രക്ഷയുടെ ഗുഡ്‌വില്‍ അംബാസിഡറായി ജയസൂര്യ
അപകടങ്ങള്‍ ആര്‍ക്കാണ് എപ്പോഴാണ് സംഭവിക്കുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല. ആര്‍ക്കായാലും അപകടം സംഭവിച്ചാലുടന്‍ ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ മിക്കപ്പോഴും അപകടം സംഭവിക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലസന്‍സ് കിട്ടാറില്ല. അതല്ലെങ്കില്‍ വളരെ നേരം കഴിഞ്ഞായിരിക്കും വാഹനം സ്ഥലത്തെത്തുന്നത്. എന്നാല്‍ ഈ ആശങ്കകളൊക്കെ രക്ഷയുടെ വരവോടെ ഇല്ലാതായിരിക്കുകയാണ്. അപകടം പറ്റുന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സ് സംവിധാനമാണ് രക്ഷ. അപകടം പറ്റിയില്‍ മൂന്നേ മൂന്ന് മിനിറ്റ്. ഇതിനകം വാഹനം നിങ്ങളുടെ അടുത്ത് പാഞ്ഞെത്തും.
102 എന്ന ടോള്‍ ഫ്രീ നമ്പരിലാണ് ഇതിനായി വിളിക്കേണ്ടത്. ചലച്ചിത്ര താരം ജയസൂര്യ ആണ് രക്ഷയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ എന്നതാണ് മറ്റൊരു കാര്യം. ചലച്ചിത്രതാരം എന്നതിലുപരി ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന ജയസൂര്യക്ക് ഇതിനോടകം തന്നെ മികച്ച സാമൂഹിക പ്രവര്‍ത്തകനുമാകാന്‍ കഴിഞ്ഞിട്ടുണ്ട്.
രക്ഷയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്വന്തം ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ താരം വിവരിച്ചിട്ടുണ്ട്. ജയസൂര്യയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍: ആരെങ്കിലും അപകടത്തില്‍ പെട്ടാല്‍ നേരത്തെ നമ്മള്‍ 102 വിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ലാരുന്നു, അപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ നമ്മള്‍ വിളിക്കും. അവിടെ ആംബുലന്‍സ് ഇപ്പോള്‍ ഫ്രീയല്ല എന്ന് പറയുമ്പോള്‍ അടുത്ത ആശുപത്രിയുടെ നമ്പര്‍ തപ്പിപ്പിടിച്ചു വിളിക്കും, അവസാനം ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ട്ടറുടെ ആ ഡയലോഗ് കേള്‍ക്കാം. ഒരു പത്തുമിനിട്ട് മുമ്പ് കൊണ്ടുവന്നിരുന്നെങ്കില്‍ ...എന്ന് ,
ഇനി മുതല്‍ ആര്‍ക്ക് എവിടെ വച്ച് അപകടം പറ്റിയാലും നിങ്ങള്‍ ധൈര്യമായി 102 വിളിക്കുക. കണ്‍ട്രോള്‍ റൂമിലിരിക്കുന്ന ആളുകള്‍ക്ക് ( അവര്‍ ഇതു പോലെ അപകടം പറ്റിയവരാന് ,അത് കൊണ്ട് സമയത്തിന്റെ വില നന്നായി അറിയാം) ജി പി എസ് വഴി എത്ര ആംബുലന്‍സ് ആ പരിസരങ്ങളില്‍ ഉണ്ടെന്നറിയാം. കൊച്ചിയില്‍ മാത്രം 50 ആംബുലന്‍സ് ഉണ്ട്. അതുകൊണ്ട് വിളിക്കുന്ന ഭാഗത്തേക്ക്, ഒരു മൂന്നു മിനിറ്റ് കൊണ്ട് ആ സ്‌പോട്ടിലേക്ക് ആംബുലന്‍സ് എത്തിക്കാനുള്ള സംവിധാനമാണ് ഈ 'രക്ഷ'
രക്ഷയുടെ ഗുഡ്‌വില്‍ അംബാസിഡറാവാന്‍ കഴിഞ്ഞതിലും ജയസൂര്യം ഏറെ സന്തോഷം പ്രകടിപ്പിക്കുന്നു. പാലക്കാട്, കാലിക്കട്ട്, കണ്ണൂര്‍, മലപ്പുറം, വയനാട് ,കൊച്ചി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇത് നിലവിലുള്ളത്. ഉടന്‍ തന്നെ കേരളം മുഴുവനും ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. നിരവധി പേരുടെ ജീവനാണ് ഇതുവരെ രക്ഷയുടെ സഹായത്തില്‍ രക്ഷിക്കാനായിട്ടുള്ളത്. വാഹനങ്ങളുടെ എണ്ണവും അപകടങ്ങളുടെ എണ്ണവും അനുദിനം കൂടിവരുന്ന നമ്മുടെ സംസ്ഥാനത്ത് രക്ഷ പോലുള്ള സംവിധാനങ്ങള്‍ വളരെ അത്യന്താപേക്ഷിതമാണ്.