍ എയര്‍ ഇന്ത്യയുമായി സഹകരിച്ച് ഗ്രൗണ്ട് മാനേജ്‌മെന്റ് ഓപ്പറേഷന്‍ നടത്തുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയാണ് സ്റ്റാറ്റ്‌സ്. എയര്‍ ഇന്ത്യയും സാറ്റ്‌സും തമ്മില്‍ ഒപ്പിട്ടിട്ടുള്ള കരാറിന്റെ ലംഘനമാണ് സാറ്റ്‌സിന്റെ ഈ നീക്കം എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹി, ഹൈദ്രാബാദ്, ബാംഗ്ലൂര്‍, മംഗലാപുരം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നിലവില്‍ എയര്‍ ഇന്ത്യയും സിംഗപ്പൂര്‍ കമ്പനിയായ സാറ്റ്‌സും സംയുക്തമായി എയര്‍ ഇന്ത്യ സാറ്റ്‌സ് എന്ന പേരില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗും കാര്‍ഗോ ഓപ്പറേഷനും ചെയ്യുന്നത്. എയര്‍ ഇന്ത്യ സ്വന്തമായി ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ബിസിനസ് ചെയ്യുന്ന സ്ഥലത്ത് സാറ്റ്‌സ് തനിച്ച് ബിസിനസ് ചെയ്യാന്‍ പാടില്ലെന്ന നിബന്ധന കരാറില്‍ തന്നെയുണ്ട്. എന്നാല്‍ ഇത് ലംഘിച്ചാണ് എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ചെയ്യുന്ന കൊച്ചിയിലേക്ക് സാറ്റ്‌സ് കടന്നു കയറാന്‍ ശ്രമിക്കുന്നത്. സാറ്റ്‌സ് കൊച്ചിയിലെ ബിസിനസ് ഏറ്റെടുത്തു കഴിഞ്ഞാല്‍ നിലവില്‍ എയര്‍ ഇന്ത്യയുടെ കീഴില്‍ ജോലി ചെയ്യുന്ന 800ഓളം ജീവനക്കാരുടെ ജോലിയും അനിശ്ചിതത്വത്തിലാകും. എയര്‍ ഇന്ത്യയുമായി കൈകോര്‍ത്തതിലൂടെ ലഭിച്ച ബിസിനസ്് പരിചയം ഉപയോഗിച്ച് എയര്‍ ഇന്ത്യയുടെ ബിസിനസ് സാധ്യതകളെ തന്നെ തല്ലിക്കെടുത്തുന്ന സമീപനമാണ് സാറ്റ്‌സിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
മറ്റ് പല മേഖലകളിലും കരാര്‍ ലംഘിച്ചാണ് സാറ്റ്‌സ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. എയര്‍ ഇന്ത്യയും സാറ്റ്‌സും തമ്മില്‍ ഒപ്പിട്ടിട്ടുള്ള കരാര്‍ പ്രകാരം എയര്‍ ഇന്ത്യയുടെ പ്രതിനിധിയാണ് ഇപ്പോള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആകേണ്ടത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സി ഇ ഒ പദവി എയര്‍ ഇന്ത്യയും സാറ്റ്‌സും പരസ്പരം കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സംയുക്ത കമ്പനി നിലവില്‍ വന്നതിന് ശേഷം ഇതു വരെ ഇന്ത്യക്കാരന്‍ സി ഇ ഒ പദവിയിലേക്കെത്തിയിട്ടില്ല. ഇപ്പോഴുള്ള സിംഗപൂര്‍ സി ഇ ഒ മൈക് ച്യൂ നിലവില്‍ സി ബി ഐ കേസിലെ പ്രതി കൂടിയാണ്. കരാര്‍ പ്രകാരം എയര്‍ ഇന്ത്യക്ക് ലഭിക്കേണ്ട വിഹിതം ഒന്നും ഇതു വരെ ലഭ്യമാകുന്നില്ല എന്ന ഗുരുതരമായ കരാര്‍ ലംഘനവും നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി 12 കോടി രൂപയുടെ ലാഭത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ 60 കോടിയുടെ ബിസിനസാണ് സമാഹരിക്കാനായിട്ടുള്ളത്. സിംഗപൂര്‍ സ്വദേശികളായുള്ള ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ നിന്ന് ഭീമമായ ശമ്പളം എഴുതി വാങ്ങുമ്പോള്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് മറ്റുള്ളവരുടെ വേതന വ്യവസ്ഥ നിശ്ചയിച്ചിട്ടുള്ളത്. കൊച്ചിയിലും കണ്ണൂര്‍ എയര്‍ പോര്‍ട്ടിലും സാറ്റ്‌സ് നേരിട്ട് ബിസിനസ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഇതില്‍ അന്തിമ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥന്‍ സി ഇ ഒയാണ്.
2014 തുടക്കത്തില്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നെങ്കിലും എയര്‍ ഇന്ത്യ ഇതിനെ പിന്തുണക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും സാറ്റ്‌സ് കൊച്ചിന്‍ എയര്‍പോര്‍ട്ടിലേക്കുള്ള പ്രവേശനത്തിന് ശ്രമം തുടങ്ങിയിട്ടുള്ളത്. സിംഗപൂര്‍ ഇടപെടല്‍ കാരണമാണ് എയര്‍ ഇന്ത്യയുടെ ലാഭവിഹിതം കുറയാന്‍ കാരണമായതെന്ന ചിന്തയും ശക്തമാണ്. എയര്‍ ഇന്ത്യ നേരിട്ടു കൈകാര്യം ചെയ്തിരുന്ന ഡല്‍ഹി, ഹൈദ്രാബാദ്, ബംഗളൂരു എയര്‍പോര്‍ട്ടുകളിലാണ് ഇപ്പോള്‍ സാറ്റ്‌സിന്റെ കൂടി പങ്കാളിത്തത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കരാര്‍ ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റേയും എയര്‍ഇന്ത്യയുടേയും ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മഹേഷ് ശര്‍മ്മ മുന്‍ സഹ മന്ത്രിയായിരുന്ന സമയത്ത് ചില ഫലപ്രദമായ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്തും മുമ്പ് അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നു. രണ്ടാം തവണ എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ സി ഇ ഒ സ്ഥാനം എയര്‍ ഇന്ത്യന്‍ പ്രതിനിധിക്ക് കൈമാറേണ്ടിയിരുന്നുവെങ്കിലും അതുണ്ടാകാതെ ഡല്‍ഹിയില്‍ ചുമതലയുണ്ടായിരുന്ന സിംഗപൂര്‍ ഉദ്യോഗസ്ഥനെ സി ഇ ഒ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു.