തനി നാടന്‍ രുചിയുമായി ആരതി
എവിടെ കിട്ടും നല്ല നാടന്‍ ഭക്ഷണം, അതും മിതമായ വിലയക്ക്? കൊച്ചിയെന്ന മഹാനഗരത്തില്‍ എത്തുന്ന എല്ലാവരും പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ചോദിക്കുന്ന ചോദ്യമാണ്. ഇതിനുള്ള പരിഹാരമായാണ് ആരതി ബി നായര്‍ 'മാമൂസ്' എന്ന് പേരില്‍ മൊബൈല്‍ ഫുഡ് യുണിറ്റ് കൊച്ചിയില്‍ തുടങ്ങിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാട്ടുകാരുടെ മനം കീഴടക്കിയ ആരതിയുടെ 'മാമൂസ്' കുടുംബശ്രീയുടെ കീഴില്‍ കേരളത്തില്‍ തുടങ്ങുന്ന ആദ്യ മൊബൈല്‍ ഫുഡ് യൂണിറ്റ് കൂടിയാണ്.
വിജയത്തിന്റെ രസകൂട്ട്
ന്യായമായ വിലയും, ഉന്നത ഗുണനിലവാരവുമുള്ള ഉല്‍പന്നങ്ങളും, മികച്ച സേവനവും ഇതാണ് മാമൂസിന്റെ വിജയരഹസ്യം. ദോശ, അപ്പം, കട്ട്‌ലെറ്റ്, ഊത്തപ്പം, കപ്പ ബിരിയാണി, പീസ് കറി, ചപ്പാത്തി, ഇറച്ചി എന്നിവയാണ് പ്രധാനപ്പെട്ട വിഭവങ്ങള്‍. 'ചൂടോടെ ആണ് ഞങ്ങള്‍ ഭക്ഷണം വിളമ്പുന്നത്. കറികള്‍ വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ട് വരും. ഒരിക്കല്‍ ഭക്ഷണം കഴിച്ചവര്‍ വീണ്ടും കുടുംബത്തോടെ വരാറുണ്ട്. ശരാശരി നൂറിലധികം ആള്‍ക്കാര്‍ ഒരു ദിവസം വരുന്നുണ്ട് 'ഇരുപത്തിയൊന്നുകാരിയായ ആരതി പറയുന്നു.
തനി നാടന്‍ രുചി
ആഹാരത്തിന്റെ ഗുണമേന്മയില്‍ ഒരു തരത്തിലും ഉള്ള വിട്ടുവീഴ്ചയില്ല, ആരതി വ്യക്തമാക്കുന്നു. 'എന്റെ ലക്ഷ്യം വീട്ടില്‍ ഉണ്ടാക്കുന്നത് പോലെ ഉള്ള ഭക്ഷണം ജനങ്ങള്‍ക്കും കൊടുക്കുക എന്നതാണ്. തനി നാടന്‍ രുചികൂട്ടാണ് ഇവിടെ ഉപയോഗിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന്ന് ഞങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു,' അവര്‍ പറഞ്ഞു. വൈകിട്ട് ആറു മണിക്ക് തുറക്കുന്ന മാമൂസ്, സാധനങ്ങള്‍ തീരുന്നത് വരെ കച്ചവടം നടത്തും. സാധാരണ രാത്രി പതിനൊന്നര വരെ പ്രവര്‍ത്തിക്കും.
അമ്മ തന്നെ വഴികാട്ടി
ആരതിയുടെ മുന്ന് വര്‍ഷത്തെ അധ്വാനമാണ് 'മാമൂസ്'. അമ്മയായ ഗീതയോട് ഒപ്പമാണ് ആരതി മൊബൈല്‍ ഫുഡ് യുണിറ്റ് നടത്തുന്നത്.'ഭക്ഷണരംഗത്തേക്ക് വരാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. ഒരു മാര്‍ഗ്ഗദര്‍ശിയായി എന്നെ കൊണ്ട് പല ജോലികള്‍ ചെയ്യിപ്പിച്ചു, പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു. അമ്മയുടെ അളവറ്റ പിന്തുണയാണ് ഈ നിലയില്‍ മാമൂസിനെ എത്തിച്ചതും. എല്ലാ കാര്യങ്ങളിലും, പാചകം മുതല്‍ നടത്തിപ്പ് വരെ അമ്മ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്,' ആരതി പറയുന്നു.
നല്ല ആഹാരം എന്ന ആഗ്രഹം
ജനങ്ങള്‍ക്ക് നല്ല ആഹാരം കൊടുക്കുവാനുള്ള ആഗ്രഹമാണ് ആരതിയെ ഈ രംഗത്തേക്ക് വരാന്‍ പ്രോത്സാഹിപ്പിച്ചത്. അത് കൊണ്ടാണ് ഫാഷന്‍ ഡിസൈനിങ്ങ് വിദ്യാര്‍ത്ഥിയായ ആരതി വ്യോമയാന പഠിത്തം പൂര്‍ത്തിയാക്കിയത്തിന് ശേഷവും ഹോട്ടല്‍ ബിസിനസിലേക്ക് കടന്നു വന്നത്.
വെല്ലുവിളികളെ അതിജീവിക്കുന്നു
പത്തു വര്‍ഷത്തിലധികമായി ആരതിയുടെ കുടുംബം തൃപൂണിത്തുറ കേന്ദ്രമാക്കി കട്ട്‌ലെറ്റ് ബിസിനസ് ചെയ്തു വരുന്നു. 'കട്ട്‌ലെറ്റ് ബിസിനസിന്റെ വിപുലികരണമാണ് ഹോട്ടല്‍ എന്ന് ആശയത്തിലേക്ക് നയിച്ചത്. പക്ഷെ സ്ഥല ലഭ്യത, പണം എന്നിവ പ്രശ്‌നമായി നിന്നു. ഹോട്ടല്‍ തുടങ്ങുവാന്‍ സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ ആണ് മൊബൈല്‍ യുണിറ്റ് എന്ന ആശയം ഉദിച്ചത്.
കൊച്ചി നഗരത്തില്‍ വാടക സ്ഥലത്തിന് ഭീമമായ തുകയാണ് ചോദിക്കുന്നത്. പിന്നെ അനുബന്ധ ചിലവുകള്‍ കൂടുതലും. ഇനി സ്ഥലം കിട്ടിയാല്‍ തന്നെ ബിസിനസ് എങ്ങനെ പുരോഗമിക്കും എന്ന് യാതൊരു ഉറപ്പുമില്ല. അങ്ങനെയാണ് മൊബൈല്‍ ഫുഡ് യുണിറ്റ് തുടങ്ങിയത്,' ആരതി പറഞ്ഞു. എട്ടു ലക്ഷം രൂപ മുതല്‍മുടക്കിയാണ് ആരതി ഈ സംരംഭം ആരംഭിച്ചത്. എസ്.ബി.ഐ ബാങ്ക് ലോണും, കുടുംബശ്രീയുടെ എറണാകുളം ജില്ല കോഓര്‍ഡിനേറ്റര്‍ ടാനി തോമസും ആണ് പദ്ധതി നടപ്പിലാക്കാന്‍ സഹായിച്ചത്.
ജോലി ഒരു അനുഭവം
സ്ഥിരോത്സാഹിയായ ആരതി പഠിക്കുന്നതിനോട് ഒപ്പം വിവിധ ജോലികള്‍ പാര്‍ട്ട് ടൈം ആയി ചെയ്തു. ആദ്യം ഒരു ഹോട്ടലില്‍ പരിചാരകയായി, പിന്നെ റിക്രൂട്ടിംഗ് സ്ഥാപനത്തില്‍ ഓഫീസര്‍, കോഫി ഷോപ്പില്‍ സേല്‍സ് ഗേള്‍ അങ്ങനെ പലതും. 'ഈ ജോലികള്‍ ബിസിനസ് തുടങ്ങിയപ്പോള്‍ ഒരുപാടു സഹായിച്ചിട്ടുണ്ട്. 'ആദ്യം ഭക്ഷണമേഖലയിലെ പുതിയ പ്രവണതകളെ പറ്റി കൂടുതല്‍ അറിയാന്‍ സാധിച്ചു. പിന്നെ കുറെ നല്ല സുഹൃത്ത് ബന്ധങ്ങള്‍, ഉപഭോക്തക്കളുമായി എങ്ങനെ ആശയവിനിമയം നടത്തണം എന്നിവ പഠിച്ചു. ശരിക്കും ബിസിനസിലെ ബാലപാഠങ്ങള്‍ ആയിരുന്നു അതൊക്കെ,' ആരതി പറയുന്നു. രണ്ടു വര്‍ഷത്തോളമായി ആരതി ഇവന്റെ മാനേജ്‌മെന്റ്‌റും രംഗത്തും സജീവമാണ്.
എപ്പോഴും നാട്ടുകാര്‍ക്ക് വേണ്ടി
മൊബൈല്‍ യുണിറ്റ് ആയതിനാല്‍ ജനങ്ങളുടെ അവശ്യപ്രകാരം നല്ല ഭക്ഷണശാല ഇല്ലാത്ത സ്ഥലങ്ങില്‍ എത്താനും, ഏതെങ്കിലും പരിപാടി നടക്കുന്ന പ്രദേശങ്ങളില്‍ പോകാനും കഴിയുന്നു, അവര്‍ പറഞ്ഞു. തൃപൂണിത്തുറ, വൈറ്റില, ലുലു മാള്‍ പരിസരങ്ങളില്‍ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ മാമൂസ് ഉണ്ടാകും. പലപ്പോഴും മത്സരപരീക്ഷകള്‍ നടക്കുന്ന ഇടങ്ങളില്‍ നല്ല ഭക്ഷണം ലഭിക്കാറില്ല. അത്തരം ദിവസങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ മാമൂസ് എത്തും.
ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇപ്പോള്‍ മാമൂസ് എസ് എന്‍ ജങ്ക്ഷന്‍ റിഫൈനറി റോഡിന് സമീപമുള്ള ചോയ്‌സ് പാരഡൈസ് ഫഌറ്റിനു മുമ്പില്‍ സ്ഥിരമായി സേവനം നടത്തുന്നു. യുവാക്കളും കുടുംബവുമാണ് മാമൂസിന്റെ പ്രധാന ഉപഭോക്താക്കള്‍. 'അവരില്‍ നിന്നും നല്ല പെരുമാറ്റവും പിന്തുണയുമാണ് ലഭിക്കുന്നത്,' ആരതി കൂട്ടിച്ചേര്‍ത്തു.' ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ സ്വന്തം അഭിരുചി ആദ്യം കണ്ടെത്തണം ആരതിയുടെ വിജയം സാക്ഷ്യപെടുത്തുന്നു.